താരിഖ് അന്‍വറിനോട് ഒരു പേരും നിര്‍ദ്ദേശിക്കാതെ ഗ്രൂപ്പുകള്‍; ‘അധ്യക്ഷനെയും ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ’

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരുവണമെന്ന താല്‍പര്യം ആരായാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് പേര് നിര്‍ദ്ദേശിക്കാതെ ഗ്രൂപ്പുകള്‍. കേന്ദ്ര നേതൃത്വം തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് നേതാക്കള്‍ താരിഖ് അന്‍വറിനെ അറിയിച്ചിരിക്കുന്നത്.

ഹൈക്കമാന്‍ഡ് തീരുമാനം എടുത്ത് കഴിഞ്ഞ ശേഷം താരിഖ് അന്‍വര്‍ നേതാക്കളുടെ അഭിപ്രായം തേടുന്നത് തങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന വിമര്‍ശനം എ, ഐ ഗ്രൂപ്പുകള്‍ക്കുണ്ട്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളോടെല്ലാം കെപിസിസി അധ്യക്ഷന്‍ ആരാകണമെന്ന കാര്യത്തില്‍ അഭിപ്രായം ചോദിച്ചെങ്കിലും ആരും ഒന്നും മിണ്ടിയില്ല. ഹൈക്കമാന്‍ഡിന് ഇഷ്ടമുള്ള തീരുമാനം എടുക്കാമെന്നായിരുന്നു നേതാക്കളുടെ മറുപടി.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിലെ വിയോജിപ്പാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അഭിപ്രായം പ്രകടിപ്പിക്കാതെ മാറി നില്‍ക്കുന്നതിന് പിന്നിലെന്നാണ് സൂചന.

തെരഞ്ഞെടുത്തതിന് പിന്നാലെ തന്നെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്ന നടപടികളിലേക്ക് ഹൈക്കമാന്‍ഡ് കടന്നതാണ്. എങ്കിലും ഇപ്പോഴും ആരാവണം അധ്യക്ഷന്‍ എന്നതില്‍ ആശയക്കുഴപ്പത്തിലാണ് ഹൈക്കമാന്‍ഡ്. തുടര്‍ന്നാണ് നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ താരിഖ് അന്‍വറിനെ ചുമതലപ്പെടുത്തിയത്. മുതിര്‍ന്ന നേതാക്കളെയും ഭാരവാഹികളെയും കണ്ട് നിലപാട് ആരായാനായിരുന്നു നിര്‍ദ്ദേശം. എത്രയും പെട്ടെന്ന് തന്നെ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്. എന്നാല്‍, ഗ്രൂപ്പുകള്‍ പേര് നിര്‍ദ്ദേശിക്കാത്തതോടെ ഹൈക്കമാന്‍ഡ് വെട്ടിലായിരിക്കുകയാണ്.

നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് മുന്നോട്ട് വെച്ചിരുന്നില്ല. അണികളുടെ വിശ്വാസം നേടാന്‍ നേതൃത്വത്തിനായില്ലെന്നായിരുന്നു ചവാന്‍ സമിതിയുടെ വിലയിരുത്തല്‍.

Also Read: ‘ഈ ബഹളങ്ങളുടെ ലക്ഷ്യം വികസനമല്ല, അത് മറ്റ് താല്‍പര്യങ്ങളാണെന്ന് വ്യക്തം’; ലക്ഷദ്വീപ് വിവാദത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍

നേതാക്കളില്‍ കെ സുധാകരനാണ് പ്രവര്‍ത്തകരുടെ പിന്തുണയുള്ളതെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. കെ സുധാകരന്റെ പേരാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ കൂടുതല്‍ പേരും നിര്‍ദേശിച്ചത്. എന്നാല്‍ കെ സുധാകരനെ ഒരു വിഭാഗം എതിര്‍ക്കുന്നു.

സുധാകരന്റെ ശൈലി ഭാവിയില്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുന്നതാണെന്ന് ഈ വിഭാഗം ആരോപിക്കുന്നു. ഈ വിഭാഗം അടൂര്‍ പ്രകാശിന്റെയും കെ ബാബുവിന്റെയും പേരാണ് നിര്‍ദേശിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷിന്റെ പേരും പരിഗണനയിലുണ്ട്.