കെ ആര്‍ ഗൗരിയമ്മ: കേരള രാഷ്ട്രീയത്തിന്റെ വിപ്ലവ ചരിത്രം

‘കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാല്‍, അവള്‍ ഭദ്രകാളി
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങള്‍ ഭയമാറ്റി വന്നു.’

സിപിഐഎമ്മില്‍ നിന്ന് ഗൗരിയമ്മയെ പുറത്താക്കിയ സമയത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ ഗൗരി എന്ന കവിതയിലെ ആദ്യ വരികളാണിത്. കേരളത്തിലെ ഏറ്റവും കരുത്തരായ രാഷ്ട്രീയനേതാക്കളില്‍ മുന്‍നിരയിലാണ് കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരി എന്ന കെ ആര്‍ ഗൗരിയമ്മയുടെ സ്ഥാനം. കേരള രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന ചരിത്രം കൂടിയാണ് അവര്‍ക്കൊപ്പം വിടവാങ്ങിയത്.

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിലെ നിര്‍ണ്ണായകസ്വാധീനമാണ് കെ ആര്‍ ഗൗരിയമ്മ. നിയമവിദ്യാഭ്യാസം തെരഞ്ഞെടുക്കാന്‍ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിലും അവരുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു ഗൗരിയമ്മയുടെ ജ്യേഷ്ഠസഹോദരന്‍ സുകുമാരന്‍. എറണാകുളം മഹാരാജാസ് കോളേജിലേയും ലോ കോളേജിലേയും വിദ്യാഭ്യാസ കാലത്ത് തൊട്ടേ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവം. 1947ല്‍ 28-ാം വയസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി. 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളില്‍ പ്രാതിനിധ്യം. കേരളസംസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നു.

1957ല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി നിലവില്‍ വന്ന ആദ്യ കേരള മന്ത്രിസഭയിലെ റെവന്യൂ, എക്‌സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതല. റെവന്യൂ വകുപ്പുമന്ത്രി എന്ന നിലയില്‍ ഗൗരിയമ്മയായിരുന്നു ഭൂപരിഷ്‌കരണ നിയമം (1957), കേരള സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം (1958) എന്നിവ നിയമസഭയില്‍ അവതരിപ്പിച്ചതും പാസ്സാക്കിയതും നടപ്പില്‍ വരുത്തിയതും. കേരളത്തിന്റെ പില്‍ക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിര്‍ണ്ണയിക്കുന്നതില്‍ ഈ ബില്ലുകള്‍ വഹിച്ച പങ്ക് ഇന്നും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. 1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി വി തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സപിഐഎമ്മിലും ചേര്‍ന്നു.

വിമോചന സമരകാലത്ത് മുഴങ്ങിക്കേട്ട ‘ഗൗരിച്ചോത്തി പെണ്ണല്ലേ പുല്ലുപറിയ്ക്കാന്‍ പൊയ്ക്കൂടെ’ എന്ന മുദ്രാവാക്യത്തിന് മറുപടിയായി പിന്നീട് ‘കേരം തിങ്ങും കേരളനാട്ടില്‍ കെ ആര്‍ ഗൗരി ഭരിക്കട്ടേ’ എന്ന വാക്കുകള്‍ മുഴങ്ങി. കേരളചരിത്രത്തില്‍ സ്ത്രീത്വത്തോട് കൂടി പാലിക്കപ്പെടാതിരുന്ന ഒരു വാക്കായി സിപിഐഎമ്മിനെ അത് ഇപ്പോഴും വേട്ടയാടുന്നു.

1960 മുതല്‍ 1984 വരെ കര്‍ഷക സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ് പദവി വഹിച്ചു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇടത് മുന്നണി ജയിച്ചാല്‍ കെ ആര്‍ ഗൗരിയമ്മ മുഖ്യമന്ത്രിയാകും എന്നായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ജയിച്ചു. ഇ കെ നായനാര്‍ നിയമസഭാ കക്ഷി നേതാവായും മുഖ്യമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. മുന്നണിയും പാര്‍ട്ടിയും ചെയ്ത വഞ്ചനയായാണ് അണികള്‍ പോലും ഈ അട്ടിമറി നീക്കത്തെ കണ്ടത്. അവഗണനയില്‍ അമര്‍ഷം പൂണ്ട് ഗൗരിയമ്മ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോകുക വരെയുണ്ടായി. പാര്‍ട്ടി ഇടപെടലില്‍ ഗൗരിയമ്മ അയഞ്ഞു. നായനാര്‍ മന്ത്രിസഭയില്‍ വ്യവസായം, എക്‌സൈസ് വകുപ്പുകള്‍ സ്വീകരിച്ചു. പക്ഷെ, തുടര്‍ന്നങ്ങോട്ട് പാര്‍ട്ടിയുമായുള്ള ഉരസലുകള്‍ തുടര്‍ന്നു. എക്‌സൈസ് നയങ്ങളില്‍ പ്രതിഷേധിച്ച് സിഐടിയു ഗൗരിയമ്മക്കെതിരെ രംഗത്തുവന്നു. മികച്ച എംഎല്‍എയ്ക്കുള്ള ബഹുമതി ലഭിച്ചതിനേത്തുടര്‍ന്ന് ചേര്‍ത്തലയില്‍ ഗൗരിയമ്മക്ക് സ്വീകരണയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മറ്റ് പാര്‍ട്ടിക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു എന്ന പേരില്‍ പാര്‍ട്ടിയില്‍ വിമര്‍ശനമുയര്‍ന്നു. അച്ചടക്കലംഘനമാണ് നടത്തിയതെന്ന വിലയിരുത്തലുണ്ടായി. ഗൗരിയമ്മ സിപിഐഎമ്മിലെ വിവരങ്ങള്‍ പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണെന്ന ആരോപണങ്ങളുണ്ടായി.

എകെ ആന്റണി സര്‍ക്കാര്‍ നല്‍കിയ സ്വാശ്രയസമിതി അദ്ധ്യക്ഷ സ്ഥാനം ഗൗരിയമ്മ സ്വീകരിച്ചതോടെയാണ് പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ മൂര്‍ധന്യത്തിലെത്തുന്നത്. സ്ഥാനമൊഴിയണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം ഗൗരിയമ്മ തള്ളി. സ്വാശ്രയ സമിതി അദ്ധ്യക്ഷസ്ഥാനം ഒഴിയാതിരുന്ന ഗൗരിയമ്മയെ സിപിഐഎം ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ആലപ്പുഴ ജില്ലാ കമ്മിറ്റി ഗൗരിയമ്മക്കെതിരെ തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. 1994ല്‍ സിപിഐഎം കെ ആര്‍ ഗൗരിയെ പുറത്താക്കി. ആ വര്‍ഷം തന്നെ ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതിയെന്ന (ജെഎസ്എസ്) പുതിയ പാര്‍ട്ടി രൂപീകരിച്ചു. 94 മുതല്‍ യുഡിഎഫ് ഘടകകക്ഷിയായി.

2001-2004 കാലയളവില്‍ കൃഷി, കയര്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2004-2006ല്‍ മൃഗസംരക്ഷണം കൂടി ഏറ്റെടുത്തു. 2006ലാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗൗരിയമ്മ തന്റെ മണ്ഡലമായ അരൂരില്‍ തോല്‍വി അറിയുന്നത്. സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ എം ആരിഫിനോട് ഗൗരിയമ്മ പരാജയപ്പെട്ടു. 1977ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ നിന്ന് സിപിഐയിലെ പി എസ് ശ്രീനിവാസനോടാണ് അതിന് മുമ്പ് ഗൗരിയമ്മ തോറ്റത്. 1960ലും 67ലും നിയമസഭയിലേക്ക് അയച്ച അരൂര്‍ 1980ല്‍ വീണ്ടും ഗൗരിയമ്മയെ സ്വീകരിച്ചു. പിന്നീട് നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി പ്രാതിനിധ്യം. 1996ലും 2001ലും ജെഎസ്എസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചു. 2011ല്‍ ചേര്‍ത്തലയില്‍ നിന്ന് സിപിഐയുടെ പി തിലോത്തമനോട് പരാജയപ്പെട്ടതോടെ 92-ാം വയില്‍ കെ ആര്‍ ഗൗരിയമ്മ മത്സരം മതിയാക്കി.

2016ല്‍ യുഡിഎഫുമായി പിണങ്ങിയ ഗൗരിയമ്മയെ എല്‍ഡിഎഫ് ഒപ്പം നിര്‍ത്തി ക്ഷണിതാവാക്കി. ഇതിനിടെ ജെഎസ്എസ് രണ്ടായി പിളര്‍ന്നു. ഗൗരിയമ്മയെ തിരിച്ച് പാര്‍ട്ടിയിലെത്തിക്കണമെന്ന ആഗ്രഹം വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായിരുന്നു.