ഒരു ഈഴവ സ്ത്രീ ജീവിതം രാഷ്ട്രീയ കേരളത്തിന് പാഠപുസ്തകമായ കഥ

നൂറ്റി മൂന്നാമത്തെ വയസില്‍ അന്തരിച്ച കെആര്‍ ഗൗരിയമ്മ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ എങ്ങനെയാകും രേഖപ്പെടുത്തപ്പെടുക, അല്ലെങ്കില്‍ രേഖപ്പെടുത്തപ്പെടേണ്ടത് എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങള്‍ ഉണ്ടാകും. കാരണം വ്യത്യസ്തരായ ജനലക്ഷങ്ങളെ അത്രമേല്‍ സ്വാധീനിച്ച ഒരു രാഷ്ട്രീയ ജീവിതമാണത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭൂപരിഷ്‌കരണവും പാര്‍ട്ടി വിമതയും ജെഎസ്എസും യുഡിഎഫ് പ്രവേശനവും എന്ന സാമാന്യ വായനകളെ മറികടക്കുന്നതാണ് ആ ജീവിതവും രാഷ്ട്രീയവും.

സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തിലെ സവര്‍ണ- പുരുഷാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ആ ഈഴവ സ്ത്രീയുടെ രാഷ്ട്രീയ പ്രവേശനം തന്നെ.

മര്‍ദ്ദിതരുടെ വിമോചന പ്രതീക്ഷയുമായി കടന്നു വന്ന, കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയും ചെയ്ത ഒരുഘട്ടത്തില്‍ ആ പാര്‍ട്ടിയുടെ പതാകയേന്താന്‍ ധൈര്യം കാട്ടിയ വിദ്യാര്‍ത്ഥിനി ആയാണ് അവരുടെ രാഷ്ട്രീയ പ്രവേശനം. ഈഴവ സമുദായത്തില്‍ നിന്ന് നിയമ വിദ്യാഭ്യാസം തെരഞ്ഞെടുക്കുകയും ബിരുദം നേടുകയും ചെയ്ത ആദ്യ തലമുറ സ്ത്രീയെന്ന പ്രാധാന്യവുമുണ്ട്.

1946-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ഗൗരിയമ്മ അനുഭവിച്ച തടവിനും മര്‍ദ്ദനങ്ങള്‍ക്കും കണക്കില്ല. ‘ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു’ എന്ന വാക്കുകള്‍ അവര്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

1948-ല്‍ ആദ്യ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് നാല് പതിറ്റാണ്ടുകാലം നിയമസഭാംഗമായി. അഞ്ച് മന്ത്രിസഭകളില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായി. 1957-ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാര്‍ഷിക ബന്ധ ബില്‍ തന്നെയാണ് ഗൗരിയമ്മയുടെ പ്രധാനപ്പെട്ട സംഭാവന. എന്നാല്‍ ആ ബില്‍ തന്നെയാണ് വിപ്ലവകരമായ ഭൂപരിഷ്‌കരണം നടപ്പാക്കിയ കേരളത്തില്‍ ദലിത് വിഭാഗങ്ങളെ ഭൂരഹിതരും കോളനിവാസികളുമായതിന് തുടക്കമിട്ടത് എന്ന വിമര്‍ശനം 1990 കളില്‍ ഉയര്‍ന്നു വന്നു.

1970-ല്‍ വെള്ളം ചേര്‍ത്ത ഭൂപരിഷ്‌കരണം നടപ്പായപ്പോള്‍ ഈഴവര്‍ മുതല്‍ മുകളിലേക്കുള്ള കുടിയാന്മാര്‍ക്ക് ഏക്കര്‍ കണക്കിന് ഭൂമി ലഭ്യമായപ്പോള്‍ ദലിതര്‍ക്ക് ലഭിച്ചത് നാമമാത്രമായ കുടികിടപ്പ് ഭൂമി മാത്രമായിരുന്നു. ഭൂമിയുടെ അവകാശത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ദലിതര്‍ കോളനികളിലേക്കും തുണ്ടു ഭൂമികളിലേക്കും ഒതുക്കപ്പെട്ടു. ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുകയും ചെയ്തു. ദലിതരില്‍ നിന്ന് ഭൂമി വേണമെന്ന ആവശ്യം ഉയര്‍ത്താന്‍ അന്ന് ആരുമുണ്ടായിരുന്നില്ല എന്നായിരുന്നു വിമര്‍ശനങ്ങള്‍ക്ക് ഗൗരിയമ്മയുടെ മറുപടി.

എന്നാല്‍ ഇത് ഗൗരിയമ്മയുടെ പ്രശ്‌നമായിരുന്നില്ല. ഭൂപരിഷ്‌കരണത്തെക്കുറിച്ചും വിതരണത്തെക്കുറിച്ചുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടിന്റെയും സാമൂഹിക പക്ഷപാതിത്വത്തിന്റെയും പ്രശ്‌നമായിരുന്നു. പാര്‍ട്ടിയുടെ ‘വര്‍ഗ നിലപാട്’ പലപ്പോഴും സാമൂഹിക നീതിയുടെ നിഷേധവും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ പുറന്തള്ളലുമായി മാറിയിട്ടുണ്ട്. ഇത് ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ സാമൂഹിക നീതി നിഷേധത്തെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഗൗരിയമ്മയടക്കമുള്ള പിന്നോക്ക സമുദായങ്ങളില്‍ നിന്നുള്ള നേതാക്കള്‍ മറികടക്കാന്‍ ഇടപെട്ട സന്ദര്‍ഭങ്ങളുമുണ്ട്. അതില്‍ പ്രധാനം 1958ല്‍ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഇഎംഎസ് അധ്യക്ഷനായ ഭരണപരിഷ്‌കര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ പരാജയപ്പെടുത്തിയതാണ്.

ഇഎംഎസ് നമ്പൂതിരിപ്പാടിന് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പിന്നീട് പാര്‍ട്ടി വിടുകയും ചെയ്ത പി ഗംഗാധരന്‍ 1973ല്‍ അയച്ച കത്തില്‍ നിന്ന്: ‘സാമ്പത്തിക സംവരണം ഈ ലോകത്ത് ആദ്യമായി അവതരിപ്പിച്ചത് സഖാവ് തന്നെയാണ്. 1958-ലെ ഭരണപരിഷ്‌കാര റിപ്പോര്‍ട്ട് നിങ്ങളുടെ ഒരു കുറിപ്പില്‍ കൂടിയാണ് അത് ലോകമറിഞ്ഞത്. നിങ്ങളുടെ സ്വന്തം അഭിപ്രായം എന്ന നിലക്ക് പാര്‍ട്ടി അന്നത് തള്ളിക്കളഞ്ഞതാണ്’. അത് തള്ളിക്കളയുവാന്‍ പാര്‍ട്ടിക്കുള്ളില്‍ സമരം ചെയ്തത് പി ഗംഗാധരനും ഗൗരിയമ്മയും ഉള്‍പ്പെടുന്ന പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള നേതാക്കളുമാണ്.

1967-ല്‍ വീണ്ടും ഇഎംഎസ് അധികാരത്തില്‍ വന്നപ്പോള്‍ നിയോഗിച്ച നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ 1970 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 8000 രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള പിന്നാക്ക സമുദായക്കാര്‍ക്ക് സംവരണം നല്‍കരുതെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇഎംഎസ് അവതരിപ്പിച്ച സാമ്പത്തിക സംവരണ വാദമാണ് പില്‍ക്കാലത്ത് സവര്‍ണ സമുദായ സംഘടനകള്‍ ഏറ്റെടുത്തത്. ക്രീമിലെയറായും മുന്നോക്ക സംവരണമായും നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്.

ഏതായാലും സംവരണ തര്‍ക്കം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് സിപിഎമ്മിലും വലിയ ചേരിതിരിവുകള്‍ക്ക് കാരണമായി. അതിന്റെ ഭാഗമായാണ് പാര്‍ട്ടിക്കുള്ളിലെ സവര്‍ണ മേല്‍ക്കോയ്മക്കെതിരെ കലാപമുയര്‍ത്തി പുറത്തുവന്ന പി ഗംഗാധരന്‍ എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ പിന്തുണയോടെ എസ്ആര്‍പി രൂപീകരിച്ചത്. അതിന്റെ മറ്റൊരു രൂപത്തിലുള്ള ആവര്‍ത്തനമായിരുന്നു ഗൗരിയമ്മയുടെ പുറത്താക്കലും ജെഎസ്എസ് രൂപീകരണവും.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി എന്ന് കൂടി ഗൗരിയമ്മയെ ചരിത്രം രേഖപ്പെടുത്തേണ്ടതായിരുന്നു. 1987ല്‍ ‘കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഭരിക്കട്ടെ’ എന്ന ചുവരെഴുത്തുകള്‍ നടത്തിയത് സിപിഎമ്മുകാര്‍ തന്നെയായിരുന്നു. പാര്‍ട്ടിയില്‍ അങ്ങനെ ഒരു ധാരണ രൂപപ്പെടുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിച്ചപ്പോള്‍ മുഖ്യമന്ത്രിയായത് ഇ കെ നായനാര്‍ ആയിരുന്നു. കമ്യൂണിസ്റ്റുകാരുടേതടക്കമുള്ള കേരളീയ ജനാഭിലാഷത്തെ അന്ന് പരാജയപ്പെടുത്തിയത് പ്രതിപക്ഷമായിരുന്നില്ല, പാര്‍ട്ടിയില്‍ ശക്തമായിരുന്ന സവര്‍ണ പുരുഷാധിപത്യമായിരുന്നു.

ഇഎംഎസ് തന്നെയായിരുന്നു തന്നെ ഒഴിവാക്കാന്‍ ഗൂഢ നീക്കത്തിന് നേതൃത്വം നല്‍കിയതെന്ന് ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ട്. ഇഎംഎസ് തനി ജാതിവാദി ആയിരുന്നുവെന്നും വിമര്‍ശിച്ചിട്ടുണ്ട്.

ഒരര്‍ത്ഥത്തില്‍ 1958 ലെ സാമ്പത്തിക സംവരണ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ഗൗരിയമ്മയെ ഒഴിവാക്കല്‍. പാര്‍ട്ടിയിലെ സവര്‍ണ പുരുഷാധിപത്യത്തിന്റെ ഇര കൂടിയാണ് അവര്‍. അല്ലെങ്കില്‍ ആര്‍ ശങ്കറിന് ശേഷം പിന്നോക്ക സമുദായത്തില്‍ നിന്നുള്ള രണ്ടാമത്തെയും സംസ്ഥാനത്തെ ആദ്യത്തെയും വനിതാ മുഖ്യമന്ത്രി ആകുമായിരുന്നു ഗൗരിയമ്മ. ഇപ്പോഴും കേരളത്തില്‍ ഇടതുപക്ഷത്തിനോ ഒരു സ്ത്രീ മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ച് ആലോചിക്കാനേ കഴിയില്ല എന്ന് ഓര്‍ക്കണം.

ഭൂപരിഷ്‌കരണത്തില്‍ ദലിതരോട് നീതി പുലര്‍ത്താന്‍ ഗൗരിയമ്മ ഉള്‍പ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും പരാജയപ്പെട്ടു. എന്നാല്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരികെ നല്‍കുന്നതിനുള്ള 1970 ലെ നിയമം അട്ടിമറിക്കാനുള്ള 1996ലെ എ കെ ആന്റണി സര്‍ക്കാരിന്റെ ബില്ലിനെതിരെ കൈ ഉയര്‍ത്തിയ ഏക എംഎല്‍എ ഗൗരിയമ്മ ആയിരുന്നു. കെ എം മാണി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം ശക്തമായി പിന്തുണച്ചു. ഭരണ- പ്രതിപക്ഷ പാര്‍ട്ടികളിലെ 14 പട്ടികജാതി- പട്ടിക വര്‍ഗ എംഎല്‍എമാര്‍ ഉള്‍പ്പെടെ 139 നിയമസഭ അംഗങ്ങളും ബില്ലിനെ അനുകൂലിക്കുകയായിരുന്നു. 94-ല്‍ ജെഎസ്എസ് രൂപീകരിച്ചതോടെ യുഡിഎഫിനൊപ്പം ചേര്‍ന്നെങ്കിലും ആദിവാസി വിരുദ്ധ ബില്ലിനെ എതിര്‍ത്ത ഏകാംഗമായത് കാര്‍ഷിക ബന്ധ ബില്ലില്‍ ദലിത്- ആദിവാസി വിഭാഗങ്ങള്‍ ഒഴിവാക്കപ്പെട്ടതിന്റെ പ്രായശ്ചിത്തം കൂടിയായിരുന്നു.

2001-ല്‍ എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് വയനാട്ടില്‍ നടന്ന പട്ടിണി മരണങ്ങളെ തുടര്‍ന്ന് സി കെ ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ആദിവാസികളുടെ കുടില്‍ കെട്ടല്‍ സമരത്തോടും ഗൗരിയമ്മ അനുഭാവം പ്രകടിപ്പിച്ചു.

സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം നടന്ന ജെഎസ്എസ് പോലുള്ള രാഷ്ട്രീയ പരീക്ഷണങ്ങള്‍ യുഡിഎഫില്‍ ഒടുങ്ങി പരാജയപ്പെട്ടെങ്കിലും കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യ സ്ത്രീ നേതൃത്വമായിരുന്നു ഗൗരിയമ്മ എന്നതും ചരിത്രമാണ്. ഗൗരിയമ്മ തുടങ്ങിയതില്‍ നിന്ന് കേരള രാഷ്ട്രീയത്തിലെ സ്ത്രീ നേതൃത്വ സാന്നിധ്യം ഒട്ടും മുന്നോട്ടുപോയിട്ടില്ല.

ഗൗരിയമ്മ കേരളത്തിന്റെ രാഷ്ട്രീയ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ആ ജീവിതവും രാഷ്ട്രീയവും ഒരു പാഠപുസ്തകമാണ്. 1940-കള്‍ മുതല്‍ പിന്നോക്ക സമുദായത്തില്‍ നിന്നുയര്‍ന്നുവന്ന ഒരു സ്ത്രീ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം അതിലുണ്ട്. കേരളത്തിന്റെ സ്ത്രീ വിമോചന സമരങ്ങളുടെ ചരിത്രത്തില്‍ ഗൗരിയമ്മക്ക് സുപ്രധാനമായ ഇടമുണ്ട്. സംവരണം അടക്കം സാമൂഹിക നീതിക്ക് വേണ്ടിയുള്ള സമരങ്ങള്‍ക്ക് സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിലുള്ള പ്രാധാന്യം പ്രധാനമാണെന്ന് ഓര്‍മ്മിപ്പിച്ചതിലും അവരുടെ പങ്ക് വലുതാണ്. സവര്‍ണ പുരുഷാധിപത്യത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പോലും നടത്തിയ സമരങ്ങള്‍ ഉണ്ടാക്കിയ നഷ്ടങ്ങള്‍ വലുതായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് അവരെ ആകര്‍ഷിച്ച പോരാട്ട വീര്യം കീഴടങ്ങാന്‍ അവരെ സമ്മതിച്ചില്ല.

കേരളീയ സമൂഹത്തിന്റെ മുന്നേറ്റത്തിന്റെയും പരാജയത്തിന്റെയും ചരിത്രത്തോടൊപ്പം വായിക്കേണ്ട പാഠപുസ്തകമാണ് ഗൗരിയമ്മയുടെ ജീവിതവും രാഷ്ട്രീയവും പോരാട്ടങ്ങളും വിജയവും പരാജയവും. നീതിയിലും തുല്യതയിലും അടിയുറച്ച ഒരു കേരളം രൂപപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് അതില്‍ നിന്ന് ഇനിയും ഊര്‍ജം സ്വീകരിക്കാനുണ്ട്.