ഗൗരിയമ്മ സ്മാരകത്തിന് രണ്ട് കോടി രൂപ മാത്രം; കെഎം മാണി, എംപി വീരേന്ദ്രകുമാര്‍ സ്മാരകങ്ങള്‍ക്ക് പ്രഖ്യാപിച്ചത് അഞ്ച് കോടി

തിരുവനന്തപുരം: കെആര്‍ ഗൗരിയമ്മക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ആര്‍ ബാലകൃഷ്ണപ്പിള്ളക്ക് സ്മാരകം നിര്‍മ്മിക്കുന്നതിനും രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

അന്തരിച്ച കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെഎം മാണിയുടെ സ്മാരകം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ അഞ്ച് കോടി രൂപയാണ് നീക്കിവെച്ചിരുന്നു. അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് എംപി വീരേന്ദ്രകുമാര്‍ സ്മാരകത്തിനും അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു.

അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവിന്റെയും സോഷ്യലിസ്റ്റ് നേതാവിന്റെയും സ്മാരകങ്ങള്‍ക്ക് അഞ്ച് കോടി രൂപ വീതം അനുവദിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഗൗരിയമ്മക്ക് സ്മാരകം നിര്‍മ്മിക്കാന്‍ രണ്ട് കോടി രൂപ മാത്രമേ നീക്കിവെച്ചിട്ടുള്ളൂ. കെഎന്‍ ബാലഗോപാലിന്റെ പ്രഖ്യാപനത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടി.