സഖാവ് എന്ന വിളിക്ക് പോരാട്ടം എന്നതല്ലാതെ മറ്റൊരു പകരംവെപ്പുമില്ലാത്ത ഒരു രാഷ്ട്രീയ കാലത്തില്‍ അടിമുടി സഖാവായിരുന്നു കെ ആര് ഗൗരിയമ്മ. അന്ന് കേരളമില്ല. മലയാളികള്‍ തമ്മില്‍ രാജ്യാതിര്‍ത്തികള്‍, പാടവരമ്പത്ത് ജന്മിമാര്, പാടത്ത് നിഴലുകള്‍ പോലെ കര്‍ഷകത്തൊഴിലാളികള്‍, അന്തി ചാഞ്ഞാലും തീരാത്ത പണിക്കൊടുവില്‍ അന്തിയുറങ്ങാന്‍ ചെളിക്കുണ്ടില്‍ മറച്ചുകെട്ടിയ ഓലക്കൂരകളില്‍ നിന്നും എന്നിറങ്ങിപ്പോകേണ്ടിവരും എന്ന് നിശ്ചയമില്ലാത്ത മനുഷ്യര്‍, മനുഷ്യാന്തസ്സിന് മലയാളമില്ലാത്ത നാളുകള്‍. അന്നാണ് ഗൗരിയമ്മ സഖാവായത്.
സ്വതന്ത്ര തിരുവിതാംകൂറിനെതിരെ, ജന്മിത്വത്തിനെതിരെ, സ്വതന്ത്ര ഇന്ത്യയിലെ പുത്തന്‍ ഭരണകൂടത്തിനെതിരെ സമരത്തിന്റ മറുവിളിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിയപ്പോള്‍ ഗൗരിയമ്മ മുന്നിലുണ്ടായിരുന്നു. ആര്ത്തവലഹളക്കായി ആയിരക്കണക്കിന് സ്ത്രീകളെ തെരുവിലിറക്കുന്ന പ്രതിലോമ രാഷ്ട്രീയം തിറയാട്ട് നടത്തിയ കേരളം നമ്മുടെ വര്ത്തമാനകാലമാകുമ്പോള് കേരളമുണ്ടാകും മുമ്പുള്ള മലയാളത്തില്‍ നിന്നൊരു സ്ത്രീ, ഒരു ബി എല്ലുകാരി, ലോക്കപ്പ് മുറികളിലെ പീഡനത്തിന്റെ ഇരുട്ടിലേക്ക് നടന്നുകയറുകയും ഒരു പുതിയ കേരളവുമായി പുറത്തുവരികയും ചെയ്തത് മുക്കാല്‍ നൂറ്റാണ്ടിനിപ്പുറമിരുന്ന് എത്ര ചിന്തിച്ചാലും മുഴുവനായി കണക്കാനാകാത്ത ഒരു സമരത്തിന്റെ കാലമാണ്.
അധികാരമേറ്റതിനു ശേഷമുള്ള ആദ്യത്തെ ഉത്തരവില്‍ കുടിയൊഴിപ്പിക്കല്‍ തടഞ്ഞ തൊഴിലാളി വര്‍ഗ രാഷ്ട്രീയ ധീരതയുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രിയായിരുന്നു ഗൗരിയമ്മ. ഭൂപരിഷ്ക്കരണ നിയമം അവതരിപ്പിക്കാന്‍ ഒരു സ്ത്രീയോ എന്ന് അത്ഭുതം കൂറാനില്ലാത്ത വണ്ണം കമ്മ്യൂണിസ്റ്റുകാരായിരുന്നു പാര്‍ട്ടി നേതൃത്വം. 1994-ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടും വരെ അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവിഭാജ്യഘടകമായിരുന്നു.
സംഘടനയുമായുള്ള നിരന്തര പ്രശ്നങ്ങളുടെ ഒടുക്കമാണ് അവരെ പാര്‍ട്ടി പുറത്താക്കിയത്. ഒരു കമ്മ്യൂണിസ്റ്റ് സംഘടനാ സംവിധാനത്തിന് ഒത്തുപോകാനാത്ത അവരുടെ നിലപാടുകളായിരുന്നു അതിലേക്ക് നയിച്ചത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷമുള്ള ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തില്‍ മിക്കപ്പോഴും അവര്‍ക്ക് മാര്‍ക്സിസ്റ്റ് രാഷ്ട്രീയ നിലപാടുകള്‍ നിലനിര്‍ത്താനായില്ല. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഗൗരിയമ്മ ഗുരുവായൂരമ്പലത്തില്‍ തൊഴാനെത്തിയതും കെ കരുണാകരന് അവര്‍ക്ക് കൃഷ്ണപ്രതിമ സമ്മാനിച്ചതും ആ മാറ്റത്തിന്റെ സങ്കടക്കാഴ്ചയായിരുന്നു.
പക്ഷെ ധീരമായ ഉള്‍ക്കാഴ്ചയോടെ ഗൗരിയമ്മയെടുത്ത ചില നിലപാടുകള്‍ അതിനുശേഷവും അവരിലെ കമ്മ്യൂണിസ്റ്റിനെ ചരിത്രത്തില്‍ ഉയര്‍ത്തിത്തന്നെ നിലനിര്‍ത്തി. ആദിവാസി ഭൂമി കയ്യേറ്റക്കാര്‍ തട്ടിയെടുത്തതിന് ഇടതു-വലതു മുന്നണികള്‍ ഒന്നിച്ചുകൊണ്ട് കേരള നിയമസഭയില്‍ നിയമസാധൂകരണം നല്കിയപ്പോള് അതിനെതിരെ സഭയില്‍ വോട്ടു ചെയ്ത ഏക എംഎല്‍എ സഖാവ് ഗൗരിയമ്മയായിരുന്നു. സംഘടിതരായ കയ്യേറ്റക്കാരുടെ വോട്ടിനുവേണ്ടി ആദിവാസികളെ വംശഹത്യ നടത്താനും സാമൂഹ്യനീതിയെ തൊഴിച്ചുകളയാനുമാണ് ഇടതു-വലതു മുന്നണികള്‍ ശ്രമിക്കുന്നതെന്ന് നിയമസഭയില്‍ ഗൗരിയമ്മ ഒരു മറയുമില്ലാതെ പറഞ്ഞു. ഭൂമിയുടെ സാമൂഹ്യ ഉടമസ്ഥാവകാശം സബന്ധിച്ച് എക്കാലത്തും അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ നിലപാടില്‍ ഉറച്ചു നിന്നു. ആദിവാസി ഭൂമി പ്രശ്നത്തില്‍ കയ്യേറ്റക്കാരുടെ ഔദാര്യത്തിന് കാത്തുനില്ക്കുന്ന ഇന്നത്തെ കേരളം ഗൗരിയമ്മയെ മറക്കില്ല.
സ്ത്രീ വിമോചന രാഷ്ട്രീയത്തിന്റെ മലയാളി ജീവിതങ്ങളിലെ ഏറ്റവും ധീരമായ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഗൗരിയമ്മയുടെ വ്യക്തി-രാഷ്ട്രീയ ജീവിതം. സ്ത്രീകളെ സംബന്ധിച്ച എല്ലാത്തരം സാമ്പ്രദായിക വാര്‍പ്പ് മാതൃകകളേയും അവര്‍ തകര്‍ത്തുകൊണ്ടേയിരുന്നു. അലസമായി ചുറ്റിവലിച്ചിട്ട ആ സാരി പോലും അന്നത്തെ കമ്മ്യൂണിസ്റ്റ് വനിതാ സഖാക്കള്‍ ഇത്തരത്തില്‍ ഉയര്‍ത്തിയ കലാപമായിരുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയയാത്രയില്‍ സ്ത്രീ വിമോചനത്തിന്റെ രാഷ്ട്രീയം എത്രമാത്രം പിന്നീട് ഉയര്‍ന്നുനിന്നു എന്നത് സ്വയംവിമര്‍ശനത്തിന്റെ പൊള്ളിക്കുന്ന ചോദ്യമാണ്.
1957 മെയ് 30-നു സഖാവ് ഇഎംഎസ് എടുത്തുകൊടുത്ത മാലയണിഞ്ഞാണ് സഖാക്കളായ ടി വി തോമസും കെ ആര് ഗൗരിയും വിവാഹിതരായത്. ഒരു രക്തഹാരം അങ്ങോട്ടും ഒരു രക്തഹാരം ഇങ്ങോട്ടും എന്ന് ഒരു സിനിമാഫലിതമായി അപഹസിക്കപ്പെട്ടിരുന്നില്ല അന്ന് കമ്മ്യൂണിസ്റ്റുകാരുടെ വിപ്ലവകരമായ ജീവിതമൂല്യങ്ങള്‍.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ അകത്തും പുറത്തും ഗൗരിയമ്മയും ഉണ്ടായിരുന്നു. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ഏകപക്ഷീയ ധാരയിലേക്ക് അതിവേഗം പൊയ്ക്കൊണ്ടിരുന്ന പാര്‍ട്ടിയില്‍ അതിനെച്ചുറ്റിപ്പറ്റി ഉയര്‍ന്ന തര്‍ക്കങ്ങളില്‍ മറ്റു പല നേതാക്കളേയും പോലെ ഗൗരിയമ്മയുമുണ്ടായത് സ്വാഭാവികം. എന്നാല്‍ ‘കേരം തിങ്ങും കേരള നാട്ടില്‍ കെ ആര് ഗൗരി ഭരിക്കട്ടെ’ എന്ന മുദ്രാവാക്യവും ചില നേതാക്കള്‍ തന്നെ മുഖ്യമന്ത്രിയാക്കും എന്ന് പ്രസംഗിച്ചതുമൊക്കെ പാര്‍ട്ടി തീരുമാനമായി പുറത്തുവരണം എന്ന് ശഠിക്കുന്നതില്‍ നിന്നും നാല് പതിറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റു സംഘടനാ ജീവിതം അവരെ തടഞ്ഞില്ല എന്നത് നാം അത്ഭുതത്തോടെ കണ്ടു. പില്ക്കാല പാര്‍ട്ടിയില്‍ ഗൗരിയമ്മയുടെ അന്നത്തെ ശാഠ്യത്തിന്റെ പതിന്മടങ് വലിപ്പമുള്ള വിഭാഗീയതയുണ്ടായി.
ഇ എം എസിന്റെ വ്യക്തിപരമായ എതിര്‍പ്പാണ് തനിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടാതെ പോയതിന്റെ കാരണമെന്ന വികലധാരണ അവര്‍ പരസ്യമായിപ്പറഞ്ഞു. ഇ എം എസിനെ നമ്പൂരിയെന്ന് വിളിക്കാനുള്ള ചെറുപ്പത്തിലേക്ക് അവര്‍ ക്ഷോഭം കൊണ്ട് വീണുപോയി. ക്രമേണ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടു. എങ്കിലും അതൊക്കെ അപഭ്രംശങ്ങള്‍ മാത്രമായിക്കാണാനുള്ള വിപ്ലവകരമായ കമ്മ്യൂണിസ്റ്റ് ജീവിതമാണ് സഖാവ് കെ ആര് ഗൗരിയമ്മ ജീവിച്ചത്. അത്രയേറെ വിപ്ലവകരമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തും പുറത്തും സ്ത്രീവിമോചനത്തിന്റെ കമ്മ്യൂണിസ്റ്റ് ജീവിതത്തിലേക്ക് തന്റെ സമരത്തെ പരിവര്‍ത്തിപ്പിച്ച മറ്റൊരു ജീവിതം കേരളം കണ്ടിട്ടില്ല.
സഖാവേ, അന്ത്യാഭിവാദ്യങ്ങള്‍ !