ഹരിത സംസ്ഥാന സമിതിയെ മരവിപ്പിച്ചുകൊണ്ടുള്ള ലീഗ് നടപടിക്ക് പിന്നാലെ രൂക്ഷ പ്രതികരണവുമായി എംഎസ്എഫ് ദേശീയ ഉപാദ്ധ്യക്ഷ അഡ്വ. ഫാത്തിമ തഹ്ലിയ. ‘ഇഎംഎസ് അല്ല, പാര്‍ട്ടിയിലെ പെണ്ണുങ്ങള് തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ഇഎംഎസിന്റെ ആണ് അഹന്തക്കെതിരെ പൊരുതിയ കെ ആര് ഗൗരി ആണെന്റെ ഹീറോ’ എന്ന് ഹരിത മുന്‍ സംസ്ഥാന അദ്ധ്യക്ഷ ഫേസ്ബുക്കില്‍ കുറിച്ചു. കെ ആര് ഗൗരിയമ്മയുടെ ചിത്രവും ഫാത്തിമ തഹ്ലിയ ഫേസ്ബുക്കില്‍ പങ്കുവെച്ചു. എംഎസ്എഫ് നേതാവിന്റെ പ്രതികരണം അതിരുകടന്നതാണെന്ന അഭിപ്രായവുമായി വലിയൊരു വിഭാഗം ലീഗ് അനുകൂലികള്‍ കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.
വനിതാ കമ്മീഷന് നല്കിയ പരാതി പിന്‍വലിക്കില്ലെന്ന് ഹരിത നേതാക്കള്‍ ഉറച്ച നിലപാടെടുത്തതിന് പിന്നാലെയാണ് സംസ്ഥാന സമിതിക്കെതിരെയുള്ള ലീഗിന്റെ മരവിപ്പിക്കല്‍ നീക്കം. ഇന്ന് രാവിലെ പത്ത് മണിക്കുള്ളില്‍ പരാതി പിന്‍വലിക്കണമെന്നായിരുന്നു മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പ്. ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്ന അഭിപ്രായമുയര്‍ന്നെങ്കിലും ഒരു വിഭാഗം നേതാക്കള്‍ നടപടി മയപ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തി. ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍, കുട്ടി അഹമ്മദ് കുട്ടി എന്നിവര്‍ ഹരിതയ്ക്കെതിരെ ഇപ്പോള്‍ നടപടി വേണ്ടെന്ന് നിര്‍ദ്ദേശിച്ചു. ലീഗിനെ രാഷ്ട്രീയ എതിരാളികള്‍ സ്ത്രീവിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഹരിതയില്‍ നിന്ന് ഗുരുതര അച്ചടക്ക ലംഘനമുണ്ടായെന്നാണ് മരവിപ്പിക്കല്‍ നടപടിയേക്കുറിച്ചുള്ള ലീഗ് വിശദീകരണം. ഹരിത നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി എ വഹാബ് എന്നിവരോട് വിശദീകരണം തേടിയെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. രണ്ടാഴ്ച്ചത്തെ സമയമാണ് ആരോപണ വിധേയര്‍ക്ക് ലീഗ് നല്‍കിയിരിക്കുന്നത്.
കെ നവാസ്, വി എ വഹാബ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ലൈംഗീക ചുവയുള്ള സംസാരത്തിന് 354 (എ) വകുപ്പ് പ്രകാരമാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജൂണ്‍ 22ന് കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിലുണ്ടായ സംഭവങ്ങളില്‍ നിന്നാണ് വിവാദത്തിന്റെ തുടക്കം. ഹരിതയേക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പി കെ നവാസ് ‘വേശ്യക്കും വേശ്യയുടെ അഭിപ്രായം കാണും’ എന്ന പരാമര്‍ശം നടത്തി. ഹരിത നേതാക്കളുടെ അഭിപ്രായം തേടുന്നതിനിടെയായിരുന്നു ഇത്. സമാന രീതിയില്‍ അബ്ദുള്‍ വഹാബും പ്രതികരിച്ചു. ഇതിനേത്തുടര്‍ന്ന് ലൈംഗീക അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹരിത നേതൃത്വം ലീഗ് നേതാക്കള്‍ക്ക് പരാതി നല്കി. നേതൃത്വം പരാതി അവഗണിച്ചു. ഇതിന് പിന്നാലെയാണ് പത്ത് വനിതാ നേതാക്കള്‍ സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതിയുമായെത്തിയത്.