താന്‍ പിണറായി വിജയനൊപ്പമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; പെര്‍ഫക്ട് ഓക്കെയെന്ന് ശബരീനാഥന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ സുധാകരന്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ കെപിസിസി അധ്യക്ഷന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍. താന്‍ പിണറായി വിജയനൊപ്പമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹാസ രൂപേണ പ്രതികരിച്ചു. പെര്‍ഫക്ട് ഓക്കെ എന്നാണ് വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ മുന്‍ എംഎല്‍എ കെഎസ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘ഞാന്‍ പിണറായി വിജയനൊപ്പമാണ്. എന്നും ഇരകളെ ചേര്‍ത്തു പിടിക്കുന്നതാണ് എന്റെ രാഷ്ട്രീയം. ഇതൊരു ക്ഷീണമായി സഖാവ് കാണണ്ട, വൈകിട്ട് വേറെ എന്തെങ്കിലുമൊക്കെ എഴുതിത്തരുവാന്‍ PR ടീമിനോട് പറ, അത് നോക്കി വായിക്കാം’, രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് രമ്യ ഹരിദാസ് എംപിയും രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളുടെ ആവനാഴിയിലെ അമ്പുകള്‍ പോരാതെ വരും. ചേര്‍ത്തുനിര്‍ത്താന്‍ തന്നെയാണ് തീരുമാനമെന്ന് കെ സുധാകരനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി വ്യക്തമാക്കി.

Also Read: ‘കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയുണ്ടെങ്കിലെന്ത് കൊണ്ട് പൊലീസിനോട് പറഞ്ഞില്ല’, പിണറായിയുടെ നിലവാരത്തിലേക്ക് താഴാനില്ല’; ‘ബ്രണ്ണന്‍ പോരില്‍’ കെ സുധാകരന്‍

വെട്ടി നിരത്തിയാണ് ശീലം. എത്രപേര്‍, എത്ര തവണ. കാണാന്‍ അനുമതി നിഷേധിച്ചത് മുതല്‍ കടക്കു പുറത്തു വരെ എത്ര കഥകള്‍. കൊവിഡ് കണക്കുകള്‍ പുറത്തുവിട്ട് പിആര്‍ ഏജന്‍സികള്‍ വെളുപ്പിച്ചു തുടങ്ങി. പ്രമുഖരെ മുഴുവന്‍ തെരഞ്ഞെടുപ്പില്‍ മാറ്റിനിര്‍ത്തി. പുതിയ മന്ത്രിസഭയില്‍
പരിചയസമ്പന്നരെ മുഴുവന്‍ വെട്ടി പുതിയ ചെക്ക്. വെളുപ്പിക്കാന്‍ പിആര്‍ ഏജന്‍സികളുടെ പുതിയ തന്ത്രം ‘പാര്‍ട്ടി നയം’. സ്വന്തം ചേരിയില്‍ ചോദ്യം ചെയ്യാന്‍ ആരും ഇല്ലാതാകുമ്പോള്‍,പാടി പുകഴ്ത്തലുകള്‍ മാത്രം കേട്ട് ശീലമാകുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍, ചോദ്യം ചെയ്യുന്നവര്‍ കണ്ണിലെ കരടാകും. വര്‍ഗീയവാദിയാക്കും .പല പട്ടങ്ങളും ചാര്‍ത്തി നല്‍കും. പാടി പുകഴ്ത്തലുകള്‍ക്കപ്പുറമുള്ള യഥാര്‍ത്ഥ രൂപം ഒഴിവാക്കാനാകില്ലല്ലോ. ചോദ്യങ്ങള്‍ ചോദിക്കും,പറയാനുള്ളത് പറയും ,എതിര്‍ക്കാന്‍ ഉള്ളത് എതിര്‍ക്കും. പ്രതിരോധിക്കാന്‍ നിങ്ങളുടെ ആവനാഴിയിലെ അമ്പുകള്‍ പോരാതെ വരും. ചേര്‍ത്തുനിര്‍ത്താന്‍ തന്നെയാണ് തീരുമാനം’, രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്. ഓഫ് ദ റെക്കോര്‍ഡ് ആയി പറഞ്ഞ കാര്യമാണ് വാരികയിലെ അഭിമുഖത്തില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഉന്നയിച്ച ആരോരപണങ്ങളോട് അതേ പോലെ മറുപടി പറയാന്‍ തനിക്ക് സാധിക്കില്ല. പിആര്‍ ഏജന്‍സിയില്‍ നിന്ന് പുറത്ത വന്ന യഥാര്‍ത്ഥ പിണറായിയെ ആണ് ഇന്നലെ കണ്ടത്. അത് പോലെ തിരിച്ച് മറുപടി പറയാന്‍ തനിക്കാവില്ല. തന്റെ വ്യക്തിത്വവും തന്റെ സംസ്‌കാരവും ഇരിക്കുന്ന കസേരയുടെ മഹത്വവും പിണറായിയിലേക്ക് താഴാനാവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.