സംസ്ഥാനത്ത് ഇനി കെഎസ്ആര്‍ടിസി പെട്രോള്‍ പമ്പുകളെന്ന് മന്ത്രി; ആദ്യം എട്ടെണ്ണം, സാമ്പത്തിക ബാധ്യത കെഎസ്ആര്‍ടിസിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി പെട്രോള്‍-ഡീസല്‍ പമ്പുകള്‍ തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്പുകളാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി ചേര്‍ത്താണ് പമ്പുകള്‍ തുടങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു. ആദ്യഘട്ടത്തില്‍ എട്ട് പമ്പുകള്‍ നിര്‍മ്മിക്കും.

‘പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള കലര്‍പ്പില്ലാത്ത പെട്രോളിയം ഉല്പനങ്ങള്‍ നല്‍കുന്നതിനും അതുവഴി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി കെഎസ്ആര്‍ടിസി സംസ്ഥാനത്തുടനീളം പെട്രോള്‍-ഡീസല്‍ പമ്പുകള്‍ തുടങ്ങുന്നു.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്പുകളാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി ചേര്‍ത്താണ് പമ്പുകള്‍ തുടങ്ങുന്നത്. ഡീലര്‍ കമ്മീഷനും സ്ഥല വാടകയും ഉള്‍പ്പടെ ഉയര്‍ന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത്. ഇത് കെ എസ് ആര്‍ ടി സി യെ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിക്കും’ ആന്റണി രാജു പറഞ്ഞു.

Also Read: ഇക്കോ ടെററിസ്റ്റ് എന്ന് വിളിപ്പേര്; വനംകൊള്ളക്കാരോട് വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം; ധനേഷ് കുമാറിന് പത്ത് വര്‍ഷത്തിനിടെ എട്ട് സ്ഥലം മാറ്റം

ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്പുകള്‍ നൂറു ദിവസത്തിനകം തുടങ്ങുമെന്നും ഇതിനുള്ള അനുമതി ലഭിച്ചെന്നും മന്ത്രി അറിയിച്ചു. ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, ഗുരുവായൂര്‍, തൃശൂര്‍, ആറ്റിങ്ങല്‍, നെടുമങ്ങാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളില്‍ പമ്പുകള്‍ തുടങ്ങുന്നത്.

മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂര്‍, കോഴിക്കോട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസല്‍ പമ്പുകളോടൊപ്പം പെട്രോള്‍ പമ്പുകളും തുടങ്ങും. കെഎസ്ആര്‍ടിസിക്ക് ഇതിനായി സാമ്പത്തിക ബാധ്യത ഇല്ല. മുഴുവന്‍ ചെലവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആണ് മുടക്കുന്നത്.