‘കുഞ്ഞാലിക്കുട്ടിയുടേയും ബിനാമിയുടേയും സ്വിസ് ബാങ്ക്’; എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണമെന്ന് ജലീല്‍

മലപ്പുറം: എ.ആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ 1021 കോടി രൂപയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. ഈ ഇടപാടുകളുടെ മുഖ്യസൂത്രധാരകര്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന വി.കെ ഹരികുമാറുമാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് ജലീല്‍ ആരോപണം ഉന്നയിച്ചത്.

പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആര്‍ നഗര്‍ ബാങ്കില്‍ 50,000പരം അംഗങ്ങളും 80,000ല്‍ അധികം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമര്‍ ഐ.ഡികളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേര്‍ന്ന് നടത്തിയിരിക്കുന്നതെന്ന് കെ.ടി ജലീല്‍ പറഞ്ഞു.

സഹകരണ ബാങ്കിലെ മുഴുവന്‍ കസ്റ്റമര്‍ ഐ.ഡികളും പരിശോധിച്ചാല്‍ കള്ളപ്പണ ഇടപാടില്‍ രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന പകല്‍ കൊള്ളയുടെ ചുരുളഴിയും. ഈ സഹകരണ സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കായാണ് മാറ്റിയിരിക്കുന്നതെന്നും കെ.ടി ജലീല്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞും കേരളത്തിലെ വ്യവസായ മന്ത്രിമാരായിരിക്കെ പൊതുമേഖല സ്ഥാപനമായ ടൈറ്റാനിയത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടക്കുകയാണ്. ആ അഴിമതിയില്‍ നിന്ന് ലഭിച്ച പണമായിരിക്കാം എ.ആര്‍ നഗര്‍ ബാങ്കിലെ വ്യാജ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് തിയ്യതികളും വര്‍ഷവും പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നതെന്നും കെ.ടി ജലീല്‍ പറഞ്ഞു.