‘എത്തിയത് ഇ.ഡി ആവശ്യപ്പെട്ടിട്ട്’; അന്വേഷണ സംഘം നാളെ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യുമെന്ന് കെ.ടി ജലീല്‍

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തെത്തിയത് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകള്‍ നല്‍കാനെന്ന് മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ടി ജലീല്‍. ഇ.ഡി ആവശ്യപ്പെട്ടിട്ടാണ് എത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തിലായിരുന്നു മൊഴിയെടുപ്പെന്നും കുഞ്ഞാലിക്കുട്ടിയെയും മകനെയും ഇ.ഡി ഉടന്‍ ചോദ്യമെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്കെതിരായിട്ടുള്ള ചന്ദ്രികയെ മറയാക്കിയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ.ഡി തന്റെ പക്കല്‍നിന്നും തെളിവുകള്‍ ശേഖരിച്ചത്. ചില രേഖകള്‍ക്കൂടി അവര്‍ക്ക് ആവശ്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ രേഖകളും സംഘടിപ്പിച്ച് നല്‍കും. ചോദ്യം ചെയ്യലിനായി നാളെ കുഞ്ഞാലിക്കുട്ടിയെയും ഏഴാം തിയതി അദ്ദേഹത്തിന്റെ മകനെയും വിളിപ്പിച്ചിട്ടുണ്ട്. എ.ആര്‍ നഗര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ടായിരുന്നില്ല തെളിവെടുപ്പെന്നും ജലീല്‍ വ്യക്തമാക്കി.

‘ചില കാര്യങ്ങള്‍ അറിയാനുണ്ടെന്നും ഹാജരാകണമെന്നും ആവശ്യപ്പെട്ട് ഇ.ഡി എനിക്ക് സമന്‍സ് അയച്ചിരുന്നു. അതുകൊണ്ട് ഇവിടെ വന്നു, കാര്യങ്ങളെല്ലാം പറഞ്ഞു. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ടുള്ള മറ്റ് പലരുടെയും സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും ഇ.ഡി ചോദിച്ചു’, ജലീല്‍ പറഞ്ഞു.

ലീഗ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതാണോ ഈ തെളിവുകള്‍ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു ജലീലിന്റെ മറുപടി.

ചന്ദ്രിക പത്രത്തെയും ലീഗിന്റെ മറ്റ് സ്ഥാപനങ്ങളെയും മറയാക്കി കള്ളപ്പണം വെളുപ്പിക്കുക, അവിഹിതമായ ധനസമ്പാദനം നടത്തുക തുടങ്ങിയവയൊക്കെ കുറച്ച് കാലമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ചന്ദ്രികയുടെ നാലരക്കോടിയോളം രൂപ ഉപയോഗിച്ചുകൊണ്ട് കോഴിക്കോട് നാലേക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഓഫീസ് നിര്‍മ്മിക്കാനാണ് ഇതെന്നാണ് പറയുന്നത്. അതില്‍ രണ്ടേക്കറോളം സ്ഥലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണ്. കണ്ടല്‍ക്കാടുകളും വെള്ളക്കെട്ടുകളും നിറഞ്ഞ സ്ഥലമാണതെന്നും ജലീല്‍ പറയുന്നു.

ബാങ്കിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയം ഇപ്പോള്‍ വന്നിട്ടില്ല. അക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ രണ്ടുദിവസം മുമ്പേ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു. ഇതിന്റെ കോപ്പി എടുത്തതിന് ശേഷം താന്‍ മാധ്യമങ്ങളെ കാണുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.