കൊച്ചി: മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ടി ജലീല്‍ ഇ.ഡി ഓഫീസിലെത്തിയത് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളുമായെന്ന് സൂചന. മലപ്പുറത്തെ എ.ആര് നഗര്‍ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ.ടി ജലീല്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറാനാണ് ജലീലിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഇതുവരെ ജലീലോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ സ്ഥീരികരണങ്ങളൊന്നും നടത്തിയിട്ടില്ല.
തെളിവുകള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥര്‍ ജലീലിനെ വിളിപ്പിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എം.എല്‍.എയുടെ ഔദ്യോഗിക വാഹനത്തില്‍ ഇന്ന് രാവിലെയാണ് ജലീല്‍ കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്തെത്തിയത്. തിരുവനന്തപുരത്തുനിന്നാണ് ജലീല്‍ ഇ.ഡി ഓഫീസിലേക്ക് എത്തിയത്.
എ.ആര് നഗറിലെ സഹകരണബാങ്കിലൂടെ കുഞ്ഞാലിക്കുട്ടിയും മകനും വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഏകദേശം ഒരുമാസം മുമ്പ് ജലീല്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞത്. കുഞ്ഞാലിക്കുട്ടിക്ക് 300 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്നും ബാങ്ക് സെക്രട്ടറി ഹരികുമാര്‍ മുഖേനയാണ് കൃത്രിമം നടത്തുന്നതെന്നുമായിരുന്നു ആരോപണം. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴിയും കള്ളപ്പണ ഇടപാട് നടത്തിയെന്നും ജലീല്‍ ആരോപിച്ചിരുന്നു.
ജലീലിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ബാങ്കിനെതിരെ കൂടുതല്‍ ആരോപണങ്ങളുയര്‍ന്നിരുന്നു. നിക്ഷേപകരറിയാതെ അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ തിരിമറി നടന്നെന്നടക്കമുള്ളവയായിരുന്നു ഇവ.