‘സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ടുവരല്‍ ഓരോ പൗരന്റേയും കടമ’; കുഞ്ഞാലിക്കുട്ടിക്കെതിരെ പോര് തുടര്‍ന്ന് ജലീല്‍

എആര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആക്രമണം തുടര്‍ന്ന് കെ ടി ജലീല്‍. ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്ലിം ലീഗിന്റെ ‘പുലിക്കുട്ടി’ നടത്തുന്ന അഴിമതിപ്പണമുപയോഗിച്ച ഹിമാലയന്‍ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ടുവരല്‍ ഓരോ പൗരന്റെയും കടമയാണെന്ന് എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രതികരണവും ജലീല്‍ പരാമര്‍ശിച്ചു. പൗരന്റെ ബാധ്യതാ നിര്‍വ്വഹണ പാതയില്‍ പിണറായി സര്‍ക്കാര്‍ മുന്നിലുണ്ടെന്ന സന്ദേശം പോരാളികള്‍ക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ലെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ഹരികുമാറിനെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനുകോടികളുടെ കള്ളപ്പണ-അഴിമതി- ഹവാല-റിവേഴ്‌സ് ഹവാല ഇടപാടുകള്‍ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം നല്‍കുന്ന കരുത്ത് അളവറ്റതാണ്.

കെ ടി ജലീല്‍

സാധാരണ ഗതിയില്‍ ഒരു പ്രാഥമിക സഹകരണ സംഘത്തില്‍ 10,000-15,000 അംഗങ്ങളും 20,000ല്‍ താഴെ അക്കൗണ്ടുകളും ഉണ്ടാകാനേ ഇടയുള്ളൂ. കൂടിയാല്‍ 20,000 അംഗങ്ങളും 25,000 ഇഅക്കൗണ്ടുകളും. എന്നാല്‍ എ ആര്‍ നഗര്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തില്‍ 60,000ലധികം അംഗങ്ങളും 80,000ലധികം അക്കൗണ്ടുകളുമാണ് ഉള്ളത്. ഇതില്‍ നിന്നുതന്നെ കാര്യങ്ങളുടെ ‘ഗുട്ടന്‍സ്’ ആര്‍ക്കും പിടികിട്ടും.

എ ആര്‍ നഗര്‍ ബാങ്കില്‍ ലക്ഷങ്ങളുടേയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാന്‍ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകള്‍ക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണത്രെ പ്രതിഫലമായി സമുദായപ്പാര്‍ട്ടിയുടെ നേതാവ് ‘കുഞ്ഞാപ്പ’ നല്‍കുന്നത്. വ്യാജ അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം ‘കമ്പനി’ക്ക് ആണെന്നും ജലീല്‍ ആരോപിച്ചു.

കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ 1021 കോടിയുടെ മലപ്പുറം എ ആര്‍ നഗര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് കെ ടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രിയും സിപിഐഎമ്മും ഇതിനെ പരസ്യമായി തള്ളി. ഇ ഡി ഒരിക്കല്‍ ജലീലിനെ ചോദ്യം ചെയ്തതാണെന്നും അതോടെ അദ്ദേഹത്തിന് ഇഡിയില്‍ വിശ്വാസം കൂടിയിരിക്കാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സഹകരണ ബാങ്കുകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്ന് ജലീലിന് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം ജലീല്‍ മുഖ്യമന്ത്രിയെ നേരില്‍ കാണുകയും ചെയ്തു. മുഖ്യമന്ത്രി വിളിച്ചുവരുത്തിയതല്ലെന്നും അങ്ങോട്ടുപോയി കണ്ടതാണെന്നുമായിരുന്നു ജലീലിന്റെ പ്രതികരണം. ഇഡി അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് തവനൂര്‍ എംഎല്‍എ പിന്നീട് നിലപാട് മാറ്റി. എ ആര്‍ ബാങ്ക് ക്രമക്കേടില്‍ സഹകരണ വകുപ്പ് നടത്തുന്ന അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ജലീല്‍ പ്രസ്താവന നടത്തി.

അതിനിടെ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ വേണ്ടി മുഖ്യമന്ത്രി ജലീലിന് മൂക്കുകയറിടുകയാണെന്ന വിമര്‍ശനമുയര്‍ന്നു. ലീഗിനോടും കുഞ്ഞാലിക്കുട്ടിയോടുമുള്ള എല്‍ഡിഎഫ് സമീപനം എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വ്യാഖ്യാന തല്‍പരരായ ആളുകളായ ചിലര്‍ ജലീലിനെ സിപിഐഎം എന്തോ തള്ളിയെന്ന തരത്തില്‍ പ്രചരണം നടത്തുന്നു. അത് ജലീലിനെ തള്ളലല്ല. അദ്ദേഹം സിപിഐഎമ്മിന്റേയും എല്‍ഡിഎഫിന്റേയും നല്ലൊരു സഹയാത്രികനാണ്. അക്കാര്യത്തില്‍ അണുകിട സംശയമില്ല. കെ ടി ജലീല്‍ സ്വീകരിച്ച നിലപാടിനേക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹമത് വ്യക്തമാക്കുകയും ചെയ്തു. വ്യക്തിപരമായി ആരും അതിനെ എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.