ദി ലാസ്റ്റ് വിഷ്, ‘കണ്ണീരോടെ ഞാനത് വായിച്ചു’; മരിക്കുന്നതിന് മുമ്പ് കെവി തോമസിന് കൂട്ടുകാരന്റെ പിറന്നാളാശംസ

തന്റെ പിറന്നാള്‍ ദിനത്തില്‍ മറക്കാതെ ആശംസ നേരാറുണ്ടായിരുന്ന പ്രിയ സുഹൃത്ത് മരിച്ച വിവരം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. ഇന്നാണ് കെവി തോമസിന്റെ പിറന്നാള്‍. ഇന്നത്തെ പത്രത്തിലും കെവി തോമസിന് കൂട്ടുകാരനും കോണ്‍ഗ്രസ് നേതാവുമായ മെരുകാ രാജുവിന്റെ പിറന്നാളാശംസയുണ്ട്. വ്യാഴാഴ്ച മെരുകാ രാജു കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി.

‘ഇന്നെന്റെ പിറന്നാളാണ്. വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളില്‍ എനിക്കുള്ള പിറന്നാള്‍ ആശംസകള്‍ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി മുടക്കമില്ലാതെ ഈ ആശംസ നല്കി കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ നാല്പത്തിയെട്ടുകാരനായ എന്റെ യുവസുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു. ഞാനും റാവുവുമായി നില്ക്കുന്ന ഒരു ചിത്രവും ആശംസയും. അതായിരുന്നു പതിവ്. ഊര്‍ജ്ജസ്വലനായ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന റാവു ആന്ധ്രയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളിയുമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച റാവുവിനെ ഞങ്ങളില്‍ നിന്നു കോവിഡ് തട്ടിയെടുത്തു’, കെവി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

‘പക്ഷെ, ഈ പിറന്നാള്‍ ദിനത്തിലും എനിക്കുള്ള ആശംസ മുടങ്ങിയില്ല. കോവിഡു ബാധിതനാകുന്നതിനു തൊട്ടു മുന്‍പ് റാവു അത് ഏര്‍പ്പാട് ചെയ്തിരുന്നു. അത് ഇന്ന് അച്ചടിച്ചു വന്നിരിക്കുന്നു. കണ്ണുനീരോടെയാണ് ഞാനത് വായിച്ചത്’, അദ്ദേഹം പറയുന്നു.

കെവി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം

ദി ലാസ്റ്റ് വിഷ്.

ഇന്നെന്റെ പിറന്നാളാണ്. വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളില്‍ എനിക്കുള്ള പിറന്നാള്‍ ആശംസകള്‍ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി മുടക്കമില്ലാതെ ഈ ആശംസ നല്കി കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ നാല്പത്തിയെട്ടുകാരനായ എന്റെ യുവസുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു. ഞാനും റാവുവുമായി നില്ക്കുന്ന ഒരു ചിത്രവും ആശംസയും. അതായിരുന്നു പതിവ്. ഊര്‍ജ്ജസ്വലനായ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന റാവു ആന്ധ്രയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളിയുമായിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച റാവുവിനെ ഞങ്ങളില്‍ നിന്നു കോവിഡ് തട്ടിയെടുത്തു.

പക്ഷെ, ഈ പിറന്നാള്‍ ദിനത്തിലും എനിക്കുള്ള ആശംസ മുടങ്ങിയില്ല. കോവിഡു ബാധിതനാകുന്നതിനു തൊട്ടു മുന്‍പ് റാവു അത് ഏര്‍പ്പാട് ചെയ്തിരുന്നു. അത് ഇന്ന് അച്ചടിച്ചു വന്നിരിക്കുന്നു. കണ്ണുനീരോടെയാണ് ഞാനത് വായിച്ചത്.

മെരുകാ രാജേശ്വര റാവു എറ്റെടുത്ത് നടപ്പാക്കിയിരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി ഞാനുള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ മുന്നോട്ടു കൊണ്ടു പോകും.

റാവു എന്നോട് പ്രകടിപ്പിച്ചിട്ടുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തിനു മുന്നില്‍ ബാഷ്പാജ്ഞലി.