‘സുധാകരന്‍ രാഷ്ട്രീയനേതാവാണ്, പിണറായി മുഖ്യമന്ത്രിയും’; കെപിസിസി അധ്യക്ഷനെ പിന്തുണച്ച് കെവി തോമസ്, പിന്തുണ ഇടത് നേതാക്കളുമായി കൂടിക്കാഴ്ചയെന്ന അഭ്യൂഹങ്ങള്‍ക്കിടെ

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള ബ്രണ്ണന്‍ പോരില്‍ കെ സുധാകരനെ പിന്തുണച്ച് കെവി തോമസ്. മുഖ്യമന്ത്രി ആ സ്ഥാനത്തിരുന്നുകൊണ്ട് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്. ഒരു പത്രസമ്മേളനത്തില്‍ 20 മിനിട്ട് ഇത്തരം ഒരു കാര്യത്തിന് വേണ്ടി ചിലവാക്കുക എന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.

‘കേരളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കുന്ന പത്രസമ്മേളനമാണ് മുഖ്യമന്ത്രിയുടേത്. അത്തരം ഒരു പത്രസമ്മേളനത്തില്‍ 20 മിനിട്ട് ഇത്തരം ഒരു കാര്യത്തിന് വേണ്ടി ചിലവാക്കുക എന്നത് ശരിയാണോ? കെ സുധാകരന്‍ ഒരു രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തിന് രാഷ്ട്രീയപരമായ കാഴ്ചപ്പാടുകള്‍ ഉണ്ട്. സുധാകരന്റെ പ്രതികരണം കെപിസിസി അധ്യക്ഷന്‍ എന്ന നിലയിലാണ്’, കെവി തോമസ് വ്യക്തമാക്കി.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെവി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം അധ്യക്ഷനെ പിന്തുണച്ച് രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്. കെവി തോമസ് ഡല്‍ഹിയില്‍ ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ഇത്.

Also Read: ‘കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയുണ്ടെങ്കിലെന്ത് കൊണ്ട് പൊലീസിനോട് പറഞ്ഞില്ല’, പിണറായിയുടെ നിലവാരത്തിലേക്ക് താഴാനില്ല’; ‘ബ്രണ്ണന്‍ പോരില്‍’ കെ സുധാകരന്‍

Also Read: ‘ബ്രണ്ണന്‍ പോരില്‍ സുധാകരന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടി; പിണറായിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരം, ഒഴിവാക്കേണ്ടതായിരുന്നു’, സുധാകരന്റേതില്‍ നിന്ന് ഒഴിഞ്ഞുമാറി

സുധാകരന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. സുധാകരന് എതിരായി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. വളരെ നിര്‍ഭാഗ്യകരമായിപ്പോയി. മുഖ്യമന്ത്രി വളരെ ഉയര്‍ന്ന് നിന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന രീതിയില്‍ പൊതു ജീവിതത്തിന് നേതൃത്വം നല്‍കേണ്ടയാളാണ്. അദ്ദേഹം അങ്ങനെയൊരു നിലയിലേക്ക് വന്നത് നിര്‍ഭാഗ്യകരമാവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെ പിണറായി വിജയന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ നിലവാരത്തിന് ചേരാത്തതാണെന്നാണ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നത്. വാര്‍ത്ത സമ്മേളനം വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുത്. ഇത് മരംമുറി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തല പറഞ്ഞു.