ചെലവ് കുറയ്ക്കാനെന്ന പേരില്‍ പിരിച്ചുവിടുന്നത് നൂറുകണക്കിന് തൊഴിലാളികളെ; പ്രഫുല്‍ പട്ടേല്‍ ഒറ്റ യാത്രയ്ക്ക് ചെലവഴിക്കുന്നത് 23 ലക്ഷം

ചെലവ് ചുരുക്കേണ്ടത് അത്യാവശ്യമാണെന്ന് കൂടെക്കൂടെ ഉപദേശിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഓരോ യാത്രയ്ക്കും വേണ്ടി ദ്വീപ് സര്‍ക്കാരിന് ചെലവഴിക്കേണ്ടി വരുന്നത് ലക്ഷങ്ങള്‍. ദ്വീപിലേക്ക് പ്രഫുല്‍ പട്ടേല്‍ നടത്തുന്ന ഓരോ യാത്രയ്ക്കും കാല്‍ക്കോടിയോളം രൂപ ചെലവുണ്ടെന്ന് പ്രതിരോധ മന്ത്രാലയം നല്‍കിയ മറുപടി വ്യക്തമാക്കുന്നു.

ഫെബ്രുവരി 21ന് കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം ചാര്‍ട്ട് ചെയ്താണ് പട്ടേല്‍ എത്തിയത്. അഡ്മിനേയും മൂന്ന് ഉദ്യോഗസ്ഥരേയും ദാമനില്‍ നിന്ന് ദ്വീപിലെത്തിച്ചതിന് സര്‍ക്കാര്‍ വാടകയായി നല്‍കുന്നത് 23,21,280 രൂപ. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയും കോസ്റ്റ് ഗാര്‍ഡിന്റെ വിമാനത്തിലാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപ് സന്ദര്‍ശിക്കാനെത്തിയത്.

ലക്ഷദ്വീപില്‍ ഇതുവരെ അഡ്മിന്‍മാരായിരുന്ന 36ല്‍ ആരും ഡോണിയര്‍ വിമാനം ഉപയോഗിച്ചിരുന്നില്ല. സ്ഥാനമേറ്റ് ആറ് മാസത്തിനിടെ പട്ടേല്‍ ദ്വീപിലേക്ക് ഡോണിയര്‍ വിമാനം ചാര്‍ട്ട് ചെയ്ത് പറന്നത് നാല് തവണ. കഴിഞ്ഞ മൂന്നു തവണത്തെ യാത്രയ്ക്കായി 93 ലക്ഷം രൂപ ചെലവ്. കഴിഞ്ഞ തിങ്കളാഴ്ച്ച നടത്തിയ സന്ദര്‍ശനം കൂടി കണക്കിലെടുത്താല്‍ ദ്വീപ് സര്‍ക്കാര്‍ കൊടുക്കേണ്ടി വരിക ഒന്നേ കാല്‍ കോടിയോളം രൂപ.

സര്‍ക്കാര്‍ ചെലവ് കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നൂറുകണക്കിന് താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ഇത്രയും തുക ഒറ്റ യാത്രയ്ക്കായി ചെലവാക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

കെ ഐ നിസാമുദ്ദീന്‍, കവരത്തി പഞ്ചായത്ത് അംഗം

ദാമന്‍ദിയുവിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പ്രഫുല്‍ പട്ടേലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചത് വിവാദമായിരുന്നു. 400 കോടിയുടെ കരാറുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്വന്തക്കാര്‍ക്ക് നല്‍കിയെന്നാണ് ആരോപണം. ഔദ്യോഗിക വസതി മോടി പിടിപ്പിക്കാനായി മാത്രം പ്രഫുല്‍ പട്ടേല്‍ 17.5 കോടി രൂപ ചെലവിട്ടെന്നും പരാതിയിലുണ്ട്.

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധം തുടരുകയാണ്. ദ്വീപില്‍ സ്വകാര്യവ്യക്തികളുടെ ഭൂമി മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥര്‍ കൈയ്യേറി കൊടി നാട്ടിയെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.