കൊച്ചി: അഡ്മിനിസ്ട്രേറ്റര്‍ വിവാദങ്ങള്‍ക്കിടെ ലക്ഷദ്വീപില്‍ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്. നിലവില്‍ സന്ദര്‍ശകപാസില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്ട്രേഷന് ഉത്തരവിട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും.
ലക്ഷദ്വീപിലെ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ സംഘം ദ്വീപിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കവെയാണ് കേന്ദ്രത്തിന്റെ അടിയന്തിര ഉത്തരവ് വന്നിരിക്കുന്നത്. ശനിയാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച മുതല്‍ വിലക്ക് ഏര്പ്പെടുത്തിത്തുടങ്ങുകയാണ്. ലക്ഷദ്വീപില്‍ കേന്ദ്രം നയം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശകരെ വിലക്കിയിരിക്കുന്നത്.
സന്ദര്‍ശക പാസില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം മടങ്ങണമെന്നാണ് നിര്‍ദ്ദേശം. ഇത്തരത്തില്‍ എത്തിയിട്ടുള്ളവരെ പൊലീസ് ഉടന്‍ കണ്ടെത്തണമെന്നും ഉത്തരവില്‍ പറയുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണമെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ ദ്വീപിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും ടെസ്റഅറ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയാണെന്നുമാണ് ലക്ഷദ്വീപ് കളക്ടര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ദ്വീപിലെ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്നും വാദമുയര്‍ത്തി സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളവേ, അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദാ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍ എത്തിയേക്കും. വിവാദങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.