കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ ലക്ഷദ്വീപില്‍ കൂട്ട സ്ഥലംമാറ്റം. ഫിഷറീസ് വകുപ്പില്‍നിന്ന് 39 ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി. ഉത്തവരവിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
വിവിധ ദ്വീപുകളിലേക്ക് ഉടന്‍ ചാര്ജ്ജെടുക്കാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലക്ഷദ്വീപില്‍ ഇതാദ്യമായാണ് ഇത്രയധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് സ്ഥലം മാറ്റുന്നത്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതുമായി ബന്ധടപ്പെട്ടുള്ള അധികാരം നേരത്തെ ജില്ലാ ഭരണകൂടത്തിനായിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ നിയമനത്തിന് പിന്നാലെ പ്രഫുല്‍ ഖോദാ പട്ടേല്‍ ഈ അഖധികാരം ഏറ്റെടുക്കുകയായിരുന്നു.
കൊച്ചിയില്‍ ഫിഷറീസ് യൂണിറ്റിന്റെ ചുമതലയുണ്ടായിരുന്ന മുഹമ്മദ് കാസിമിനെ ആന്ത്രോത്ത് ദ്വീപിലേക്ക് സ്ഥലം മാറ്റി. കൊച്ചിയിലേക്ക് പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടുമില്ല.
കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഫിഷറീസ് വകുപ്പുദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയുള്ള ഉത്തരവും അഡ്മിനിസ്ട്രേറ്റര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ബുധനാഴ്ച ലക്ഷദ്വീപിലെ എയര്‍ആംബുലന്‍സ് സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും ഇത്തരവിറക്കിയിരുന്നു. വിദഗ്ധ ചികിത്സക്കായി എയര്‍ ആംബുലന്‍സ് ആവശ്യമായ രോഗികളുടെ കാര്യത്തില്‍ നാലംഗ സമിതിയുടെ അനുമതി ആവശ്യപ്പെടുത്തിയാണ് നിയന്ത്രണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട നാലംഗ സമിതി അഡ്മിനിസ്ട്രേറ്റര്‍ രൂപീകരിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഈ സമിതിയുടെ തീരുമാനങ്ങള്ക്കനുസരിച്ചാവണം രോഗികള്‍ക്ക് എയര്‍ ആംബുലന്‍സ് അനുവദിക്കാവൂ എന്നാണ് തീരുമാനം. രേഖകളും ഹാജരാക്കണം.
നേരത്തെ ഹെലികോപ്റ്ററില്‍ രോഗികളെ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കല്‍ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നുള്ളു.
പ്രതിഷേധങ്ങള്‍ക്കിടെ, കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടരാനും പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച്ച ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് അഡ്മിന്റെ നിര്‍ദ്ദേശം. പരിഷ്കാരങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും ദ്വീപിലേയും മറ്റ് സംസ്ഥാനങ്ങളിലേയും പ്രതിഷേധങ്ങള്‍ വൈകാതെ കെട്ടടങ്ങുമെന്നും പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ലക്ഷദ്വീപിലെ റിക്രൂട്ട്മെന്റുകള്‍ പുനപരിശോധിക്കാന്‍ വകുപ്പുതല സെക്രട്ടറിമാര്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ റിക്രൂട്ട്മെന്റ് കമ്മിറ്റികളുടെ കാലാവധിയും അതിലെ അംഗങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍, ലക്ഷദ്വീപിലേക്ക് സ്ഥലം മാറിയവരേകുറിച്ചുള്ള വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ദ്വീപിലെ സ്ഥിര-താല്‍ക്കാലിക ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കണമെന്നും ‘വേണ്ട’ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. കാര്യക്ഷമതയുടെ മാനദണ്ഡം എന്താണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കാത്തതിനാല്‍ ജീവനക്കാര്‍ ആശങ്കയിലാണ്.