‘ഈ ബഹളങ്ങളുടെ ലക്ഷ്യം വികസനമല്ല, അത് മറ്റ് താല്‍പര്യങ്ങളാണെന്ന് വ്യക്തം’; ലക്ഷദ്വീപ് വിവാദത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ ശേഷം പ്രഫുല്‍ ഖോദാ പട്ടേല്‍ വരുത്തിയ പരിഷ്‌കാരങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നല്‍കാനുള്ള നിവേദനത്തില്‍ ഒപ്പുവെച്ച് 93 മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ കോണ്‍സ്റ്റിറ്റിയൂഷണല്‍ കണ്‍ഡക്ട് ഗ്രൂപ്പാണ് നിവേദനം തയ്യാറാക്കിയിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാതെ നിഷ്പക്ഷവും ഭരണഘടനയില്‍ വിശ്വസിച്ചും പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണിത്.

വികസനത്തിന്റെ പേരില്‍ ഒരു കേന്ദ്രഭരണ പ്രദേശത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതില്‍ തങ്ങളുടെ അതൃപ്തി വ്യക്തമാക്കാനാണ് തീരുമാനമെന്നാണ് കൂട്ടായ്മ അറിയിച്ചിരിക്കുന്നത്. ലക്ഷദ്വീപില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന വിവാദ പരിഷ്‌കാരങ്ങളെ ശക്തമായി അപലപിച്ചാണ് നിവേദനം.

‘ദ്വീപിന്റെയും ദ്വീപ് നിവാസികളുടെയും താല്‍പര്യത്തിനും സംസ്‌കാരത്തിനും എതിരായി കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ തീര്‍ച്ചയായും ഒരു ദീര്‍ഘ അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാണ്. ഈ ഏകപക്ഷീയമായ പോളിസികള്‍ വികസനത്തിന് വേണ്ടിയുള്ളതല്ല. മറിച്ച് ലക്ഷദ്വീപിന്റെ പരിസ്ഥിതിയെയും സമൂഹത്തെയും ഹനിക്കാന്‍ ഉതകുന്നതാണ്. തന്നേയുമല്ല, ദ്വീപ് നിവാസികളുമായി യാതൊരു കൂടിയാലോചനകളുമില്ലാതെ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന നീക്കങ്ങളും നടപടികളും ലക്ഷദ്വീപ് സമൂഹത്തെ ആകമാനവും അവരുടെ സമ്പത് വ്യവസ്ഥയെയും ഭൂമിയെയും കടന്നാക്രമിച്ചുകൊണ്ടുള്ളതാണ്. ടൂറിസത്തിനും നിക്ഷേപ താല്‍പര്യക്കാര്‍ക്കും മുമ്പില്‍ ഒരു റിയല്‍ എസ്റ്റേറ്റ് വസ്തു മാത്രമായി ലക്ഷദ്വീപിനെ മാറ്റാനുള്ള ശ്രമമാണിത്’, നിവേദനത്തില്‍ പറയുന്നു.

Also Read: കെ സുരേന്ദ്രന്‍ രാജിവെക്കുമോ?; പ്രതീക്ഷിച്ച് ഒരു വിഭാഗം നേതാക്കള്‍, രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുരളീധര വിഭാഗം

വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും ജനങ്ങളെ മനസിലാക്കി അവര്‍ക്കുതകുന്ന തീരുമാനങ്ങളെടുക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നാണ് നിവേദനത്തില്‍ ഒപ്പുവെച്ച് 93 പേരും ആവശ്യപ്പെടുന്നത്.