‘ഇവിടെ ഒരൊറ്റ ഭീകരനും ഇല്ലെന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റും’; ലക്ഷദ്വീപ് യുവമോര്‍ച്ചയില്‍നിന്നും രാജിവെച്ച സംസ്ഥാന നേതാവ്

കൊച്ചി: ശ്രീലങ്കയില്‍ നിന്ന് ഐഎസ് ഭീകരര്‍ ലക്ഷദ്വീപിനെ ഉന്നംവെച്ച് നീങ്ങുന്നതായുള്ള ആരോപണങ്ങളെയും ഐബി റിപ്പോര്‍ട്ടും തള്ളി ലക്ഷദ്വീപ് യുവമോര്‍ച്ചയില്‍നിന്നും രാജിവെച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിം. അതിനുത്തരം പറയേണ്ടത് ആ വിവരം നല്‍കിയവരാണ്. ഇവിടെ ഒരൊറ്റ ഭീകരനും ഇല്ലെന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റുമെന്നും ഹാഷിം പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

‘ആ 15 ഭീകരര്‍ എവിടെ? അവരുമായി ഏതെങ്കിലും ദീപുകാര്‍ ബന്ധപ്പെട്ടിരുന്നോ? അതിന്റെ വല്ല തെളിവും കിട്ടിയോ? ഇവിടെ ഒരൊറ്റ ഭീകരനും ഇല്ലെന്ന് ഞങ്ങള്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റും’, മുഹമ്മദ് ഹാഷിം പറഞ്ഞു. 2019ലായിരുന്നു 15 ഐസ് ഭീകരര്‍ ലക്ഷദ്വീപിനെ ഉന്നംവെച്ച് നീങ്ങുന്നുണ്ടെന്ന് ഇന്റലിജന്റ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തത്. അഡ്മിനിസ്‌ട്രേറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ പ്രധാന വാദമായിരുന്നു ഈ റിപ്പോര്‍ട്ട്.

ഇഷ്ടപ്പെട്ട് ബിജെപി എന്ന പ്രസ്ഥാനത്തിലേക്ക് വന്ന തങ്ങള്‍ക്ക് മാനസികമായി വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടി ഭരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളെ മാനിക്കാതെ ഞങ്ങള്‍ തീവ്രവാദികളാണ് എന്ന രീതിയിലുള്ള ആരോപണം വന്നപ്പോള്‍ അതിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കുക പോലും ചെയ്തില്ല. പാര്‍ട്ടിയുടെ ഇത്തരം നിലപാടുകളില്‍ മനംനൊന്താണ് രാജിയെന്നും ഹാഷിം വ്യക്തമാക്കി.

Also Read: അഞ്ച് വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍, ആരോഗ്യമേഖലയില്‍ സമഗ്ര പാക്കേജിന് 1000 കോടി, സൗജന്യ വാക്‌സിന്‍ ഉറപ്പാക്കും; ഗവര്‍ണറുടെ നയപ്രഖ്യാപനം

അഡ്മിനിസ്‌ട്രേറ്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി നേതൃത്വത്തിന് ഒരു കത്തയച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ആ കത്ത് തള്ളിക്കളഞ്ഞു. ആരോപണങ്ങള്‍ വ്യക്തിപരമാണന്ന് പറഞ്ഞ പാര്‍ട്ടി നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്. ദ്വീപിലെ വിഷയങ്ങളുമായും രാജിയുമായും ബന്ധപ്പെട്ട് തണുപ്പന്‍ പ്രതികരണമായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

അഡ്മിനിസ്‌ട്രേറ്ററുടേത് കച്ചവട താല്‍പര്യങ്ങളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ മുന്‍ ചരിത്രവും വിരല്‍ ചൂണ്ടുന്നതും അതിലേക്ക് തന്നെയാണ്. ഗുണ്ടാ നിയമം എന്തിന് ചുമത്തി എന്ന ചോദ്യം തങ്ങള്‍ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും ഷാഹിം പറയുന്നു.

മാംസാഹാരം നിരോധിച്ചതുമായി ബന്ധപ്പെട്ടും ഹാഷിം പ്രതികരിച്ചു. ‘പച്ചക്കറികള്‍ ഇവിടെ ദുര്‍ലഭമാണ്. കപ്പലില്‍ കേരളത്തില്‍ നിന്നും വരുന്ന പച്ചക്കറികള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്താന്‍ ദ്വീപുകാര്‍ക്ക് ബുദ്ധിമുട്ടാണ്. ജനിച്ച കാലം മുതല്‍ മത്സ്യവും മറ്റ് മാംസാഹാരവും കഴിച്ച് ശീലിച്ചവരാണ് ഞങ്ങള്‍. ഞങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തോടും ഭക്ഷണ താല്‍പര്യത്തോടും ഒപ്പം അവര്‍ ജീവിച്ച് വളര്‍ന്ന് വന്ന ചുറ്റുപാടുകളോടും ഒട്ടും മമത കാണിക്കാതെ നടത്തിയ നീക്കമാണ് ഇത്’.