തിരുവനന്തപുരം: അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദാ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം കനക്കവെ, ലക്ഷദ്വീപിന് പിന്തുണയുമായി കേരളം. കേരള നിയമസഭ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കും. നിലവില്‍ നടക്കുന്ന സമ്മേളനത്തിനിടയിലാവും പ്രമേയം പാസാക്കുക. പ്രമേയത്തെ പ്രതിപക്ഷവും പിന്തുണയ്ക്കും.
ഇതിനുള്ള നടപടി ക്രമങ്ങള്‍ സ്പീക്കറുടെ ഓഫീസ് പരിശോധിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി സഭ ചേരുന്നതിനോടടുത്ത് നയപ്രഖ്യാപന പ്രസംഗത്തില്‍ ചര്‍ച്ച നടക്കും. ഇതിന് ശേഷം ലക്ഷദ്വീപുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യതയാണ് സ്പീക്കര്‍ പരിശോധിക്കുന്നത്.
പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. പ്രമേയം എന്ന് അവതരിപ്പിക്കുമെന്നതുള്പ്പെടെ ഇന്ന് തീരുമാനിച്ചേക്കും.
അഡ്മിനിസ്ട്രേറ്റര്‍ക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച് നിയമസഭ പ്രമേയം പാസാക്കാണമെന്ന് നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷാഫി പറമ്പില്‍ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. ബിജെപിക്ക് സഭയില്‍ അംഗമില്ലാത്തതിനാല്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും മുഴുവന്‍ എംഎല്‍എമാരും ചേര്‍ന്ന് സംയുക്തമായിട്ടാവും പ്രമേയം പാസാക്കുക.
നേരത്തെ സിഎഎ, കാര്‍ഷിക നിയമം എന്നീ കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ കേരളനിയമസഭ സംയുക്തമായി പ്രമേയം പാസാക്കിയിരുന്നു.