ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നയങ്ങള്‍ക്കെതിരെ സംയുക്ത നീക്കത്തിന് തയ്യാറെടുത്ത് പ്രതിപക്ഷം. കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരവും രാഹുല്‍ ഗാന്ധിയും ലക്ഷദ്വീപിന്റെ സംസ്കാരത്തെ തകര്‍ക്കുന്ന നടപടികളില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യമുന്നയിച്ച് രാഷ്ട്രപതിക്ക് സംയുക്ത നിവേദനം നല്‍കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ വ്യക്തത വരുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കും. എല്ലാപാര്‍ട്ടികളെയും വിഷയത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത്, കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. ഇവയ്ക്ക് പുറമേ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇപ്പോഴത്തെ നീക്കം.
മഹാസമുദ്രത്തിലെ ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. താന്‍ ലക്ഷദ്വീപ് ജനതയ്ക്കൊപ്പമാണ്. അധികാരത്തിലിരിക്കുന്ന വിഡ്ഢികളായ മതഭ്രാന്തന്മാര് ലക്ഷദ്വീപിനെ തകര്‍ക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
‘ജനങ്ങളുടെ ആഗ്രഹത്തിനും ധാര്‍മ്മികതയ്ക്കും ഉതകുന്ന തരത്തില്‍ സമാധാനവും ഐക്യവും വികസനവുമുള്ള സ്വര്‍ഗമായിരുന്നു ലക്ഷദ്വീപ്. ബിജെപി കടന്നുവന്നു: അവിടെ വിവാദങ്ങളും കലാപങ്ങളുമുണ്ടാക്കാന്‍ ശ്രമം തുടങ്ങി. ‘ബിജെപി നിയമിച്ച’ അഡ്മിനിസ്ട്രേറ്ററെ എത്രയും പെട്ടെന്ന് തിരിച്ചുവിളിക്കണം’, പി ചിദംബരം ട്വീറ്റ് ചെയ്തു.