പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് മടങ്ങുന്നു; പാത്രം കൊട്ടി യാത്രയാക്കി ലക്ഷദ്വീപ് നിവാസികള്‍

കൊച്ചി: ഒരാഴ്ചത്തെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ മടങ്ങുന്നു. തീരുമാനിച്ചതിലും ഒരു ദിവസം മുന്‍പേയാണ് പട്ടേല്‍ മടങ്ങുന്നത്.

20ന് മടങ്ങാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ഒരു ദിവസം മുന്‍പേയുള്ള മടക്കം ബിജെപി കേന്ദ്ര നേതൃത്വം പട്ടേലിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിനാലാണെന്നാണ് ധാരണ. ഇന്ന് രാവിലെ അദ്ദേഹം കവരത്തിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ അഗത്തിയിലെത്തും. അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ മടങ്ങും.

പട്ടേലിനെ ദ്വീപ് നിവാസികള്‍ പാത്രം കൊട്ടി പ്രതിഷേധിച്ചാണ് യാത്രയാക്കിയത്. ഇന്നലെ 9നും 9.10നും ഇടയല്‍ വിളക്കുകള്‍ അണച്ച് മെഴുകുതിരിയും ടോര്‍ച്ചും തെളിച്ചു പാത്രം കൊട്ടി ശബ്ദമുണ്ടാക്കി ദ്വീപ് നിവാസികള്‍ ഒന്നടങ്കം പ്രതിഷേധിച്ചു.

പ്രതിഷേധം ശക്തമായി നടക്കവേ ബിജെപി ലക്ഷദ്വീപ് സംസ്ഥാന കമ്മറ്റി ഓഫീസിന് നേരെ ആക്രമണം നടന്നു. ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡ് കരി ഓയില്‍ ഒഴിച്ചു നശിപ്പിച്ചു.