വികസനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്ന് കൊച്ചിയില്‍ ലക്ഷദ്വീപ് കളക്ടര്‍; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, സിപിഐ പ്രവര്‍ത്തകര്‍

കൊച്ചി: ലക്ഷദ്വീപില്‍ വികസനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലി. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ടൂറിസം രംഗത്ത് പിന്നോക്കാവസ്ഥയാണുള്ളത്. ടൂറിസം രംഗത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുകയാണ്. തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നും കളക്ടര്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് സേവനം ശക്തിപ്പെടുത്തുന്നു. സ്ത്രീകള്‍ക്ക് വേണ്ടി സ്വാശ്രയ സംഘങ്ങള്‍ ആരംഭിച്ചു. കാര്‍ഷിക മേഖലയിലും പരിഷ്‌ക്കാരങ്ങള്‍ നടത്തും. വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

ദ്വീപില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു. മയക്കുമരുന്നടക്കം കടത്തുന്നു. ദ്വീപുകാരുടെ ഭാവി സുരക്ഷിതമാക്കും. മദ്യ ലൈസന്‍സ് ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയാണ്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ഗുണ്ടാ ആക്ട് നടപ്പിലാക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

ഇപ്പോള്‍ പ്രചരിക്കുന്നത് നുണക്കഥകള്‍. ഇതിന് പിന്നില്‍ ദ്വീപിന് പുറത്തുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. കളക്ടര്‍ക്കെതിരെ എറണാകുളം പ്രസ് ക്ലബ്ബിന് മുന്നില്‍ പ്രതിഷേധമുണ്ടായി. ഡിവൈഎഫ്‌ഐ, സിപിഐ പ്രവര്‍ത്തകര്‍ ഗോബാക്ക് വിളികളുമായെത്തി.