‘ചരിത്രത്തില്‍ നിന്നേ ഇല്ലാതാക്കപ്പെടരുത്’; ലക്ഷദ്വീപിനേയും ജനതയേയും നാമാവശേഷമാക്കരുതെന്ന് റഹ്മാന്‍

ലക്ഷദ്വീപ് അഡ്മിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകവേ ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ റഹ്മാന്‍. ലക്ഷദ്വീപിലെ സംഭവവികാസങ്ങള്‍ വേദനിപ്പിക്കുന്നതാണെന്ന് റഹ്മാന്‍ പറഞ്ഞു. പ്രകൃതി സൗന്ദര്യം മാത്രമല്ല, പരസ്പര സ്‌നേഹവും ഒത്തൊരുമയും വിശ്വാസവും ചേര്‍ന്നതാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം. അതു നശിക്കാന്‍ ഇടവരുത്തരുതെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലക്ഷദ്വീപിലെ അവസ്ഥയോര്‍ത്ത് എന്റെ മനസ് വേദനിക്കുന്നു. ലക്ഷദ്വീപിന്റെ മനോഹാരിത ആ ഇടത്തിന്റേത് മാത്രമല്ല, അവിടെ ജീവിക്കുന്നവരുടെ സ്‌നേഹത്തിന്റേയും മനുഷ്യത്വത്തിന്റേയും ഒത്തൊരുമയുടേതും കൂടിയാണ്. ചരിത്രത്തില്‍ വംശനാശം സംഭവിച്ചുപോകുന്ന ഒന്നായി അത് മാറിക്കൂടാ.

റഹ്മാന്‍

ദ്വീപ് അഡ്മിന്റെ നയങ്ങള്‍ക്കും ഉത്തരവുകള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാകുകയാണ്. ദ്വീപ് ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും രംഗത്തെത്തി. അഭിനേതാക്കളും സംവിധായകരുമടക്കമുള്ള സെലിബ്രിറ്റികളും ദ്വീപ് നിവാസികളെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. പൃഥ്വിരാജ്, സലിംകുമാര്‍, സണ്ണി വെയ്ന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം, ഹരിശ്രീ അശോകന്‍ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വാര്‍ത്തയായിരുന്നു.

കുറച്ചുദിവസങ്ങളായി ലക്ഷദ്വീപിലുള്ളവര്‍ തന്നെ വിളിച്ച് ആശങ്ക പങ്കുവെയ്ക്കുകയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ഏത് നിയമമാണെങ്കിലും പരിഷ്‌കാരമാണെങ്കിലും ആ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതത്തെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗമനമാകുമെന്ന് പൃഥ്വിരാജ് ചോദിച്ചു. ദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധിക ദൂരമില്ലെന്നായിരുന്നു സലിംകുമാറിന്റെ പ്രതികരണം.