പ്രതിഷേധം കനക്കുന്നു; ദ്വീപിന് വേണ്ടി ‘ലക്ഷദ്വീപം’ തെളിയിക്കാന്‍ ആഹ്വാനം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യം കനക്കുന്നതിനിടെ ദീപം തെളിയിച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് ഓണ്‍ലൈന്‍ കൂട്ടായ്മകള്‍. വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് മെഴുകുതിരിയോ വെളിച്ചമോ തെളിയിച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയത് പ്രതിഷേധിക്കാനാണ് തീരുമാനം. ‘ലക്ഷദ്വീപം’ എന്ന ഹാഷ്ടാഗിലാണ് ഓണ്‍ലൈന്‍ പ്രതിഷേധം.

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെയും ദ്വീപ് ഭരണകൂടത്തിന്റെയും നടപടികൾ ദ്വീപ് നിവാസികൾക്ക് എതിരാണെന്നും നടപ്പിലാക്കുന്ന നിയമങ്ങൾ ജനവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട ഓൺലൈൻ പ്രതിഷേധങ്ങൾ ട്വിറ്റർ ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ട്രെന്റിങ് ആണ്.

‘ലക്ഷദ്വീപം’ തെളിയിച്ച ശേഷം #Lakshadweepam, #TogetherWithLakshadweep ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്യാനാണ് ഓൺലൈൻ പ്രതിഷേധം നയിക്കുന്നവർ ആവശ്യപ്പെടുന്നത്. ദേശീയ അന്തർദേശീയ ശ്രദ്ധ ഈ വിഷയത്തിൽ കൊണ്ടുവരാനാണ് ഈ ഉദ്യമമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന അപർണ ന്യൂസ്റപ്റ്റിനോട് പറഞ്ഞു.

അതേസമയം ദ്വീപിനെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്നത് നുണക്കഥകള്‍ ആണെന്നും ഇതിന് പിന്നില്‍ ദ്വീപിന് പുറത്തുള്ളവരാണെന്നും ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലി അഭിപ്രായപ്പെട്ടു.

ലക്ഷദ്വീപില്‍ വികസനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചു. ടൂറിസം രംഗത്ത് നിലവിൽ പിന്നോക്കാവസ്ഥയാണുള്ളതെന്നും ഈ മേഖലയിൽ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നും കളക്ടര്‍ കൂട്ടിച്ചേർത്തു.

ദ്വീപില്‍ കുറ്റകൃത്യങ്ങള്‍ കൂടുകയും മയക്കുമരുന്നടക്കം കടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ദ്വീപുകാരുടെ ഭാവി സുരക്ഷിതമാക്കാനാണ് ഗുണ്ടാ ആക്ട് നടപ്പിലാക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

കളക്ടര്‍ക്കെതിരെ എറണാകുളം പ്രസ് ക്ലബ്ബിന് മുന്നില്‍ പ്രതിഷേധമുണ്ടായി. ഡിവൈഎഫ്‌ഐ, സിപിഐ പ്രവര്‍ത്തകര്‍ ഗോബാക്ക് വിളികളുമായെത്തിയിരുന്നു.