‘ലുഖ്മാനെതിരെ നടപടിയില്ലെങ്കില്‍ ലക്ഷദ്വീപ് സിപിഐഎം തകരും’; കേരളത്തില്‍ നിന്ന് നല്ല നടപടി പ്രതീക്ഷിക്കുന്നുവെന്ന് രാജിവെച്ച ഡിവൈഎഫ്‌ഐ പ്രസിഡണ്ട്

കവരത്തി: ലക്ഷദ്വീപിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഐഎം നടപടിയെടുത്തില്ലെങ്കില്‍ ദ്വീപിലെ പാര്‍ട്ടി തകരുമെന്ന് രാജിവെച്ച ഡിവൈഎഫ്‌ഐ പ്രസിഡണ്ട് കെകെ നസീര്‍. വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വം നല്ല നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു.

സിപിഐഎം ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി ലുക്മാനുല്‍ ഹക്കീമിന് കച്ചവട താല്‍പര്യങ്ങളുണ്ടാകാം. അദ്ദേഹം ഒരു ബിസിനസുകാരനാണ്. ദ്വീപില്‍ 70 പശുക്കളുണ്ടായിരിക്കേ അദ്ദേഹം 10 പശുക്കള്‍ മാത്രമേയുള്ളുവെന്ന് പറഞ്ഞു. രാജ്യം മുഴുവന്‍ ദ്വീപിന് നേര്‍ക്ക് നടക്കുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്ക് നേരെ നില്‍ക്കുമ്പോള്‍ ഇത്തരം നിലപാടുകള്‍ ശരിയല്ല. അത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന ലുക്മാനെതിരെ കേരളത്തിലെ പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ ദ്വീപിലെ സിപിഐഎം തകരും. താന്‍ മാത്രമല്ല മൂന്നോളം ലോക്കല്‍ കമ്മറ്റി അംഗങ്ങളും മാറി നില്‍ക്കുകയാണ്. കേരളത്തിലെ പാര്‍ട്ടി നേതൃത്വം നല്ല നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെകെ നസീര്‍

സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടിയത് നഷ്ടത്തിലായതിനാലാണെന്നും പ്രതിഷേധത്തില്‍ കാര്യമില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ ലുക്മാനുല്‍ പറഞ്ഞിരുന്നു. ലക്ഷദ്വീപില്‍ പത്ത് പശുക്കളൊക്കെയെ ഉള്ളൂവെന്നും അമുല്‍ ലക്ഷദ്വീപില്‍ പണ്ടെ ഉണ്ടെന്നും ലുക്മാനുല്‍ പറഞ്ഞിരുന്നു.

ദ്വീപിന് വേണ്ടി ശക്തമായി നിലകൊണ്ട കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ കൂട്ടായ്മകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകള്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടും അച്ചടക്ക് നടപടിയുണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും കെകെ നസീര്‍ നേരത്തെ പറഞ്ഞിരുന്നു. വലതുപക്ഷ പ്രചാരകര്‍ക്ക് അവസരം നല്‍കുന്ന നിലപാടാണ് പാര്‍ട്ടി സെക്രട്ടറി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.