സുലു മാര്‍ട്ട് മുതലാളിയായി സൗബിന്റെ ദസ്തക്കീര്‍; ലാല്‍ ജോസിന്റെ ‘മ്യാവ്യൂ’ ടീസറെത്തി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ‘മ്യാവൂ’വിന്റെ ടീസറെത്തി. സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന ദസ്തക്കീറിന്റെ കോളേജ് കാലവും പ്രവാസ ജീവിതവുമാണ് ടീസറിലെ രംഗങ്ങളില്‍. മംമ്ത മോഹന്‍ദാസ്, സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം വിദേശികളും പ്രവാസി അഭിനേതാക്കളും പ്രധാന വേഷത്തിലുണ്ട്. ദസ്തക്കീറിന്റെ മൂന്ന് കുട്ടികളായി വരുന്ന ബാലതാരങ്ങള്‍ക്കൊപ്പം ഒരു പൂച്ചയ്ക്കും ചിത്രത്തില്‍ ചെറുതല്ലാത്ത റോളുണ്ട്.

ഇക്ബാല്‍ കുറ്റിപ്പുറമാണ് ആലുവക്കാരന്‍ ദസ്തക്കീറിനെ ചുറ്റിപ്പറ്റിയുള്ള ഫാമിലി കോമഡി ഡ്രാമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലാല്‍ജോസ്-ഇക്ബാല്‍ കൂട്ടുകെട്ടില്‍ മുന്‍പ് ഒരുങ്ങിയ അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ ഹിറ്റായിരുന്നു. തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അജ്മല്‍ സാബു ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് ഈണമിടുന്നു. എഡിറ്റിങ്ങ് രഞ്ജന്‍ എബ്രഹാം.