എല്ലാ മാസവും സ്വന്തം ചിത്രം റിലീസ് ഉള്ള നടനായിരുന്നു വിജയ് സേതുപതി. പല ഭാഷകളിലായി വിവിധ ചിത്രങ്ങളിലായിരുന്നു നടന് അഭിനയിച്ചു കൊണ്ടിരുന്നത്. കൊവിഡ് മഹാമാരി വന്നതോടെ വിവിധ ഭാഷകളിലായി വിജയ് സേതുപതിയുടെ പത്തോളം ചിത്രങ്ങളാണ് ചിത്രീകരണം പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. അതേ സമയം തന്നെ പുതിയ ചിത്രങ്ങള്‍ക്ക് നടന് കൈകൊടുക്കുകയും ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് വിജയ് സേതുപതിയും കെജിഎഫ് സംവിധായകന് പ്രശാന്ത് നീലും ഒരുമിക്കുന്നുവെന്നതാണ്. ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് സേതുപതി ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിരഞ്ജീവി നായകനായെത്തിയ സൈ റേ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് ഇന്‍ഡസ്്ട്രിയില്‍ വിജയ് സേതുപതി അരങ്ങേറ്റം കുറിച്ചത്. അല്ലു അര്‍ജുന്റെ പുഷ്പയില്‍ വിജയ് സേതുപതിക്ക് മികച്ച കഥാപാത്രത്തെ സംവിധായകന് വാഗ്ദാനം ചെയ്തെങ്കിലും മറ്റ് ചിത്രങ്ങളുടെ തിരക്കിനാല്‍ നടക്കാതെ പോവുകയായിരുന്നു.
അതിനിടെ കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിജയ് സേതുപതി 25 ലക്ഷം രൂപ നല്‍കിയിരുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരില്‍ കണ്ടാണ് പണം നല്‍കിയത്.