തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയുള്ള കലഹങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി വിട്ടിറങ്ങിയ വനിതാ നേതാവും മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ ലതികാ സുഭാഷ് എന്‍സിപിയിലേക്ക്. എന്‍സിപി സംസ്ഥാനാധ്യക്ഷന്‍ പിസി ചാക്കോയുമായി ലതിക ചര്‍ച്ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അവര്‍ മാധ്യമങ്ങളെ അറിയിച്ചു.
‘പിസി ചാക്കോയുമായി ചര്‍ച്ച നടത്തി. ഞാന്‍ വളരെ ചെറിയ പ്രായം മുതല്‍ കാണുന്ന ഒരു കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം. അത്തരം ചര്‍ച്ചകള്‍ ആലോചിച്ച് വരികയാണ്. വൈകാതെ എന്റെ നിലപാട് വ്യക്തമാക്കും. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാന്‍ എനിക്ക് കഴിയുകയില്ല. കോണ്‍ഗ്രസിന്റെ പാരമ്പര്യത്തില്‍ വന്ന വ്യക്തി എന്ന നിലയില്‍ അത്തരം ചില ആലോചനകളുണ്ട്,’ലതികാ സുഭാഷ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ലതികാ സുഭാഷ് കോണ്‍ഗ്രസ് വിട്ടിറങ്ങിയത്. പാര്‍ട്ടി സ്ത്രീകളെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചായിരുന്നു പാര്‍ട്ടിയില്‍നിന്നും പടിയിറങ്ങുന്ന കാര്യം അവര്‍ അറിയിച്ചത്. തുടര്‍ന്ന് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ച് 7000 വോട്ടുകളോളം നേടിയെങ്കിലും പരാജയപ്പെട്ടു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് ലതികയ്ക്ക് ലഭിച്ച വോട്ടുകള്‍ കാരണമായെന്നാണ് വിലയിരുത്തല്‍.
എന്‍സിപിയിലേക്കുള്ള പ്രവേശത്തെക്കുറിച്ച് ലതിക പല നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. കോണ്‍ഗ്രസുമായി പിണങ്ങിനില്ക്കുന്ന നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് എന്‍സിപിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ പിസി ചാക്കോയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകളോട് തുറന്നടിച്ചായിരുന്നു തെരഞ്ഞെടുപ്പിന് മുന്നോടിയായി ചാക്കോ പാര്‍ട്ടിവിട്ട് എന്‍സിപി പാളയത്തിലെത്തിയത്.