‘ഖ്യാതിക്ക് വേണ്ടി സര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ ഒളിപ്പിക്കുന്നു’; പോരാട്ടം തുടങ്ങുമെന്ന് കെ സുധാകരന്‍

കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ യഥാര്‍ത്ഥ കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെയ്ക്കുകയാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. കൊവിഡ് മരണ കണക്കുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തുന്നതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു. കൊവിഡ് മരണങ്ങളില്‍ നടത്തുന്ന കൃത്രിമം കണ്ടെത്താന്‍ കെപിസിസി വിദഗ്ധസമിതിയെ നിയോഗിക്കും. ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ അവസരം നല്‍കുമെന്നും സുധാകരന്‍ പ്രതികരിച്ചു.

കൊവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്ക് വേണ്ടി മരണങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിക്കുന്നതുമൂലം, കൊവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടും.

കെ സുധാകരന്‍

കെ സുധാകരന്റെ പ്രതികരണം

“കോവിഡ് മരണങ്ങള്‍ മറച്ചു വെച്ച് മലയാളികളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍. കോവിഡ് മൂലം മരണപ്പെടുന്നവരുടെ യഥാര്‍ത്ഥ കണക്കിന്റെ പത്തിലൊന്ന് പോലും സര്‍ക്കാര്‍ രേഖപെടുത്തുന്നില്ലെന്നതാണ് വാസ്തവം. മരണസംഖ്യ ഉയരുന്നത് വിളിച്ചു പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തണമെന്നല്ല പറയുന്നത്. മറിച്ച് കോവിഡ് മൂലം മരണപ്പെട്ട പല നിര്‍ധനരായ മനുഷ്യരുടെ കുടുംബത്തിനും കിട്ടേണ്ട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ സ്വന്തം മുഖം രക്ഷിക്കാന്‍ കണക്കുകള്‍ മറച്ചു വെക്കുന്നത് കൊണ്ട് മാത്രം നിഷേധിക്കപ്പെടുന്നു എന്നതാണ് വാസ്തവം. ആ വഞ്ചന ആണ് പ്രതിപക്ഷം തുറന്നു കാണിക്കാന്‍ നോക്കുന്നത്.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആയ രോഗി രണ്ടാഴ്ച കാലം വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി അതിനു ശേഷം മരണത്തിന് കീഴടങ്ങുകയാണെങ്കില്‍ മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം അയാള്‍ കോവിഡ് നെഗറ്റീവ് ആയാല്‍ പോലും അയാളുടെ മക്കള്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്ക് പുറത്താകും. ഈ വിഷയത്തിലെ ഏറ്റവും പ്രധാന വെല്ലുവിളി പോസ്റ്റ് കോവിഡ് സിക്വല എന്ന പ്രശ്‌നത്തെ അതിജീവിക്കാന്‍ സര്‍ക്കാരിന് പദ്ധതികള്‍ ഒന്നും ഇല്ല എന്നതാണ്. ഇന്ന് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് കോവിഡാനന്തരം വൈറസ് ആന്തരികാവയവങ്ങളില്‍ ഏല്‍പ്പിച്ച ക്ഷതം മൂലമാണ്. കോവിഡിനേക്കാള്‍ ഗുരുതരമായ അവസ്ഥ ആണിത്. എന്നാല്‍ ഈ അവസ്ഥ സര്‍ക്കാര്‍ രേഖകളില്‍ ഇല്ല.

കോവിഡിന് ശേഷം അണുവിമുക്തനായ വ്യക്തി നിശ്ചിത സമയത്തേക്ക് ചെയ്യേണ്ട ടെസ്റ്റുകളും മുന്‍കരുതലുകളും പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ താല്‍പര്യം കാരണം മറച്ചുവെക്കുകയും എന്നാല്‍ ഡോക്ടര്‍ സമൂഹം നിശബ്ദമായി വ്യക്തിപരമായ ഇടങ്ങളില്‍ പുലര്‍ത്തുന്ന സൂക്ഷമതയുമാണ്. പോസ്റ്റ് കോവിഡ് സിക്വല എന്ന വസ്തുതയെ നമ്മുടെ സര്‍ക്കാര്‍ അംഗീകരിക്കുകയും, ആ അവസ്ഥക്കെതിരെ ഒരു സാമൂഹിക ജാഗ്രത വികസിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ നമുക്ക് നഷ്ടപ്പെട്ട പല സഹോദരങ്ങളും ഇന്നും നമുക്കൊപ്പം ജീവിച്ചിരുന്നേനെ. സ്വാര്‍ത്ഥമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിശബ്ദമായി അവരെ മരണത്തിന് വിട്ടുകൊടുത്ത് ബാധ്യത തീര്‍ക്കുകയായിരുന്നു സര്‍ക്കാര്‍.

ഹൃദയസംബന്ധമായതൊ, ശ്വാസകോശസംബന്ധമായാതോ ആയ കാരണങ്ങള്‍ കൊണ്ട് ഒരു കോവിഡ് രോഗി മരണപ്പെട്ടാല്‍ പോലും ഭാവിയില്‍ സര്‍ക്കാര്‍ പരിരക്ഷകള്‍ ഉറപ്പാക്കാന്‍ അവരുടെ മരണ സര്‍ട്ടിഫിക്കറ്റുകളില്‍ കോവിഡ് ബാധ രേഖപെടുത്തിയിരിക്കണമെന്ന സുപ്രീം കോടതി വിധി ശ്രദ്ധേയമാണ്. ഒരു പകര്‍ച്ചവ്യാധിയില്‍ മരണപ്പെടുന്നവരുടെ കുടുംബത്തെ സുരക്ഷിതമാക്കേണ്ടത് എല്ലാ വെല്‍ഫെയര്‍ സര്‍ക്കാരുകളുടേയും ഉത്തരവാദിത്വം ആണ്. നമ്മുടെ നാട്ടില്‍ ആദ്യത്തെ കോവിഡ് മരണം ഉണ്ടായി ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷമാണ് കോവിഡ് മൂലം മരണപ്പെടുന്നവരുടെ മക്കളുടെ പഠനചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. തീര്‍ച്ചയായും നമുക്ക് പരിമിതികള്‍ ഉള്ളത് കൊണ്ട് ഈ കാലതാമസം സ്വാഭാവികമാണ്.

സമയമെടുത്തായാലും ഈ പകര്‍ച്ചവ്യാധിയില്‍ അനാഥരാക്കപ്പെട്ട ജീവിതം വഴിമുട്ടിയ എല്ലാ മനുഷ്യരുടേയും സുരക്ഷിത ജീവിതം ഉറപ്പ് വരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് നാം മുന്‍കൂട്ടി കാണണം. അതില്‍ കോവിഡ് ബാധിച്ചു മരിച്ച ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരുടെ കുടുംബത്തെകുറിച്ച് പോലും നമുക്ക് കരുതല്‍ വേണം. അതുകൊണ്ടു കൂടിയാണ് കോവിഡ് മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

ഈ നാട്ടിലെ ഓരൊ മനുഷ്യന്റേയും അടുത്ത പരിചയത്തില്‍ തന്നെ കോവിഡ് മൂലം മരണപ്പെടുകയും എന്നാല്‍ സര്‍ക്കാര്‍ കോവിഡ് മരണമെന്ന് രേഖപെടുത്തുകയും ചെയ്യാത്ത ഒരുമരണമെങ്കിലും ഉണ്ടാകും. അവരുടെ ഓരോരുത്തരുടേയും കുടുംബത്തിന്റെ സുരക്ഷിതത്വത്തിന്റെ വിഷയമാണിത്. നാളെ ഞാനൊ നിങ്ങളൊ ആണ് ആ സ്ഥാനത്തെങ്കില്‍ നമ്മുടെ കുടുമ്പത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സര്‍ക്കാര്‍ മനുഷ്യ ജീവിതങ്ങള്‍ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഈ സാഹചര്യത്തില്‍, കൂടുതല്‍ ഗുരുതരമായ മറ്റൊരു വൈറസ് വകഭേദത്തേ കൂടി വിയറ്റ്നാമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്ന് കാണിക്കേണ്ടതും ജനകീയമായ ജാഗ്രത വികസിപ്പിക്കേണ്ടതും പ്രതിപക്ഷം ഉത്തരവാദിത്വമായി കരുതുന്നു.”