രണ്ട് മന്ത്രിവേണമെന്ന് ജോസ് പക്ഷം, ഒന്നും ചീഫ് വിപ്പുമെന്ന് സിപിഐഎം; സമ്മര്‍ദ്ദം ചെലുത്താനാകാതെ ഘടകകക്ഷികള്‍, ചര്‍ച്ചയ്ക്ക് കോടിയേരി

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ എകെജി സെന്ററിലെത്തി മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. രണ്ട് മന്ത്രിസ്ഥാനമാണ് മുന്നണിയിലെത്തിയ ജോസും പാര്‍ട്ടിയും ആവശ്യപ്പെടുന്നത്. എന്നാല്‍, ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയും നല്‍കാം എന്നാണ് സിപിഐഎം മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശമെന്നാണ് വിവരം.

ശനിയാഴ്ച പാലായില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം യോഗത്തില്‍ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാം എന്ന തീരുമാനത്തിലെത്തിയിരുന്നു. ഇടുക്കിയില്‍നിന്നും ജയിച്ച റോഷി അഗസ്റ്റിന്‍, ഡോ എന്‍ ജയരാജ് എന്നിവരുടെ പേരുകളാണ് പാര്‍ട്ടി മുന്നോട്ടുവെച്ചത്. റവന്യൂ, കൃഷി, പൊതുമരാമത്ത് എന്നീ വകുപ്പുകളിലേക്കാണ് ജോസ് പക്ഷത്തിന്റെ കണ്ണ്. ഒരു മന്ത്രിയും ചീഫ് വിപ്പും എന്നകാര്യം ആലോചിക്കാനാണ് സിപിഐഎം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി സിപിഐഎം ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയും നേതൃത്വത്തിലാണ് ചര്‍ച്ച. മെയ് 17ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് മുമ്പായി മന്ത്രിസ്ഥാനങ്ങളിലെ വിഭജനങ്ങളില്‍ ധാരണയിലെത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. കൂടുതല്‍ പുതുമുഖങ്ങളെ മന്ത്രിക്കസേരകളില്‍ എത്തിക്കണമെന്നാണ് മുന്നണിയിലെ പൊതുവികാരം.

കേരള കോണ്‍ഗ്രസ് എം, എന്‍സിപി, ജനതാദള്‍, കേരള കോണ്‍ഗ്രസ് ബി, ജനാധി പത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരുമായിട്ടാണ് ഇന്ന് ചര്‍ച്ച. ചര്‍ച്ചയ്‌ക്കെത്തിയ എല്ലാ കക്ഷികളും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, പ്രധാന പാര്‍ട്ടികളായ സിപിഐഎമ്മിനും സിപിഐക്കും കൂടി കേവല ഭൂരിപക്ഷത്തിന് ആവശ്യമായ എംഎല്‍എമാരുള്ളതിനാല്‍ ചെറിയ പാര്‍ട്ടികള്‍ക്ക് വലിയ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്നില്ല.

കഴിഞ്ഞ തവണ സിപിഐഎമ്മിന് 13 മന്ത്രിമാരുണ്ടായിരുന്നത്, ഇത്തവണ 12 ആയി കുറയ്ക്കാന്‍ സാധ്യതയുണ്ട്. സിപിഐ നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും കൈവശം വെക്കുകയും ചീഫ് വിപ്പ് പദവി വിട്ടുകൊടുക്കുകയും ചെയ്യും.

ജെഡിഎസും എല്‍ജെഡിയും ഒരോ മന്ത്രിസ്ഥാനം വീതം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇരുപാര്‍ട്ടികളും ലയിച്ചാല്‍ മന്ത്രിസ്ഥാനം എന്നതാണ് സിപിഐഎം മുന്നോട്ടുവെച്ചിരിക്കുന്ന ആശയം. പക്ഷേ, ലയന ചര്‍ചര്‍ച്ചകള്‍ക്കില്ല എന്ന നിലപാടിലാണ് ഇരുപാര്‍ട്ടികളും.

എന്‍സിപിക്ക് ഒരു മന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പാണ്. എകെ ശശീന്ദ്രനോ തോമസ് കെ തോമസിനോ എന്നകാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും.

കേരളകോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യം സിപിഐഎം പരിഗണനയിലുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിനും മന്ത്രിസ്ഥാനം ലഭിച്ചേക്കും.