തിരുവനന്തപുരം: കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ നിര്‍മ്മാണ പാകപ്പിഴയിലൂന്നി ഭരണ-പ്രതിപക്ഷ തര്‍ക്കം. ടെര്‍മിനലില്‍ നടന്നത് പകല്‍ക്കൊള്ളയാണെന്ന ആരോപണമുന്നയിച്ച് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും സര്‍ക്കാര്‍ പ്രശ്നത്തെ നിസാരവല്‍ക്കരിക്കുകയാണെന്നും നോട്ടീസ് നല്കിയ ടി സിദ്ദീഖ് എംഎല്‍എ ആരോപിച്ചു.
യുഡിഎഫിനുനേരെ ഒളിയമ്പുമായിട്ടായിരുന്നു അടിയന്തര പ്രമേയത്തിന് ഗതാഗതമന്ത്രി ആന്റണി രാജു നല്കിയ മറുപടി. കെട്ടിടം മറ്റൊരു പാലാരിവട്ടം പാലമാണോ എന്ന് പരിശോധിക്കുകയാണെന്ന് മന്ത്രി പരിഹാസരൂപേണ പറഞ്ഞു. നിര്‍മ്മാണം നടന്നത് യുഡിഎഫ് കാലത്താണെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. ആരെ ലക്ഷ്യമിട്ടാണ് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതെന്നും ആന്റണി രാജു ചോദിച്ചു. യുഡിഎഫ് കാലത്ത് നിര്‍മ്മിച്ച പദ്ധതി ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. നിര്‍മ്മാണത്തിലെ അപാകതകള്‍ പരിശോധിക്കാന്‍ ചെന്നൈ ഐഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കും. നിര്‍മ്മാണത്തിലെ അപാകതകള്‍ സംബന്ധിച്ച വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ആ റിപ്പോര്‍ട്ട് വരുമ്പോള്‍ പ്രതികളാരെന്ന് ബോധ്യമാവും. തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ വാക്കുകളെ പ്രതിരോധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്തെത്തി. എന്താണ് അടിയന്തര പ്രമേയത്തിന്റെ പ്രാധാന്യമെന്ന് മന്ത്രിയുടെ ശബ്ദത്തില്‍നിന്നും വ്യക്തമാണ്. 2015ല്‍ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തതുകൊണ്ട് യുഡിഎഫിനാണ് ഇതിന്റെ ഉത്തരവാദിത്വമെന്നാണ് മന്ത്രി പറഞ്ഞത്. യുഡിഎഫിന് ഒരു ഉത്തരവാദിത്വവുമില്ല. യുഡിഎഫിന്റെ കാലത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല. പാട്ടക്കരാര്‍ കൊടുക്കുക എന്നത് മാത്രമാണുണ്ടായിരുന്നത്. നിരവധി നിയമലംഘനങ്ങള്‍ നടന്നതുകൊണ്ട് അവ റെഗുലറൈസ് ചെയ്യേണ്ട ഉത്തരവാദിത്വമായിരുന്നു യുഡിഎഫിന്റെ കാലത്തുണ്ടായിരുന്നതെന്നും വി.ഡി സതീശന് പറഞ്ഞു.
ആര്‍ക്കിടെക്ടിനെയും ബില്‍ഡറെയും ടെന്ഡറുറപ്പിച്ചതും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതുമെല്ലാം എല്‍ഡിഎഫ് സര്‍ക്കാരാണെന്നും അദ്ദേഹം വാദിച്ചു. പാട്ടക്കരാര്‍ ഇടപാട് ആദ്യമൊരു കമ്പനിക്ക് കൊടുത്തു. അവരത് ഇട്ടിട്ടുപോയി. അതേ ആളുകള്‍ വേറൊരുകമ്പനിയുമായി വന്ന് വലിയ ഇളവുകളോടുകൂടി കരാര്‍ നേടിയെടുക്കുകയും ചെയ്ത മറിമായം കൂടിയാണ് അന്വേഷിക്കേണ്ടത്. ഇതിനകത്ത് ധാരാളം ഇടനിലക്കാരുണ്ടെന്നും സതീശന് ആരോപിച്ചു. മാക്-അലിഫ് ബില്‍ഡേഴ്സ് കമ്പനികളുടെ ഉടമകള്‍ ഒരേ ആളുകളാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇവര്‍ക്ക് വിദേശത്ത് സാമ്പത്തിക തട്ടിപ്പുകേസുകളുണ്ടെന്നും കുറഞ്ഞ തുകയ്ക്കാണ് അലിഫ് ബില്‍ഡേഴ്സിന് സമുച്ചയം കൈമാറിയതെന്നും പ്രതിപക്ഷം ആരോപിച്ചു.
വാണിജ്യസമുച്ചയം അലിഫ് ബില്‍ഡേഴ്സിന് വാടകയ്ക്ക് നല്‍കിയതിലെ മന്ത്രിയുടെ വിശദീകരണം
2007ല്‍ വിഎസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് 19.73 കോടി രൂപ ചെലവിട്ടുള്ള പദ്ധതിയുടെ ആലോചനകള്‍ നടന്നത്. 2009ല്‍ പദ്ധതിയുടെ എസ്റ്റിമേറ്റ് 52 കോടിയായി ഉയര്‍ത്തി. 74.79 കോടി രൂപ മുടക്കിയാണ് 2016ല്‍ പദ്ധതി പൂര്‍ത്തിയാക്കിയത്. പിന്നീട് ടെര്‍മിനലിലെ വാണിജ്യ സമുച്ചയം വ്യാപാര ആവശ്യങ്ങള്‍ക്കായി രണ്ടുതവണ വാടകയ്ക്ക് നല്കാന് ശ്രമിച്ചെങ്കിലും ആവശ്യക്കാരുണ്ടായിരുന്നില്ല. തുടര്‍ന്ന് മാക് ബില്‍ഡേഴ്സ് സമുച്ചയം ഏറ്റെടുക്കുന്നതിനുള്ള ടെന്‍ഡറില്‍ പങ്കെടുത്തു. എന്നാല്‍, നിയമനടപടികളെത്തുടര്‍ന്ന് കമ്പനി ടെന്‍ഡറില്‍നിന്നും സ്വയം പിന്മാറി. ശേഷമാണ് അലിഫ് ബില്‍ഡേഴ്സ് കരാറുമായെത്തിയത്. അലിഫ് ബില്‍ഡേഴ്സിന് ഉയര്‍ന്ന തുകയ്ക്കാണ് സമുച്ചയം മുപ്പത് വര്‍ഷത്തേക്ക് വാടകയ്ക്ക് കൈമാറാന്‍ തീരുമാനിച്ചതെന്നും ആന്റണി രാജു അറിയിച്ചു. പ്രതിമാസം 72 ലക്ഷം രൂപയുടെ വാണിജ്യക്കരാറാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് വിപണനമൂല്യമിടിഞ്ഞ നിലവിലത്തെ സാഹചര്യത്തില്‍ അംഗീകരിക്കാവുന്ന തുകയാണ്.