വര്‍ക്കലയിലെ പരാജയത്തിന് പിന്നാലെ സിപിഐഎമ്മിനെതിരെ ആരോപണങ്ങളുമായി കെപിസിസി സെക്രട്ടറി ബിആര്‍എം ഷഫീര്‍. വര്‍ക്കലയിലെ പരാജയത്തിന് കാരണം ബിജെപി വോട്ടുകള്‍ സിപിഐഎം വിലയ്ക്ക് വാങ്ങിയതുകൊണ്ടാണെന്ന് ഷഫീര്‍ പറഞ്ഞു. 2016ല്‍ എന്‍ഡിഎയ്ക്ക് 19,872 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണ കിട്ടിയത് 11,214 വോട്ടുകളാണ്. ബാക്കി 8658 വോട്ട് സിപിഐഎമ്മിന് മറിച്ചതിന് പിന്നില്‍ ലക്ഷങ്ങളുടെ കച്ചവടം നടന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിക്ക് വേണ്ടി ജാതി പറഞ്ഞുള്ള വോട്ട് ചോദിക്കലുണ്ടായെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
ഇടത് പക്ഷം ഓരോ വീട്ടിലും കയറി പരസ്യമായി ജാതി പറഞ്ഞു. എന്നാല്‍ ഒരു മുസ്ളീം വീട്ടിലും കയറി രഹസ്യമായോ, പരസ്യമായോ ഒരാളോടും മതം പറഞ്ഞു ഞാന്‍ വോട്ട് പിടിച്ചില്ല എന്ന് മാത്രമല്ല അന്തസ്സോടെ കോണ്‍ഗ്രസുകാരനായി തന്നെ തെരഞ്ഞെടുപ്പില്‍ നിലകൊണ്ടു.
ബിആര്‍എം ഷഫീര്‍
അടുത്ത അഞ്ച് വര്‍ഷവും വര്‍ക്കലയില്‍ നിറഞ്ഞുനില്ക്കും. എളിമയോടെ ജനങ്ങള്‍ക്കിടയില്‍ ജീവിക്കും. ചാനല്‍ ചര്‍ച്ചകളും, പുറം പ്രസംഗങ്ങളും കുറയ്ക്കും. ആരോരുമില്ലാത്തവര്‍ക്കു വേണ്ടി വാദിക്കും. നെടുമങ്ങാട് കോടതിയില്‍ എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ കേസ് നടത്തും. ജീവിക്കാന്‍ വേറെ വഴിയില്ലെന്നും ഷഫീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഐഎമ്മിന്റെ വി ജോയി 17,821 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സീറ്റ് നിലനിര്‍ത്തിയത്. ആകെ പോള്‍ ചെയ്ത 1,35,229 വോട്ടുകളില്‍ 68,816 വോട്ടുകള്‍ എല്‍ഡിഎഫ് നേടി. 50,995 വോട്ടുകളാണ് ഷഫീറിന് ലഭിച്ചത്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി എസ്ആര്‍എം അജിക്ക് 11,214 പേര് വോട്ടു ചെയ്തു.
കെപിസിസി സെക്രട്ടറിയുടെ പ്രതികരണം
“വര്‍ക്കലയിലെ പരാജയത്തിന് കാരണം ബിജെപി വോട്ടുകള്‍ സിപിഐഎം വിലയ്ക്ക് വാങ്ങിയതുകൊണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ്-ബിജെപിക്ക് കിട്ടിയ വോട്ട് 19,872. ഇപ്പോള്‍ ആകെ കിട്ടിയത് 11,214. ബാക്കി 8658 വോട്ട് സിപിഐഎമ്മിന് മറിച്ചതിന് പിന്നില്‍ ലക്ഷങ്ങളുടെ കച്ചവടം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 34,343 വോട്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ 40,000ന് മുകളില്‍. സിപിഐഎമ്മിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 53,102, ഇപ്പോള്‍ 68816. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വര്‍ക്കല കഹാര്ജിക്ക് 50,716 ഇപ്പോള്‍ യുഡിഎഫിന് 50,995. വോട്ട് കുറഞ്ഞിട്ടില്ല. കൂടിയിട്ടേയുള്ളൂ. ഈ തെരഞ്ഞെടുപ്പില്‍ ബിആര്‍എം ഷഫീര്‍ ജയിക്കുമെന്നായപ്പോള്‍ സിപിഐഎം സഥാനാര്‍ത്ഥി പരസ്യമായി കച്ചവടം ചെയ്തത് 15,714 വോട്ടുകളാണ്.
ഇടത് പക്ഷം ഓരോ വീട്ടിലും കയറി പരസ്യമായി ജാതി പറഞ്ഞു. എന്നാല്‍ ഒരു മുസ്ളീം വീട്ടിലും കയറി രഹസ്യമായോ, പരസ്യമായോ ഒരാളോടും മതം പറഞ്ഞു ഞാന്‍ വോട്ട് പിടിച്ചില്ല എന്ന് മാത്രമല്ല അന്തസ്സോടെ കോണ്‍ഗ്രസുകാരനായി തന്നെ തെരഞ്ഞെടുപ്പില്‍ നിലകൊണ്ടു.
എന്തായാലും വര്‍ക്കല മണ്ഡലത്തിലുടനീളം അടുത്ത അഞ്ചു വര്‍ഷക്കാലം നിറഞ്ഞു നില്ക്കും. എളിമയോടെ ജനങ്ങള്‍ക്കിടയില്‍ ജീവിക്കും. ചാനല്‍ ചര്‍ച്ചകളും, പുറം പ്രസംഗങ്ങളും കുറയ്ക്കും. ആരോരുമില്ലാത്തവര്‍ക്കു വേണ്ടി വാദിക്കും. നെടുമങ്ങാട് കോടതിയില്‍ എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ കേസ് നടത്തും. ജീവിക്കാന്‍ വേറെ വഴിയില്ല. ഉച്ച മുതല്‍ പാതിരാവുവരെ വര്‍ക്കലയിലെ പാവങ്ങള്‍ക്കും, പാര്‍ട്ടിക്കാര്‍ക്കും ഇടയില്‍ ജീവിക്കും. പാവം പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഐഎം ഭരണകൂട ഭീകരതയില്‍ നിന്നും കാത്ത് സംരക്ഷിക്കും.അതിനായി ഏതറ്റം വരെയും പോവും. അവരെ കൊത്തിപറിച്ച് കളയാമെന്ന മോഹം നടക്കില്ല. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ വര്‍ക്കലയിലെ പ്രവാസികളുടെ സഹായത്തോടെ വര്‍ക്കല കെയര്‍ ആരംഭിക്കും. കൂടെയുണ്ടാവണം. സഹായിക്കണം. നിങ്ങളുടെ സ്വന്തം ബിആര്‍എം.”