‘വിജയന്റെ മാത്രം വിജയമല്ല, കൂട്ടായ്മയുടേത്’; പിണറായിയുടെ വ്യക്തിത്വത്തിലേക്ക് ചുരുക്കാന്‍ ശ്രമമെന്ന് കേന്ദ്ര നേതൃത്വം; ‘പരമാധികാരിയുടെ ഉദയമല്ല’

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ച പിണറായി വിജയന്റെ മികവിലേക്കും വ്യക്തിപ്രഭാവത്തിലേക്കും മാത്രമായി ചുരുക്കാന്‍ ശ്രമം നടക്കുകയാണെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം. പരമാധികാരിയായ ഒരാള്‍ ഉദയം ചെയ്‌തെന്ന പ്രതീതിയുണ്ടാക്കാന്‍ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ശ്രമിക്കുകയാണെന്ന് പിബി മുഖപത്രമായ പീപ്പീള്‍സ് ഡെമോക്രസി എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. ‘കേരള: എ സിഗ്നിഫിക്കന്റ് വിക്ടറി’ എന്ന തലക്കെട്ടില്‍ പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തിലാണ് പരാമര്‍ശമുള്ളത്.

കേരളത്തിലെ വിജയം വ്യക്തിഗതമായും കൂട്ടായുമുള്ള പരിശ്രമങ്ങളുടെ ഫലമാണ്. സര്‍ക്കാരിലും പാര്‍ട്ടിയിലും ഒരാളുടെ ആധിപത്യമാണെന്ന് ചിലര്‍ ആരോപിക്കുകയാണ്.

സിപിഐഎം

സിപിഐഎമ്മിനേയും എല്‍ഡിഎഫിനേയും സംബന്ധിച്ചിടത്തോളം വരാന്‍ പോകുന്ന മന്ത്രി സഭ ഈ കൂട്ടായ പ്രവര്‍ത്തനത്തിന്റേയും വ്യക്തിഗത ഉത്തരവാദത്തിന്റേയും പാരമ്പര്യം തുടരുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിയുടെ കേരള ഘടകവും സംസ്ഥാന സര്‍ക്കാരും ഒരു വ്യക്തിയിലേക്ക് ചുരുങ്ങുമോയെന്ന ആശങ്കയാണ് പോളിറ്റ് ബ്യൂറോ പങ്കുവെച്ചതെന്ന് വിലയിരുത്തലുകളുണ്ട്. പിണറായി വിജയനില്‍ മാത്രം കേന്ദ്രീകരിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ക്യാപ്റ്റന്‍, കമാന്‍ഡര്‍ പ്രയോഗങ്ങള്‍ സിപിഐഎമ്മില്‍ ഇല്ലെന്ന് പിബി അംഗം വൃന്ദാ കാരാട്ട് തെരഞ്ഞെടുപ്പ് സമയത്ത് പറയുകയുണ്ടായി.

ലേഖനത്തിലെ പ്രസക്തഭാഗം

“ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ചരിത്രപരമായ ഈ വിജയം അപ്പാടെ പിണറായി വിജയന്റെ വ്യക്തിത്വത്തിലേക്കും അദ്ദേഹത്തിന്റെ പങ്കിലേക്കും ചുരുക്കാനുള്ള ശ്രമം നടത്തുകയാണ്. അവരെ, സംബന്ധിച്ചിടത്തോളം ഇത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ജയത്തിന്റെ മുഖ്യകാരണമായ ‘സുപ്രീം ലീഡറു’ടെയോ ‘കരുത്തന്റെ’യോ ഉദയമാണ്. സര്‍ക്കാരിലും പാര്‍ട്ടിയിലും ഒരാളുടെ ആധിപത്യമാണെന്ന് അവര്‍ ആരോപിക്കുന്നു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ജനതാല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തി രാഷ്ട്രീയ വഴിയിലും നയരൂപീകരണത്തിലും പുതിയ തലത്തിലേക്കുയര്‍ത്തിക്കൊണ്ടുള്ള സംഭാവനകള്‍ നല്‍കുകയും നയങ്ങള്‍ നടപ്പാക്കുന്നതില്‍ ഭരണപാടവം പ്രകടിപ്പിക്കുകയും ചെയ്തു. എന്നിരിക്കലും, വിജയം വ്യക്തിഗതമായും കൂട്ടായുമുള്ള പരിശ്രമങ്ങളുടെ ഫലമാണ്. സിപിഐഎമ്മിനേയും എല്‍ഡിഎഫിനേയും സംബന്ധിച്ചിടത്തോളം വരാന്‍ പോകുന്ന മന്ത്രി സഭ ഈ കൂട്ടായ പ്രവര്‍ത്തനത്തിന്റേയും വ്യക്തിഗത ഉത്തരവാദത്തിന്റേയും പാരമ്പര്യം തുടരും.”