കർഷക സമരം വീണ്ടും? നീണ്ട പ്രക്ഷോഭത്തിന്‌ തയ്യാറെടുക്കാൻ ആഹ്വാനം ചെയ്‌ത്‌ കിസാൻ മോർച്ച

കേന്ദ്രസർക്കാർ കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാത്തതിനാൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന മുന്നറിയിപ്പുമായി സംയുക്ത കിസാൻ മോർച്ച. സർക്കാർ വിശ്വാസ വഞ്ചന കാണിച്ചുവെന്നും കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നീണ്ട പ്രക്ഷോഭത്തിനൊരുങ്ങാൻ കർഷക പ്രക്ഷോഭ നേതാവ് രാകേഷ് ടികായത്ത് ആഹ്വാനം ചെയ്‌തു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ കർഷകരെ ഏതുവിധേനയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നതിനിടയിലാണ് കിസാൻ മോർച്ചയുടെ പ്രഖ്യാപനം.

താങ്ങുവില നിർണയിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിട്ടില്ല, പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കർഷകർക്ക് നഷ്‌ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല, കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിച്ചിട്ടില്ല എന്നതുൾപ്പടെ സമരം അവസാനിപ്പിക്കുന്ന സമയത്ത് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രസർക്കാർ പാലിച്ചില്ല എന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്‌താവനയിൽ ആരോപിച്ചു.

“കർഷകരോട് വിശ്വാസ വഞ്ചന കാണിക്കുന്നതിലൂടെ അവരുടെ മുറിവുകളിൽ ഉപ്പ് തേക്കുകയാണ് കേന്ദ്രസർക്കാർ ചെയ്‌തിരിക്കുന്നത്‌. ഈ വിശ്വാസ വഞ്ചന വ്യക്തമാക്കുന്നത് രാജ്യത്തെ കർഷകർ ഒരു നീണ്ട പ്രക്ഷോഭത്തിന്‌ തയാറാക്കാൻ സമയമായി എന്നാണ്,” എന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് കൂടിയായ ടികായത്ത് പ്രഖ്യാപിച്ചു.

ഭാരതീയ കിസാൻ മോർച്ചയുടെ പ്രസ്‌താവന

കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക ബില്ലുകൾക്കെതിരെ 2020 നവംബറിലാണ് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കർഷക പ്രക്ഷോഭം ആരംഭിച്ചത്. അഞ്ചുസംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി 2021 നവംബറിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. താങ്ങുവിലയിൽ ഉൾപ്പടെയുള്ള കർഷകരുടെ മറ്റ് ആവശ്യങ്ങളും പരിഗണിക്കാം എന്ന് ഉറപ്പുനൽകിയതോടെ ഡിസംബറിൽ സംയുക്ത കിസാൻ മോർച്ച ഡൽഹിയിലെ സമരം വിജയിച്ചതായി പ്രഖ്യാപിക്കുകയും പ്രക്ഷോഭം അവസാനിപ്പിക്കുകയുമായിരുന്നു.

സമരം അവസാനിപ്പിക്കുമ്പോൾ രേഖാമൂലം കർഷകർക്ക് നൽകിയ ഉറപ്പുകൾ കടലാസിൽ മാത്രമായി നിൽക്കുകയാണ്. കർഷകരുടെ ക്ഷമ പരീക്ഷിക്കരുത്‌ എന്ന് കേന്ദ്രസർക്കാരിന് ഞങ്ങൾ മുന്നറിയിപ്പ് നൽകുകയാണ്. ഉടൻ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന് കിസാൻ മോർച്ച പ്രസ്‌താവനയിൽ വ്യക്തമാക്കി.

ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച്ച കർഷകർ വഞ്ചനാദിനമായി ആചരിക്കുകയും ചെയ്‌തു.