അതൃപ്തരായ ജോസഫ് പക്ഷക്കാരെ പാളയത്തിലെത്തിക്കാന്‍ ജോസ് കെ മാണി; മധ്യകേരളം ഉന്നമിട്ട് പിന്തുണച്ച് സിപിഐഎം, മുതിര്‍ന്ന നേതാക്കളെത്തിയേക്കും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍നിന്നും ജോസ് പക്ഷത്തേക്ക് നേതാക്കളടക്കം എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജോസ് കെ മാണിയുമായി ചില മുതിര്‍ന്ന നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സീറ്റ് ലഭിക്കാത്ത നേതാക്കളെ ഉന്നംവെച്ചാണ് ജോസ് പക്ഷത്തിന്റെ നീക്കം.

ജോസഫ് വിഭാഗത്തിലെയും കോണ്‍ഗ്രസിലെയും അതൃപ്തരായ നേതാക്കളെയും പ്രവര്‍ത്തകരെയും പാളയത്തിലെത്തിക്കാനുള്ള ജോസിന്റെ ശ്രമങ്ങള്‍ക്ക് സിപിഐഎം പിന്തുണയുമുണ്ട്. മധ്യകരേളത്തിലെ യുഡിഎഫ് സ്വാധീന നേഖലകളില്‍ കേരള കോണ്‍ഗ്രസിനെ ഉപയോഗിച്ച് ശക്തി വര്‍ധിപ്പിക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ പ്രാരംഭ ഘട്ടമെന്നോണം പത്തനംതിട്ടയിലേയും എറണാകുളത്തെയും ചില ജോസഫ് പക്ഷക്കാരുമായി ജോസ് കെ മാണി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

Also Read: ‘സര്‍ക്കാരിന്റെ ആദ്യ അഴിമതി ഈടുറ്റത്’; വയനാട്ടിലെ വനം കൊള്ളക്കാരുമായി മന്ത്രി ശശീന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തിയെന്ന് പ്രതിപക്ഷം

നേതാക്കളെ മാത്രം കേരള കോണ്‍ഗ്രസ് എമ്മിലേക്ക് അടുപ്പിച്ചതുകൊണ്ട് കാര്യമില്ലെന്നും പാര്‍ട്ടിയുടെ ബഹുജന പിന്തുണ വര്‍ധിപ്പിക്കണമെന്നും ജോസ് കെ മാണിയോട് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഈ ദിവസങ്ങളില്‍ ജോസ് കെ മാണി തിരുവനന്തപുരത്ത് സിപിഐഎം നേതാക്കളുമായി ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തും. അടുത്ത ആഴ്ച ചേരുന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയാവും. നേരത്തെ ജോസ് വിഭാഗം എല്‍ഡിഎഫിലേക്ക് മാറിയതിന് പിന്നാലെ ചില നേതാക്കള്‍ ജോസഫ് പക്ഷത്തെത്തിയിരുന്നു.

Also Read: ‘മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പെടുത്തി മകനും മരുമകള്‍ക്കും വാക്‌സിന്‍’; കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഡിവൈഎഫ്‌ഐ