ലിയാണ്ടര്‍ പേസ്, നഫീസ അലി എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഗോവ പിടിക്കാനിറങ്ങി മമത ബാനര്‍ജി

ന്യൂഡല്‍ഹി: ഗോവയില്‍ വെറ്ററന്‍ ടെന്നിസ് താരം ലിയാണ്ടര്‍ പേസ്, നടി നഫീസ അലി എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരും അംഗത്വം സ്വീകരിച്ചത്.

‘ഇപ്പോള്‍ ഞാന്‍ ടെന്നിസില്‍ നിന്ന് വിരമിച്ചിരിക്കുകയാണ്. രാജ്യത്തെ മാറ്റുന്നതിന് വേണ്ടി രാഷ്ട്രീയത്തിലൂടെ എനിക്ക് ജനങ്ങളെ സേവിക്കണമെന്നുണ്ട്. ദീദി( മമത) യഥാര്‍ത്ഥ വിജയിയാണ്’, ലിയാണ്ടര്‍ പേസ് പറഞ്ഞു.

നടി നഫീസ അലിയും ആക്ടിവിസ്റ്റ് മൃണാളിനി ദേശ്പ്രഭുവും മമതയുടെ സാന്നിദ്ധ്യത്തില്‍ തന്നെ അംഗത്വം സ്വീകരിച്ചു. ബംഗാളിലെ വിജയത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടി വ്യാപിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നീക്കങ്ങളാരംഭിച്ചിരുന്നു.

അതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഗോവ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനര്‍ജിയെ പങ്കെടുപ്പിച്ച് കൊണ്ട് നിരവധി പരിപാടികളാണ് സംസ്ഥാന ഘടകം ആലോചിക്കുന്നത്.

40 അംഗ നിയമസഭയില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുള്ളത്. എം.ജി.പിയില്‍ നിന്ന് വന്ന എം.എല്‍.എമാരുടെയും മറ്റ് പ്രാദേശിക പാര്‍ട്ടി എം.എല്‍.എമാരുടെയും പിന്തുണയിലാണ് ബിജെപി ഭരണം. കോണ്‍ഗ്രസിന് 15 എം.എല്‍.എമാരാണുള്ളത്.