‘വിനോദ സഞ്ചാരികളെപ്പോലെ ദ്വീപില്‍ അങ്ങോളമിങ്ങോളം യാത്രചെയ്യാനല്ല’; ലക്ഷദ്വീപിലേക്ക് യാത്രാനുമതി ആവശ്യപ്പെട്ട് ഇടത് എംപിമാരുടെ കത്ത്

തിരുവനന്തപുരം: ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനാനുമത നിഷേധിച്ചതിന് പിന്നാലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും കത്ത് നല്‍കി ഇടത് എംപിമാര്‍. ഇടത് എംപിമാരുടെ സസന്ദര്‍ശനത്തിന് നേരത്തെ ലക്ഷദ്വീപ് ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.

ലക്ഷദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കീഴില്‍ നടപ്പിലാക്കിയിട്ടുള്ള പരിഷ്‌കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് കണ്ട് മനസിലാക്കി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് എംപിമാരുടെ തീരുമാനം.

ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എംവി ശ്രേയാംസ് കുമാര്‍, കെ സോമപ്രസാദ്, ഡോ വി ശിവദാസന്‍, എഎം ആരിഫ്, ജോണ്‍ബ്രിട്ടാസ് എന്നിവര്‍ ചേര്‍ന്നാണ് കത്തയച്ചത്.

May be an image of text

ഇതിന് മുന്‍പ് എംപിമാരുടെ പ്രതിനിധിസംഘം ദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും കൊവിഡ് സാഹചര്യം പരിഗണിച്ച് ഉടനെ അനുമതി തരാന്‍ സാധിക്കില്ലെന്നും യാത്ര മാറ്റിവെക്കണം എന്നും ദ്വീപ് ഭരണകൂടം അറിയിച്ചിരുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ നിലപാട് ദൗര്‍ഭാഗ്യകരവും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള അവകാശങ്ങളുടെ ലംഘനവുമാണ്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ദ്വീപില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ എംപിമാരെ അനുവദിക്കണമെന്നും സിപിഐഎം ഫേസ്ബുക്കില്‍ കുറിച്ചു.

ദ്വീപിലെ ജനപ്രതിനിധികളും മറ്റും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരെ നേരിട്ട് കാണാനും കാര്യങ്ങള്‍ മനസിലാക്കാനുമാണ് സന്ദര്‍ശനം. അല്ലാതെ വിനോദ സഞ്ചാരികളെപ്പോലെ ദ്വീപില്‍ അങ്ങോളമിങ്ങോളം യാത്രചെയ്യാനല്ല. മാത്രമല്ല, ഈ എംപിമാര്‍ എട്ടുപേരും കോവിഡ് വാക്സിന്‍ എടുത്തവരാണ്. എല്ലാവരും ദ്വീപില്‍ എത്തുന്നതിനു മുന്‍പ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ തയ്യാറുമാണ്. ഈ സാഹചര്യത്തില്‍ ജൂണ്‍ 5ന് മുന്‍പായി ഇടത് എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ദ്വീപ് ഭരണകൂടം അനുമതി നല്‍കണം. അനുമതി നല്‍കാത്തപക്ഷം ശക്തമായ സമരപരിപാടികളോടൊപ്പം നിയമ നടപടികളും സ്വീകരിക്കുമെന്ന് സിപിഐഎം അറിയിച്ചിട്ടുണ്ട്.