‘ഓണ്‍ലൈന്‍ സത്യപ്രതിജ്ഞ ചെയ്ത് സര്‍ക്കാര്‍ മാതൃകയാകണം’; ഐഎംഎയ്ക്ക് പിന്നാലെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ എതിര്‍പ്പുമായി എല്‍ഡിഎഫ് അനുകൂലികളും

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വിര്‍ച്വലായി നടത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് അനുകൂലികളും. സംസ്ഥാനം ലോക്ഡൗണിലൂടെ കടന്നുപോകുമ്പോള്‍ അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ച് കൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് യുക്തിസഹമല്ലെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം അനുകൂല പ്രൊഫൈലുകള്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ രംഗത്തെത്തി. കൊവിഡ് മാനദണ്ഡം പാലിച്ച് സത്യപ്രതിജ്ഞ നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിന് ആലോചിക്കവെയാണിത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 800 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. മെയ് 20നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.

സാധാരണക്കാര്‍ ചടങ്ങുകള്‍ മാറ്റിവെയ്ക്കുമ്പോള്‍ ഇരുനൂറുപേരുടെയോ അഞ്ഞൂറ് പേരുടെയോ ചടങ്ങു നടത്തുന്നത്, എത്ര നിബന്ധനകളോടെ ആണെങ്കിലും നാട്ടില്‍ രണ്ടുതരം പൗരന്മാരുണ്ട് എന്ന അവസ്ഥ സൃഷ്ടിക്കലാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തന്‍ അഭിപ്രായപ്പെട്ടു. ഒരു അടിയന്തിര സംഭവമല്ല സത്യപ്രതിജ്ഞ. അതൊരു ഭരണഘടനാ നടപടിയാണ്. അവര്‍ക്ക് മാത്രമായി നാട്ടില്‍ വേറെ നിയമമില്ല. നാട്ടിലെ എല്ലാ നിയമങ്ങളില്‍നിന്നും ഒഴിവുവാങ്ങി ഒരു മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന്റെ അഭംഗി ബന്ധപ്പെട്ടവര്‍ മനസിലാക്കണം. സെന്‍ട്രല്‍ സ്‌റേഡിയത്തില്‍വച്ച് സത്യപ്രതിജ്ഞ നടത്താനുള്ള പരിപാടി ഉപേക്ഷിക്കണം. അത്യാവശ്യം ഉള്ളവര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായി രാജ്ഭവനില്‍വച്ചുതന്നെ നടത്താം. ഓണ്‍ലൈനായിട്ടു നടത്തുക എന്നതായിരിക്കും ഏറ്റവും മികച്ച കാര്യം. അത് വിപ്ലവകരമായ ഒരു പുതിയ തുടക്കമാകും. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തില്‍പ്പോലും അത് സുഖകരമായ ഒരു പാരസ്പര്യം സൃഷ്ടിക്കും. പുതിയ തുടക്കങ്ങള്‍ ഏറെ ആവശ്യമുണ്ട്. അപ്പോള്‍ ഒഴിവുവാങ്ങി പഴയതിനു പിന്നാലെ പോകുന്നത് ശരിയായ സന്ദേശമായിരിക്കില്ല നല്‍കുന്നതെന്നും മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി.

ഒരു ജനാധിപത്യ സമൂഹത്തില്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പൊതുജനമില്ലെങ്കില്‍ പിന്നെ ആരാണ് ഒരു സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രമുഖര്‍ എന്ന് രാഷ്ട്രീയ നിരീക്ഷകനും സുപ്രീം കോടതി അഭിഭാഷകനുമായ പ്രമോദ് പുഴങ്കര ചോദിച്ചു. വോട്ടവകാശമുള്ള പൗരന് പ്രവേശനമില്ലാത്ത ഒരിടത്ത് അയാളേക്കാള്‍/അവളെക്കാള്‍ വലിയ പ്രമുഖനാരാണ് എന്നത് ജനാധിപത്യത്തിലെ പ്രാഥമികമായ ചോദ്യമായി നാം ഉയര്‍ത്തണം. ഇപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന മന്ത്രിമാരുടെ കുടുംബാംഗങ്ങളൊക്കെ ഈ പൊതുജനത്തില്‍ മാത്രം പെടുന്നവരാണ്. തെരഞ്ഞെടുപ്പിക്കാന്‍ ജനങ്ങളും അധികാരലബ്ധി ആഘോഷിക്കാന്‍ കുടുംബാംഗങ്ങളും മറ്റു പ്രമുഖരും എന്നത് വാസ്തവത്തില്‍ നമ്മുടെ ജനാധിപത്യസമൂഹത്തിന്റെ ഒരു യഥാര്‍ത്ഥ പ്രതിഫലനമാണെങ്കിലും അത് നമുക്ക് മനസിലാകുന്നു എന്നെങ്കിലും പറയണം. നമുക്ക് കടക്കാന്‍ അനുവാദമില്ലാത്ത ഇടങ്ങളില്‍ പിന്നെ ആര്‍ക്കാണ് ക്ഷണം കിട്ടുന്നതെന്നും പ്രമോദ് പുഴങ്കര ഫേസ്ബുക് കുറിപ്പില്‍ ചോദിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃക കാണിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളില്‍ ഒന്നാണ്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ച്ചപ്പാടുകള്‍ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ ആ നിലപാടിനെ നീതീകരിക്കണമെന്നും പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം കൂടി ജനങ്ങള്‍ക്ക് നല്‍കണമെന്നും ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.