‘പറയേണ്ടത് പറഞ്ഞു മറുപടിയും വന്നു, ഇനി ചര്‍ച്ചയില്ല’; വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍; ‘ഗോപിനാഥ് പാര്‍ട്ടി വിടില്ല’

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ പ്രഖ്യാപനത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. പറയേണ്ടതെല്ലാം പറഞ്ഞു, അവയ്ക്കുള്ള മറുപടിയും വന്നു. പുനഃസംഘടനയില്‍ ഇനി ചര്‍ച്ചയില്ലെന്നും സുധാകരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഡി.സി.സി പട്ടികയെച്ചൊല്ലിയുയര്‍ന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഈ വിഷയത്തെക്കുറിച്ചുള്ള പാര്‍ട്ടിയുടെ എല്ലാ അഭിപ്രായങ്ങളും ഇതിനോടകം പ്രകടിപ്പിച്ചുകഴിഞ്ഞു. അതൊരു കഴിഞ്ഞ അധ്യായമാണ്. അതിനി ആവര്‍ത്തിക്കാന്‍ എനിക്ക് താല്‍പര്യമില്ല. പറയേണ്ടതിന് മറുപടി പറഞ്ഞു. പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കി. ഇനി അക്കാര്യങ്ങളില്‍ വീണ്ടും ചര്‍ച്ച നടത്താനുള്ള താല്‍പര്യം ഞങ്ങള്‍ക്കാര്‍ക്കുമില്ല. വിഷയങ്ങള്‍ അവസാനിപ്പിക്കണം, തീര്‍ക്കണം. എല്ലാ ദിവസവും വിവാദ പരാമര്‍ശങ്ങളുമായി മുന്നോട്ടുപോകാന്‍ പാര്‍ട്ടിക്ക് സാധിക്കില്ല. അതുകൊണ്ട് പാര്‍ട്ടിയുടെ ഗുണത്തിന് വേണ്ടി കൂടുതല്‍ ചര്‍ച്ചകളിലേക്ക് പോവേണ്ടെന്നാണ് തീരുമാനം’, സുധാകരന്‍ അറിയിച്ചു.

എ.വി ഗോപിനാഥ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചതിലും അദ്ദേഹം പ്രതികരിച്ചു. ‘പാലക്കാടുള്ള പ്രത്യേക സാഹചര്യത്തില്‍ ഗോപിയെടുത്ത തീരുമാനമാണത്. തീരുമാനത്തെക്കുറിച്ച് അദ്ദേഹം എന്നോട് ചര്‍ച്ച ചെയ്തിരുന്നു. ഗോപിനാഥുമായി തനിക്ക് അടുത്ത ബന്ധമാണുള്ളത്. അങ്ങനെ എന്നെ കയ്യൊഴിയാന്‍ ഗോപിനാഥിന് സാധിക്കില്ല. അതുകൊണ്ട് ഞാന്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ്. പാര്‍ട്ടി വിട്ട് ഗോപിനാഥ് എവിടെയും പോവില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍ സജീവമാക്കാനുള്ള നടപടികളായിരിക്കും കെപിസിസി അധ്യക്ഷന്‍ എന്ന നിലയ്ക്ക് എന്റെ ഭാഗത്തുനിന്നുണ്ടാവുക’.

എ.വി ഗോപിനാഥിനെ വിമര്‍ശിച്ചുള്ള അനില്‍ അക്കരയുടെ പരാമര്‍ശത്തെ സുധാകരന്‍ തള്ളി. അനില്‍ അക്കര അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. അനില്‍ അക്കര എഴുതിയതിന് മറുപടിയായിട്ടാണ്‌ ഗോപിനാഥിന്റെ ചില പരാമര്‍ശങ്ങളുണ്ടായത്. ആ സാഹചര്യമുണ്ടാക്കിയതാണ് തെറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗോപിനാഥിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ‘പിണറായിയുടെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടകാലം കഴിയാം’ എന്ന് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് ‘പിണറായിയുടെ ചെരിപ്പ് നക്കേണ്ടി വന്നാല്‍ അതും അഭിമാനകരം’ എന്ന് ഗോപിനാഥ് തിരിച്ചിടിച്ചിരുന്നു.

നേരത്തെയുണ്ടായിരുന്നതുപോലെ രണ്ട് ചേരിയില്‍നിന്നുവന്ന പേരുകളുടെ സംയോജനമല്ല ഇപ്പോഴത്തെ പാര്‍ട്ടിയെന്നും സുധാകരന്‍ വിശദീകരിച്ചു. ഇതുവരെയും എവിടെയും പ്രത്യക്ഷപ്പെടാത്ത കഴിവും പ്രാപ്തിയുമുള്ള നേതാക്കള്‍ വിവിധ തലങ്ങളിലുണ്ട്. അവരെ കണ്ടുപിടിക്കാനുള്ള സാവകാശം അനിവാര്യമാണ്. ആ സമയം ഹൈക്കമാന്‍ഡ് അനുവദിച്ചിട്ടുണ്ട്. അത് കണക്കിലെടുത്താവും അടുത്ത പ്രഖ്യാപനങ്ങളെന്നും അദ്ദേഹം അറിയിച്ചു.

Also Read: ‘സുധാകരന്‍ ഡയറി കാണിച്ചതില്‍ തെറ്റില്ല, അത് ഓരോരോ ശൈലി’; പിന്തുണച്ച് കെ മുരളീധരന്‍, ‘പ്രായമായവരെ വൃദ്ധസദനത്തിലേക്ക് അയക്കാന്‍ പാടില്ല’

ഗ്രൂപ്പുകളുടെ കാലം അവസാനിച്ചെന്ന കെ മുരളീധരന്‍ എംപിയുടെ വാക്കുകള്‍ കണക്കിലെടുക്കണം. മുരളീധരന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെ നെടുംതൂണുകളിലൊന്നാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അതിന്റേതായ വിലയും നിലയുമുണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപ്രഭാവം കേരള രാഷ്ട്രീയത്തില്‍നിന്ന് അവസാനിക്കരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും സുധാകരന്‍ പറയുന്നു. എന്നും തങ്ങള്‍ക്ക് താങ്ങും തണലുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമുണ്ടാകണമെന്നാണ് വ്യക്തിപരമായി തന്റെ മനസിലെ ആഗ്രഹം. അത് സഫലീകരിക്കാന്‍ അവര്‍ സഹകരിക്കണമെന്നാണ് തനിക്ക് അവരോട് പറയാനുള്ളത്.

പരമാവധി എല്ലാവരെയും സഹകരിപ്പിച്ച് കൊണ്ടുപോവുകയാണ് പൊതുനയം. എന്നാലതിന് വേണ്ടി പാര്‍ട്ടിയുടെ അച്ചടക്കവും സുതാര്യതയും ലംഘിച്ചുകൂടാ. സഹകരിക്കണമെന്നാണ് ഞങ്ങള്‍ എല്ലാ ആളുകളോടും പറയുന്നത്. സഹകരിക്കാതിരിക്കുന്നവരെ സഹകരിപ്പിക്കാനുള്ള മെക്കാനിസമൊന്നും നമ്മുടെ കയ്യിലില്ല. അപേക്ഷിക്കാനും അഭ്യര്‍ത്ഥിക്കാനും മാത്രമേ സാധിക്കുകയുള്ളു. അത് സ്വീകരിക്കാന്‍ സാധിക്കുന്നവര്‍ സ്വീകരിക്കും. ഇത്രയും കാലം പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പൊഴുക്കി പാര്‍ട്ടി ഉണ്ടാക്കിയവര്‍ത്തന്നെ ആ പാര്‍ട്ടിക്ക് ഹാനികരമാവുന്ന നടപടികളിലേക്ക് പോവുന്നത് ഉചിതമാണോ എന്ന് അവരാണ് ആലോചിക്കേണ്ടത്. അങ്ങനെയുണ്ടാവരുതെന്നാണ് സ്‌നേഹത്തോടെ പറയുന്നത്. അതാണ് തങ്ങളുടെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘ചര്‍ച്ച നടത്തിയില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല’, പ്രശ്‌നം രണ്ടാം ചര്‍ച്ചയെന്ന വാക്ക് പാലിക്കാത്തതിലെന്ന് ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസ് സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുമെന്നും ആറ് മാസത്തിനുള്ളില്‍ അത് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. താരിഖ് അന്‍വറിനെ മാറ്റണമെന്നുള്ള ആവശ്യമുയരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് ഹൈക്കമാന്‍ഡിന്റെ തീരുമാനമാണെന്നും കേരളത്തിലെ നേതാക്കള്‍ക്ക് അക്കാര്യത്തില്‍ പങ്കില്ലെന്നും സുധാകരന്‍ അറിയിച്ചു.