‘ബിജെപിയെ കെട്ടുകെട്ടിക്കാന്‍ ഒന്നിച്ചുനിന്നാലോ?’; വാക്‌പോരിനിടെ ഗോവയില്‍ കോണ്‍ഗ്രസിനോട് തൃണമൂല്‍

കൊല്‍ക്കത്ത: ഗോവ നിയമസഭാതെരഞ്ഞെടുപ്പിനെ സംയുക്തമായി നേരിടാമെന്ന ആശയം കോണ്‍ഗ്രസുമായി പങ്കുവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറെക് ഒബ്രിയാന്‍. ബിജെപിയെ പരാജയപ്പെടുത്താന്‍ തൃണമൂലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷത്ത് കോണ്‍ഗ്രസും തൃണമൂലും തുല്യപങ്കാളികളാണല്ലോ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘മാറേണ്ടത് നമ്മുടെ ചിന്താഗതിയാണ്. പ്രതിപക്ഷത്ത് തുല്യപങ്കാളികളാണ് നമ്മള്‍. വാക്കുകള്‍കൊണ്ട് പരസ്പരം പോരടിക്കുന്നതിന് പകരം ഒരുമിച്ച് പോരാടാം. നമ്മള്‍ തമ്മില്‍ യുദ്ധം ചെയ്യേണ്ട ഒരുകാര്യവുമില്ല. ബിജെപിയെ പരാജയപ്പെടുത്തണം എന്ന ഒറ്റലക്ഷ്യം മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ’, ഡെറെക് പ്രസ്താവനയില്‍ പറഞ്ഞു.

ബിജെപിക്കെതിരെ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിച്ചുകൊണ്ടുവരുന്നതുവരെ കാത്തിരിക്കാന്‍ കഴിയില്ലെന്ന ഒരു തൃണമൂല്‍ നേതാവ് സുഖേന്ദു ശേഖര്‍ റായിയുടെ പരാമര്‍ശത്തിന് പിന്നാലെ ഇരുപാര്‍ട്ടി പ്രവര്‍ത്തകരും വാക്‌പോരിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഡെറെകിന്റെ ആഹ്വാനം. അടുത്തവര്‍ഷം നടക്കുന്ന ഗോവ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉദ്ദേശശുദ്ധിയെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഗോവ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാനാണോ തൃണമൂല്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും ചോദിച്ചിരുന്നു.

Also Read: ‘മുസ്ലിംവോട്ട് കിട്ടാന്‍ അഖിലേഷ് യാദവ് സുന്നത്ത് ചെയ്യും’; എസ്പിക്ക് പാക് ചാരസംഘനയുടെ പിന്തുണയെന്ന് യു.പി മന്ത്രി

തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ആറുമാസം പിന്നിട്ടിട്ടും കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യത്തിനായി മുന്നിട്ടിറങ്ങുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ച സുഖേന്ദുവിന്റെ പരാമര്‍ശം. ഒരു നീക്കവുമുണ്ടാകാത്തതുകൊണ്ടാണ് തൃണമൂല്‍ ഒറ്റക്ക് പോരാടാന്‍ തീരുമാനിച്ചതെന്നും സുഖേന്ദു പറഞ്ഞിരുന്നു.