ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നുവീണ് പരുക്കേറ്റ യുവതി മരിച്ചു

കൊല്ലം: തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറയാണ് പുലര്‍ച്ചെ മരിച്ചത്. മെയ് 15നാണ് സംഭവമുണ്ടായത്.

ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലുള്ള അമ്മ നസീമയെ കാണാനെത്തിയതായിരുന്നു നദീറ. രാവിലെ അഞ്ചിനും ഏഴരയ്ക്കും ഇടയിലാണ് ആര്‍സിസിയില്‍ സന്ദര്‍ശകര്‍ക്ക് കിടപ്പുരോഗികളെ കാണാന്‍ അനുവാദമുള്ളത്. അതിരാവിലെ നസീമയുടെ ശസ്ത്രക്രിയക്ക് ശേഷം, അധികൃതര്‍ വിളിച്ചറിയിച്ചതനുസരിച്ച് നദീറ അമ്മയുടെ അടുക്കലേക്ക് പോകുന്നതിനിടെയാണ് അപകടം. കയറിയപാടെ ലിഫ്റ്റ് പൊട്ടി വീഴുകയായിരുന്നു.

ആവര്‍ത്തിച്ച് വിളിച്ചിട്ടും നദീറയെ കാണാതെ വന്നപ്പോള്‍ അധികൃതര്‍ ബന്ധുക്കളെ വിളിച്ചു. അഞ്ച് മണിക്ക് തന്നെ നദീറ അമ്മയെ കാണാനായി അവിടെ എത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ മറുപടി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലിഫ്റ്റ് പൊട്ടിവീണതും ഗുരുതരപരുക്കേറ്റ് നദീറ ലിഫ്റ്റില്‍ കിടക്കുന്നതും കണ്ടത്. തുടയെല്ല് ഒടിഞ്ഞ് തൂങ്ങി, നട്ടെല്ലിനും കഴുത്തെല്ലിനും പരുക്കേറ്റ അവസ്ഥയില്‍ മണിക്കൂറുകളോളം ലിഫ്റ്റില്‍ കിടക്കേണ്ടി വന്നെന്നാണ് വിവരം.

വീണ് കാലിന്റെ എല്ലൊടിഞ്ഞതുകൊണ്ട് പെണ്‍കുട്ടിക്ക് പെട്ടെന്ന് അപകട വിവരം അറിയിക്കാന്‍ കഴിഞ്ഞില്ല. ഫസ്റ്റ് എയ്ഡ് കൊടുത്ത ശേഷം ഇവിടെ ഓര്‍ത്തോ എക്സ്പേര്‍ട്ടൈസ് ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ലിഫ്റ്റ് ടെക്നീഷ്യനെ അന്വേഷണവിധേയമായി സസ്പെന്‍ഡ്
ചെയ്തിരുന്നു.