ആര്‍സിസിയില്‍ ലിഫ്റ്റ് പൊട്ടി വീണ് യുവതിക്ക് ഗുരുതര പരുക്ക്; കാലൊടിഞ്ഞ് കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം

തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ലിഫ്റ്റ് പൊട്ടി വീണ് യുവതിക്ക് ഗുരുതര പരിക്ക്. കൊല്ലം പത്തനാപുരം കുണ്ടയം സ്വദേശിനിയായ നദീറയാണ് (22) തുടയെല്ലിനും നട്ടെല്ലിനും പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്നത്. ഗുരുതര അനാസ്ഥ കാരണമുണ്ടായ അപകടം മറച്ചുവെയ്ക്കാന്‍ ആര്‍സിസി അധികൃതര്‍ ശ്രമിച്ചെന്ന് ആരോപണമുണ്ട്. നദീറ അപകടനില തരണം ചെയ്‌തെന്നും തുടയെല്ലിനേറ്റ ഒടിവിനേത്തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുകയാണെന്നും ആര്‍സിസി അധികൃതര്‍ ന്യൂസ്‌റപ്റ്റിനോട് പ്രതികരിച്ചു.

ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലുള്ള അമ്മ നസീമയെ കാണാനെത്തിയതായിരുന്നു നദീറ. രാവിലെ അഞ്ചിനും ഏഴരയ്ക്കും ഇടയിലാണ് ആര്‍സിസിയില്‍ സന്ദര്‍ശകര്‍ക്ക് കിടപ്പുരോഗികളെ കാണാന്‍ അനുവാദമുള്ളത്. അതിരാവിലെ നസീമയുടെ ശസ്ത്രക്രിയക്ക് ശേഷം, അധികൃതര്‍ വിളിച്ചറിയിച്ചതനുസരിച്ച് നദീറ അമ്മയുടെ അടുക്കലേക്ക് പോകുന്നതിനിടെയാണ് അപകടം. കയറിയപാടെ ലിഫ്റ്റ് പൊട്ടി വീഴുകയായിരുന്നു.

ആവര്‍ത്തിച്ച് വിളിച്ചിട്ടും നദീറയെ കാണാതെ വന്നപ്പോള്‍ അധികൃതര്‍ ബന്ധുക്കളെ വിളിച്ചു. അഞ്ച് മണിക്ക് തന്നെ നദീറ അമ്മയെ കാണാനായി അവിടെ എത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ മറുപടി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലിഫ്റ്റ് പൊട്ടിവീണതും ഗുരുതരപരുക്കേറ്റ് നദീറ ലിഫ്റ്റില്‍ കിടക്കുന്നതും കണ്ടത്. തുടയെല്ല് ഒടിഞ്ഞ് തൂങ്ങി, നട്ടെല്ലിനും കഴുത്തെല്ലിനും പരുക്കേറ്റ അവസ്ഥയില്‍ മണിക്കൂറുകളോളം ലിഫ്റ്റില്‍ കിടക്കേണ്ടി വന്നെന്നാണ് വിവരം.

നദീറ

സംഭവത്തില്‍ ലിഫ്റ്റ് ടെക്‌നീഷ്യനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് ആര്‍സിസി അധികൃതര്‍ പറഞ്ഞു. ലിഫ്റ്റ് തകരാറിലായിരുന്നോ? അറ്റകുറ്റപ്പണി നടത്തുകയായിരുന്നെങ്കില്‍ എന്തുകൊണ്ട് അപകട സൂചന വെയ്ക്കുകയോ, പൂട്ടിയിടുകയോ ചെയ്തില്ല? എത്ര ഉയരത്തില്‍ നിന്നാണ് വീണത്? യുവതി എത്ര നേരം പരുക്കേറ്റ് ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ആര്‍സിസി വ്യക്തമായ മറുപടി നല്‍കിയില്ല.

ആര്‍സിസി ന്യൂസ്‌റപ്റ്റിനോട് പറഞ്ഞത്

“നദീറ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സയിലാണ്. ചില പരിശോധനകള്‍ കൂടി നടത്തിയ ശേഷം സര്‍ജറി നടത്താനാണ് തീരുമാനം. ലിഫ്റ്റ് ടെക്‌നീഷ്യന്റെ ഭാഗത്ത് നിന്ന് ശ്രദ്ധക്കുറവുണ്ടായോ എന്ന സംശയത്തില്‍ അദ്ദേഹത്തെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ബാക്കി വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. വീണ് കാലിന്റെ എല്ലൊടിഞ്ഞതുകൊണ്ട് പെണ്‍കുട്ടിക്ക് പെട്ടെന്ന് അപകട വിവരം അറിയിക്കാന്‍ കഴിഞ്ഞില്ല. ഫസ്റ്റ് എയ്ഡ് കൊടുത്ത ശേഷം ഇവിടെ ഓര്‍ത്തോ എക്‌സ്‌പേര്‍ട്ടൈസ് ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

വീഴ്ച്ചയ്ക്ക് കാരണമെന്താണെന്നും എത്ര ഉയരത്തില്‍ നിന്നാണ് വീണതെന്ന കാര്യവും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. രണ്ടര മണിക്കൂര്‍ പരുക്കേറ്റ് കിടന്നോ എന്ന വിവരവും ഇപ്പോള്‍ പറയാനാകില്ല.

നദീറ അപകടനില തരണം ചെയ്തു. നട്ടെല്ലിനേറ്റ പരുക്ക് ഗുരുതരമാണോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നദീറയുടെ കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ആരോഗ്യനില കൂടുതല്‍ മെച്ചപ്പെടുമെന്നാണ് ഡിപ്പാര്‍ട്‌മെന്റിലെ ഡോക്ടറെ കണ്ടപ്പോള്‍ അറിഞ്ഞത്.”