മമ്മൂട്ടി, പെല്ലിശ്ശേരി, എസ് ഹരീഷ്; അനന്തരത്തിനും അമരത്തിനും ശേഷം മമ്മൂട്ടി-ആശോകന്‍ കോംബോയും

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ വേളാങ്കണ്ണിയില്‍ ഷൂട്ട് തുടങ്ങി. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘മമ്മൂട്ടി കമ്പനി’ എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ ചിത്രം കൂടിയാണിത്. ലിജോയുടെ ‘ആമേന്‍ മൂവി മൊനാസ്ട്രി’ നിര്‍മ്മാണത്തില്‍ പങ്കാളിയാകും.

തമിഴ്‌നാട് പശ്ചാത്തലമായൊരുക്കുന്ന ചിത്രത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അശോകന്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ക്ലാസിക്കുകളായ ‘അനന്തരം’, ‘യവനിക’, ‘അമരം’, ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അശോകനും സ്‌ക്രീന്‍ പങ്കിടുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇരുവരും ഒരുമിച്ചെത്തിയപ്പോളെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് ഉഗ്രന്‍ പ്രകടനങ്ങള്‍ ആസ്വദിക്കാനായിട്ടുണ്ട്.

മലയാള സിനിമയിലെ മാസ്റ്റര്‍ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, കെ ജി ജോര്‍ജ്, ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരുടെ പ്രിയ നടനായിരുന്നു അശോകന്‍. ഇടക്കാലത്ത് അശോകന്റെ പ്രതിഭ വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടാതെ പോയി. ലിജോ ചിത്രത്തിലെ അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തിലൂടെ നടന്റെ വന്‍ തിരിച്ചുവരവ് ചലച്ചിത്ര ആസ്വാദകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് പങ്കുവെച്ച ചിത്രം

പഴനിയാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രധാന ലൊക്കേഷന്‍. 40 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തീകരിക്കാനാണ് ശ്രമം. ഛായാഗ്രഹണത്തില്‍ എപ്പോഴും പുതുമ പരീക്ഷിക്കാറുള്ള ലിജോ ഇത്തവണ തേനി ഈശ്വറിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. തരമണി, പേരന്‍പ്, പാവ കഥകള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് തേനി ഈശ്വര്‍. മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും ഒരുമിക്കുന്ന പുഴുവിന്റെ ക്യാമറയും തേനി ഈശ്വറാണ് ചെയ്യുന്നത്.

ആവിഷ്‌കാരത്തില്‍ തനത് പരീക്ഷണാത്മകശൈലിയും പുതുമയും നിലനിര്‍ത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിക്കൊപ്പം ചേരുന്നത് സിനിമ ആസ്വാദകരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്. എസ് ഹരീഷിന്റെ കഥയില്‍ ലിജോ ഒരുക്കിയ ‘ജല്ലിക്കെട്ട്’ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. വിവിധ മേളകളില്‍ ചിത്രത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തു. എസ് ഹരീഷിന്റെ തിരക്കഥയില്‍ ലിജോ സംവിധാനം ചെയ്ത ചുരുളി ഇതുവരെ തിയേറ്ററുകളിലെത്തിയിട്ടില്ല. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം നേടുകയുണ്ടായി. ചുരുളി ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ സ്ട്രീം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.