‘ലോക്ഡൗണിന് ശേഷം മദ്യവില്‍പന കുറഞ്ഞു’; ബിയര്‍ വില്‍പന പകുതിയിടിഞ്ഞെന്ന് എം.വി ഗോവിന്ദന്‍ നിയമസഭയില്‍

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിന് ശേഷം കേരളത്തില്‍ മദ്യവില്‍പന കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. ലോക്ഡൗണിന് മുമ്പ് 2016-17ല്‍ 205.41 ലക്ഷം കെയ്‌സ് മദ്യവും 150.13 ലക്ഷം കെയ്‌സ് ബിയറും വിറ്റു. എന്നാല്‍, ലോക്ഡൗണ്‍ പ്രഖ്യാപിച്ച 2020-21ല്‍ ഇത് 187.22 ലക്ഷവും 72.40 ലക്ഷവുമായി കുറഞ്ഞെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ബിയര്‍ വില്‍പന പകുതിയിലധികമായി കുറഞ്ഞു. മദ്യവില്‍പയില്‍നിന്നും വരുമാനം ലഭിച്ചത് നികുതി കൂട്ടിയതുകൊണ്ടാണ്. ഉപഭോഗം കുറഞ്ഞാലും വര്‍ധിച്ച നികുതിയിലൂടെ വരുമാനം കൂടി. മദ്യശാലകള്‍ പൂട്ടുന്നതുകൊണ്ട് ഉപഭോഗം കുറയില്ല. പുതിയ മദ്യവില്‍പന ശാലകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. എം.കെ മുനീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു എക്‌സൈസ് മന്ത്രി.

മദ്യനിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് സര്‍ക്കാര്‍ നയം. ബോധവല്‍ക്കരണത്തിലൂടെ ഉപഭോഗം കുറയ്ക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത്‌ ലഹരി ഉപയോഗം കൂടിയതായും മന്ത്രി പറഞ്ഞു. ലഹരി കേസുകളുടെ എണ്ണം വര്‍ധിച്ചത് ഇതാണ് സൂചിപ്പിക്കുന്നത്. ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് പിടിച്ചെടുക്കുന്ന മയക്കുമരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ്. ഈ അളവ് പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.