എവി ഗോപിനാഥ് കെപിസിസി ഭാരവാഹി പട്ടികയില്‍; വി.ടി ബല്‍റാമും ജ്യോതി വിജയകുമാറും പത്മജയും ഇടം നേടി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങി നില്‍ക്കുന്ന മുന്‍ പാലക്കാട് ഡിസിസി അദ്ധ്യക്ഷനും മുന്‍ എംഎല്‍എയുമായ എവി ഗോപിനാഥ് കെപിസിസി ഭാരവാഹി പട്ടികയില്‍ ഇടം നേടി. വി.ടി ബല്‍റാമും ജ്യോതി കുമാറും പത്മജ വേണുഗോപാലും പുതിയ ഭാരവാഹികളുടെ നിരയിലുണ്ട്.

വൈസ് പ്രസിഡണ്ട് സ്ഥാനത്ത് വനിതകളാരുമില്ലെന്നാണ് സൂചന. മൂന്ന് വൈസ് പ്രസിഡണ്ടുമാരാണുണ്ടാവുക. രമണി പി നായര്‍, ദീപ്തി മേരി വര്‍ഗീസ്, ഫാത്തിമ റോഷ്‌ന എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാവും. പത്മജയെ നിര്‍വ്വാഹക സമിതിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കെ ശിവദാസന്‍നായര്‍, അനില്‍ അക്കര, വി.പി സജീന്ദ്രന്‍, എംഎം നസീര്‍, പി.കെ ജയലക്ഷ്മി, ജ്യോതികുമാര്‍ ചാമക്കാല, സുമ ബാലകൃഷ്ണന്‍, കെ മോഹന്‍കുമാര്‍, പി.ടി അജയ് മോഹന്‍ എന്നിവരും പട്ടികയിലുണ്ടെന്നാണ് വിവരം.

കെപിസിസി പട്ടികയില്‍ താനും ഉമ്മന്‍ ചാണ്ടിയും ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ഒറ്റക്കെട്ടായി പോവേണ്ട സാഹചര്യമാണിപ്പോള്‍. ലിസ്റ്റ് ചോദിച്ചപ്പോള്‍ അത് നല്‍കി. അല്ലാതെ തങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പട്ടിക വൈകിയെന്ന വാദം തെറ്റാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

51 അംഗ പട്ടികയാണ് ഹൈക്കമാന്‍ഡിന് കൈമാറിയിട്ടുള്ളത്. വൈസ് പ്രസിഡണ്ടുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ പട്ടികയാണ് നല്‍കിയിരിക്കുന്നത്. സെക്രട്ടറിമാരുടെ പട്ടിക പിന്നീട് കൈമാറും.