എല്‍ജെഡി പിളര്‍പ്പിലേക്ക്?; ശ്രേയാംസ് കുമാര്‍ രാജിവെയ്ക്കണമെന്ന് വിമതവിഭാഗം, കഴമ്പില്ലെന്ന് മറുപടി; ഇടപെടില്ലെന്ന് കോടിയേരി

കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ജെഡിയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ രൂക്ഷമാകുന്നു. പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വിമത വിഭാഗം പരസ്യമായി രംഗത്തെത്തി. ശ്രേയാംസ് കുമാര്‍ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും രാജ്യസഭാ സീറ്റ് നിലനിര്‍ത്താന്‍ മറ്റ് നേതാക്കളെ തഴയുകയാണെന്നും ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിമതപക്ഷത്തെ നേതാവ് ഷെയ്ഖ് പി ഹാരിസ് ആരോപിച്ചു. സീറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത ആളാണ് ആരോപണമുന്നയിക്കുന്നതെന്നും എല്‍ജെഡി പിളരില്ലെന്നുമുള്ള മറുവാദമുന്നയിച്ച് ശ്രേയാംസ് കുമാറും രംഗത്തെത്തിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും പരസ്യപോരിലേക്ക് കടന്നത് പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമായതിന്റെ പ്രതിഫലനമാണെന്നാണ് വിലയിരുത്തല്‍.

ശ്രേയാംസ് കുമാര്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുവെന്നും കമ്മിറ്റികളില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നുവെന്നുമാണ് വിമത വിഭാഗത്തിന്റെ പ്രധാന ആരോപണം. മത്സരിച്ച മണ്ഡലത്തിലും മണ്ഡലം പ്രതിനിധാനം ചെയ്യുന്ന ജില്ലകളിലും സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പ് അവലോകനം നടത്തണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍, അത്തരത്തിലൊരു യോഗം ചേരുകയോ വിശദമായ തെരഞ്ഞെടുപ്പ് അവലോകനം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഷെയ്ഖ് പി ഹാരിസും സുരേന്ദ്രന്‍ പിള്ളയും കുറ്റപ്പെടുത്തി.

‘അധ്യക്ഷന്‍ രാജ്യസഭാംഗമായിരിക്കെ നിയമസഭയില്‍ മത്സരിക്കില്ലെന്നായിരുന്നു ഞങ്ങളെല്ലാം കരുതിയിരുന്നത്. എന്നാല്‍ നിയമസഭയിലേക്കും അദ്ദേഹം മത്സരിക്കാന്‍ തീരുമാനിച്ചു. ഒരുഭാഗത്ത് ജനാധിപത്യപരമല്ലാത്ത പ്രവര്‍ത്തനം നല്‍കുക, മറുഭാഗത്ത് പ്രസിഡന്റുതന്നെ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ വിഭാഗീയ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമാണ് ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ക്ക് കത്ത് നല്‍കും. ഞങ്ങളാണ് യഥാര്‍ത്ഥ എല്‍ജെഡി എന്നും ഞങ്ങളുടെ പ്രതിനിധികളെയാണ് യോഗങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതെന്നും എല്‍ഡിഎഫിനെയും മറ്റ് ഘടകകക്ഷി നേതാക്കളെയും നേരിട്ടറിയിക്കും’, ഷെയ്ഖ് പി ഹാരിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് വിടാന്‍ 2018ല്‍ ഔദ്യോഗിക തീരുമാനമുണ്ടാകുന്നതിന് മുമ്പുതന്നെ ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തുകയും ചില കരാറുകളുണ്ടാക്കുകയും ചെയ്‌തെന്നും ആരോപണമുണ്ട്. ആ കരാറുകളുടെ അടിസ്ഥാനത്തിലാണ് ശ്രേയാംസ് കുമാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കല്‍പറ്റ സീറ്റുമായി ബന്ധപ്പെട്ടും ശ്രേയാംസ് കുമാര്‍ ചില രഹസ്യ ധാരണകളിലെത്തിയിരുന്നു. സീറ്റിനുവേണ്ടി അദ്ദേഹം വാശി പിടിച്ചു. അതുകൊണ്ടാണ് പാര്‍ട്ടിയിലെ പല നേതാക്കളും അവഗണിക്കപ്പെട്ടത്. പാര്‍ട്ടിയുടെ അഭിമാന സീറ്റായിരുന്ന കല്‍പറ്റയില്‍ വലിയ പരാജയമേറ്റുവാങ്ങി തുടങ്ങിയ ആരോപണങ്ങളാണ് വിമതര്‍ മുന്നോട്ടുവെക്കുന്നത്. നവംബര്‍ 20ന് മുമ്പ് ശ്രേയാംസ് കുമാര്‍ രാജി വെച്ചില്ലെങ്കില്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.

എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജിന്റെയും ദേശീയ നേതാവ് ശരദ് യാദവിന്റെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വിമതര്‍ അവകാശപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിയും തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ ശ്രേയാംസ് കുമാര്‍ തയ്യാറാവുന്നില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ശ്രേയാംസ് കുമാറിന്റേത് ഏകാധിപത്യ ശൈലിയാണെന്ന ഗുരുതര കുറ്റപ്പെടുത്തലും ജില്ലയിലെ ചില നേതാക്കളും ഒരു വിഭാഗം പ്രവര്‍ത്തകരും ഉന്നയിച്ചിരുന്നു.

വിമത വിഭാഗത്തിന്റെ ആരോപണം അപ്പാടെ തള്ളിയാണ് ശ്രേയാംസ് കുമാറിന്റെ പ്രതികരണം. വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നത് ഷെയ്ഖ് പി ഹാരിസാണെന്ന് അദ്ദേഹം ആരോപിച്ചു. ഇടതുമുന്നണി എല്‍ജെഡിക്ക് നാല് സീറ്റ് വാഗ്ദാനം ചെയ്തിരുന്നില്ല. താന്‍ പുറത്തുപോകണോ എന്ന കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന കൗണ്‍സിലും കമ്മിറ്റിയുമാണ്. 76 അംഗ കമ്മിറ്റിയിലെ ഒമ്പതുപേര്‍ മാത്രമാണ് ആരോപണമുന്നയിച്ചതെന്നും ശ്രേയാംസ് കുമാര്‍ ചൂണ്ടിക്കാട്ടി. നിയമസഭാ സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എല്‍ജെഡി പിളരില്ലെന്നും ശ്രേയാംസ് വാദിച്ചു.

എല്‍ജെഡിയിലേത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും പരിഹാരം അവര്‍ തന്നെ കണ്ടെത്തുമെന്ന നിലപാടിലാണ് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ആ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎന്‍എല്ലിലെ വിള്ളലിന് തൊട്ടുപിന്നാലെയാണ് എല്‍ഡിഎഫിലെ മറ്റൊരു ഘടകകക്ഷിയിലും ആഭ്യന്തര കലഹം രൂക്ഷമാകുന്നതെന്നും ശ്രദ്ധേയമാണ്. കലഹങ്ങളുമായി മുന്നണിയില്‍ തുടരാനാവില്ലെന്നായിരുന്നു ഐഎന്‍എല്ലിനോട് എല്‍ഡിഎഫ് കടുപ്പിച്ച് പറഞ്ഞത്. ആ സമീപനം തന്നെയാവുമോ എല്‍ജെഡിയോടും സ്വീകരിക്കുക എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.