പ്രവാസികള്‍ക്ക് കുറഞ്ഞ പലിശക്ക് വായ്പ; 1000 കോടി വകയിരുത്തി, പലിശ ഇലവ് നല്‍കുന്നതിന് വേണ്ടി 25 കോടി വകയിരുത്തി

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കുറഞ്ഞ പലിശക്ക് 1000 കോടി രൂപ വായ്പ നല്‍കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പലിശ ഇളവ് നല്‍കുന്നതിനായി 25 കോടി രൂപയും വകയിരുത്തിട്ടുണ്ട്.

കെഎഫ്‌സിയുടെ വായ്പ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 10000 കോടിയായി ഉയര്‍ത്തും. ഈ വര്‍ഷം 4500 കോടി രൂപയുടെ പുതിയ വായ്പ കെഎഫ്‌സി അനുവദിക്കും. കെഎഫ്‌സിയില്‍ നിന്ന് വായ്പ എടുത്ത് 2020 മാര്‍ച്ച് വരെ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇത്തരം സംരംഭകര്‍ക്ക് 20 ശതമാനം വായ്പ കൂടി അധികമായി നല്‍കും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയം അനുവദിക്കും.

ആയുഷ് വകുപ്പിന് 20 കോടി അനുവദിക്കും. വിനോദസഞ്ചാര മേഖലക്ക് മാര്‍ക്കറ്റിങിന് 50 കോടി രൂപ അധികമായി വകയിരുത്തി. ടൂറിസം പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ അനുവദിക്കുന്നു.

വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കും. കൊവിഡ് കാരണം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായത്തിനായി 5 കോടി രൂപ വകയിരുത്തി. കെആര്‍ ഗൗരിയമ്മക്കും ആര്‍ ബാലകൃഷ്ണപ്പിള്ളക്കും സ്മാരകം നിര്‍മ്മിക്കുന്നതിന് രണ്ട് കോടി വീതം വകയിരുത്തി.