കണ്ണൂരിൽ കെ റെയിൽ കല്ലുകൾ പിഴുതെറിഞ്ഞു; മരണം വരെ സമരമെന്ന് മാടായിപ്പാറ സംരക്ഷണ സമിതി

കണ്ണൂർ മാടായിപ്പാറയിൽ കെ റെയിൽ പദ്ധതിക്കായി സ്ഥാപിച്ചിരുന്ന അതിരടയാള കല്ലുകൾ പിഴുതെറിഞ്ഞ് പ്രദേശവാസികൾ. മാടായിക്കാവ് കല്ലുവളപ്പിൽ ഇട്ടിരുന്ന അടയാളക്കല്ലുകളാണ് പിഴുതുമാറ്റിയത്. കല്ല് പുനസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തുകയാണെകിൽ തടയുമെന്നും സമരസമിതി അംഗങ്ങൾ പറഞ്ഞു. കണ്ണൂർ ജില്ലയിൽ നിന്നും കെ റെയിൽ സാമൂഹിക ആഘാത പഠനം ആരംഭിക്കാൻ സർക്കാർ വിഞ്ജാപനം ഇറങ്ങിയ സാഹചര്യത്തിലാണ് പ്രതിഷേധം കനക്കുന്നത്.

കല്ലുകൾ പിഴുതെറിയുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞ മാടായിപ്പാറ സംരക്ഷണ സമിതി നേതാക്കൾ അത് പുനസ്ഥാപിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. മരണം വരെയും സമരം ചെയ്യുമെന്ന നിലപാടിലാണ് സമിതി.

‘പൊതുജനങ്ങൾക്ക് വലിയ എതിർപ്പുള്ള പദ്ധതിയായതിനാൽ പൊതുജനങ്ങളിൽ ആർക്കും കല്ല് തകർക്കാവുന്നതാണ്. ഇതിൽ ഞങ്ങൾക്ക് ബന്ധമില്ലെങ്കിലും ഇത് നിയമവിരുദ്ധമായി സ്ഥാപിച്ചതാണെന്നത് ഹൈക്കോടതി വിധി ഉണ്ടായിട്ടുണ്ട്. 1961ലെയും 1964ലെയും ഭൂസർവ്വേയുമായി ബന്ധപ്പെട്ട രണ്ട് നിയമങ്ങളിലെ വകുപ്പുകൾക് എതിരായിട്ടാണ് കല്ലിട്ടത്,’ എന്നാണ് മാടായിപ്പാറ സംരക്ഷണ സമിതി സെക്രട്ടറി ചന്ദ്രാംഗദൻ അഭിപ്രയപ്പെടുന്നത്.

കല്ലിടൽ സമയത്ത് പ്രതിഷേധിച്ച ചന്ദ്രാംഗദൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്‌ത്‌ നീക്കിയായിരുന്നു പ്രക്രിയ പൂർത്തിയാക്കിയത്. കെ റെയിൽ മുദ്ര പതിപ്പിച്ച പത്തോളം കല്ലുകളാണ് ഇവിടെ സ്ഥാപിച്ചത്.

ALSO READ: കെ റെയില്‍ പദ്ധതി: വിത്തെടുത്ത് കുത്തി വാങ്ങുന്ന പാരിസ്ഥിതിക ദുരന്തം

കണ്ണൂർ നഗരത്തിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് 600 മീറ്റർ വിസ്‌തൃതിയിലുള്ള മാടായിപ്പാറ. കണ്ണൂര്‍ ജില്ലയിലെ ജൈവവൈവിധ്യ പൈതൃക മേഖലയിൽ ഒന്നാണ് ഇത്. കുപ്പം, രാമപുരം, പെരുവമ്പാ നദികളാലും പരിസ്ഥിതി ലോലമായ കവ്വായി കായലാലും ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ഇത്. സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ അനുസരിച്ച് മാടായിപ്പാറ 657 സസ്യങ്ങളുടേയും 142 ചിത്രശലഭങ്ങളുടേയും 186 പക്ഷികളുടേയും 60 തരം തുമ്പികളുടേയും ആവാസസ്ഥലമാണ്. ഉരഗ വര്‍ഗത്തില്‍ പെട്ട 24 സ്പീഷിസുകള്‍ക്കും അപൂര്‍വ്വയിനത്തില്‍പെട്ടതും വംശനാശം നേരിടുന്നതുമായ 19 തരം ഉഭയജീവികള്‍ക്കും മാടായിപ്പാറ പാര്‍പ്പിടമാണ്. കണ്ണൂരിന്റെ ആകെ വിസ്തൃതിയില്‍ 0.01 ശതമാനം മാത്രമുള്ള ഈ ചെങ്കല്‍കുന്നാണ് ജില്ലയിലെ 58.75 ശതമാനം സസ്യജാലങ്ങള്‍ക്ക് അഭയമൊരുക്കുന്നത്.

മാടായിപ്പാറക്ക് താഴ്ഭാഗത്തുകൂടി തുരങ്കം നിർമിച്ചായിരിക്കും കെ റെയിൽ കടന്നുപോകുക എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇത് അസാധ്യമാണെന്നാണ് സമരസമിതിയുടെ വാദം.

‘സർക്കാർ നുണ പറയുകയാണ്. സമുദ്ര നിരപ്പിൽ നിന്നും കേവലം 30-35 മീറ്റർ ഉയരം മാത്രമാണ് മാടായിപ്പാറക്ക്. ഇവിടെ 25 മീറ്റർ ആഴത്തിൽ തുരങ്കം നിർമ്മിക്കും എന്നുപറഞ്ഞാൽ അത് വിശ്വാസയോഗ്യമല്ല. അത് സാധ്യമല്ല. പാറയുടെ 5-8 മീറ്റർ മാത്രമാണ് കടുപ്പമേറിയ പ്രതലമുള്ളത്. അതിനടിയിൽ പൂർണമായും ഇളകിയ മണ്ണാണുള്ളത്,’ എന്നും സമരസമിതി സെക്രട്ടറി വ്യക്തമാകുന്നു.

കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ ശേഷമാണ്‌ സംഭവം. ഇത്തരത്തിലുള്ള സമരപരിപാടികൾ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്നാണ് കോൺഗ്രസ് നിലപാട്.