കണ്ണൂരിൽ കെ റെയിൽ കല്ലുകൾക്ക് റീത്ത്; പിഴുതുമാറ്റി കൂട്ടിയിട്ട് പ്രതിഷേധം

കണ്ണൂർ മാടായിപ്പാറയിൽ കെ റെയിൽ പദ്ധതിക്കായി സ്ഥാപിച്ചിരുന്ന അതിരടയാള കല്ലുകൾ പിഴുതെടുത്ത് കൂട്ടിയിട്ട് റീത്തുവെച്ച് പ്രദേശവാസികൾ. എട്ട് കല്ലുകളാണ് പിഴുതുമാറ്റിയത്. കെ റെയിൽ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കണ്ണൂരിൽ കല്ലുകൾക്ക് റീത്തുവെച്ചത്.

ദിവസങ്ങൾക്ക് മുൻപ് മാടായിക്കാവ് കല്ലുവളപ്പിൽ ഇട്ടിരുന്ന അടയാളക്കല്ലുകൾ പിഴുതുമാറ്റിയിരുന്നു. കല്ലുകൾ പുനസ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയാൽ അനുവദിക്കില്ലെന്നാണ് മാടായിപ്പാറ സംരക്ഷണ സമിതി യുടെ നിലപാട്.

കെ റെയിൽ എന്ന് എഴുതിയ കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇപ്പോൾ ഇട്ടിരിക്കുന്ന തൂണുകൾ നിയമ വിരുദ്ധമാണെന്നാണ് കോടതിയും അഭിപ്രായപ്പെട്ടിരുന്നത്. ജനങ്ങളെ പോർവിളിച്ചും ഭീഷണിപ്പെടുത്തിയുമാണോ പദ്ധതികൾ നടപ്പാക്കേണ്ടതെന്നും കോടതി ചോദിച്ചു. 1961ലെയും 1964ലെയും ഭൂസർവ്വേയുമായി ബന്ധപ്പെട്ട രണ്ട് നിയമങ്ങളിലെ വകുപ്പുകൾക് എതിരായിട്ടാണ് കല്ലിട്ടത് എന്നാണ് മാടായിപ്പാറ സംരക്ഷണ സമിതി സെക്രട്ടറി ചന്ദ്രാംഗദനും അഭിപ്രയപ്പെടുന്നത്.

ALSO READ: കെ റെയില്‍ പദ്ധതി: വിത്തെടുത്ത് കുത്തി വാങ്ങുന്ന പാരിസ്ഥിതിക ദുരന്തം

കണ്ണൂർ നഗരത്തിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് 600 മീറ്റർ വിസ്‌തൃതിയിലുള്ള മാടായിപ്പാറ. കണ്ണൂര്‍ ജില്ലയിലെ ജൈവവൈവിധ്യ പൈതൃക മേഖലയിൽ ഒന്നാണ് ഇത്. കുപ്പം, രാമപുരം, പെരുവമ്പാ നദികളാലും പരിസ്ഥിതി ലോലമായ കവ്വായി കായലാലും ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ഇത്. സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ അനുസരിച്ച് മാടായിപ്പാറ 657 സസ്യങ്ങളുടേയും 142 ചിത്രശലഭങ്ങളുടേയും 186 പക്ഷികളുടേയും 60 തരം തുമ്പികളുടേയും ആവാസസ്ഥലമാണ്. ഉരഗ വര്‍ഗത്തില്‍ പെട്ട 24 സ്പീഷിസുകള്‍ക്കും അപൂര്‍വ്വയിനത്തില്‍പെട്ടതും വംശനാശം നേരിടുന്നതുമായ 19 തരം ഉഭയജീവികള്‍ക്കും മാടായിപ്പാറ പാര്‍പ്പിടമാണ്. കണ്ണൂരിന്റെ ആകെ വിസ്തൃതിയില്‍ 0.01 ശതമാനം മാത്രമുള്ള ഈ ചെങ്കല്‍കുന്നാണ് ജില്ലയിലെ 58.75 ശതമാനം സസ്യജാലങ്ങള്‍ക്ക് അഭയമൊരുക്കുന്നത്.

മാടായിപ്പാറക്ക് താഴ്ഭാഗത്തുകൂടി തുരങ്കം നിർമിച്ചായിരിക്കും കെ റെയിൽ കടന്നുപോകുക എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇത് അസാധ്യമാണെന്നാണ് സമരസമിതിയുടെ വാദം.

എന്നാൽ സമുദ്ര നിരപ്പിൽ നിന്നും കേവലം 30-35 മീറ്റർ മാത്രം ഉയമുള്ള മാടായിപ്പാറയിൽ 25 മീറ്റർ ആഴത്തിൽ തുരങ്കം നിർമ്മിക്കുക സാധ്യമല്ല എന്നാണ് സമരസമിതി പറയുന്നത്. പാറയുടെ 5-8 മീറ്റർ മാത്രമാണ് കടുപ്പമേറിയ പ്രതലമുള്ളത്. അതിനടിയിൽ പൂർണമായും ഇളകിയ മണ്ണാണുള്ളത് എന്നും സമരസമിതി സെക്രട്ടറി വ്യക്തമാകുന്നു.

കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും നേരത്തെ പ്രഖ്യാപിച്ചിരുന്നു.